മലയാള സിനിമയില്‍ കുടിയന്‍ കഥാപാത്രങ്ങളെ ഇത്രയും സരസമായും ലാഘവത്തോടെയും അവതരിപ്പിക്കുന്ന മോഹന്‍ലാലിനെ പോലെ മറ്റൊരു നടന്‍ ഉണ്ടോ എന്നത് സംശയമാണ്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മോഹന്‍ലാല്‍ പണ്ട് ചെയ്ത് വെച്ച കുടിയന്‍ കഥാപാത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അവസാനം അദ്ദേഹത്തിന്റേതായി പുറത്ത് വന്ന ട്വല്‍ത്ത് മാനിലും കുടിയന്റെ മാനറിസങ്ങള്‍ മോഹന്‍ലാല്‍ ചെയ്യുന്നുണ്ട്.
ട്വല്‍ത്ത് മാനിലെ പൊലീസുകാരനായ ചന്ദ്രശേഖര്‍ മറ്റുള്ളവരെ ശല്യം ചെയ്യുന്ന ഒരു കഥാപാത്രമായാണ് ആദ്യം എത്തുന്നത്. അവിടെ നിന്ന് സിനിമയുടെ കാമ്പിലേക്ക് എത്തുമ്പോള്‍ സെന്‍സിബിള്‍ ആയ, ഇന്റലിജെന്റായ ഒരു പൊലീസുകാരനിലേക്ക് മോഹന്‍ലാല്‍ ആ കഥാപാത്രത്തിനെ കൃത്യമായി തന്നെ കൊണ്ട് വെക്കുന്നുണ്ട്. മുന്‍പ് ചെയ്ത് വെച്ച കള്ള് കുടിയന്‍ ഭാവങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ വന്നിട്ടില്ല എന്നും സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു.
മോഹന്‍ലാല്‍ മുന്‍പ് അവതരിപ്പിച്ച ശ്രദ്ധേയമായ അഞ്ച് കുടിയന്‍ കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ദേവാസുരം
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഐ.വി ശശിയുടെ സംവിധാനത്തില്‍ 1993ല്‍ പുറത്ത് വന്ന ദേവാസുരം. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം ഫ്യൂഡല്‍ മാടമ്പിയായ കള്ള് കുടിച്ച് നടക്കുന്ന നായകനാണ്.
അയാള്‍ കഥ എഴുതുകയാണ്
കമലിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്ത് വന്ന ചിത്രമാണ് അയാള്‍ കഥ എഴുതുകയാണ്. സാഗര്‍ കോട്ടപ്പുറം എന്ന എഴുത്തുകാരന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ കള്ള് കുടിയന്‍ കഥാപാത്രം മലയാളികള്‍ ഇരുകയ്യും നീട്ടി സ്വികരിച്ചതാണ്. മാനറിസങ്ങള്‍ കൊണ്ട് അമ്മാനമാടുന്ന സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ മലയാളികള്‍ക്ക് പരിചയമില്ലാത്ത ഒരു കള്ള് കുടിയനെയാണ് കാട്ടി തരുന്നത്.
ഹലോ
2007ലാണ് റാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ടില്‍ മുഴുനീള കോമഡി ചിത്രമായി ഹലോ എത്തിയത്. കള്ള് കുടിയനായ വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നത്. മുഴുനീള കള്ള് കുടിയനാകുമ്പോള്‍ തന്നെ വക്കീലിന്റെ തന്ത്രങ്ങളും ശിവരാമന്‍ എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നുണ്ട്.
സ്പിരിറ്റ്
വഴിനീളെ ബഹളം വെച്ച് നടക്കുന്ന കള്ള് കുടിയന്‍ എന്ന മലയാളിയുടെ സ്ഥിരം സിനിമാ കാഴ്ചകളില്‍ നിന്നും മാറിനില്‍ക്കുന്ന ഇന്റലക്ച്വല്‍ കള്ള് കുടിയന്‍ ആയിരുന്നു സ്പിരിറ്റിലെ രഘുനന്ദന്‍. കള്ള് കുടിയുടെ എല്ലാ വശങ്ങളേയും മോഹന്‍ലാല്‍ രഘുനന്ദനില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. കള്ള് കുടിയന്‍ ആയിരിക്കുമ്പോഴുള്ള മാനസികാവസ്ഥയും അത് ഉപേക്ഷിച്ചതിന് ശേഷമുള്ള ജീവിതവും എല്ലാം വ്യക്തമായി തന്നെ രഘുനന്ദനില്‍ കാണാന്‍ കഴിയും. മോഹന്‍ലാല്‍ അന്നേവരെ ചെയ്ത കുടിയന്‍ കഥാപാത്രങ്ങളില്‍ നിന്നും വിഭിന്നമായി മറ്റൊരു തലത്തില്‍ നില്‍ക്കുന്ന കഥാപാത്രമായിരുന്നു രാഘുനന്ദന്‍.
ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍
ഇത്രയും ഹിറ്റ് കള്ള് കുടിയന്‍ കഥാപാത്രങ്ങള്‍ മോഹന്‍ലാലിന്റെ പേരില്‍ ഉള്ളപ്പോഴും പരാജയമായ മോഹന്‍ലാല്‍ ചിത്രങ്ങളിലും കുടിയന്‍ കഥാപാത്രങ്ങള്‍ ഉണ്ട് അത്തരത്തില്‍ ഒരു കഥാപാത്രമാണ് ലേഡീസ് ആന്‍ഡ് ജെന്റില്‍ മാനിലെ ചന്ദ്രബോസ്. ഭാര്യ മരിച്ച വിഷമത്തില്‍ കുടിക്കാന്‍ തുടങ്ങിയ ആളാണ് ചന്ദ്ര ബോസ്. സിനിമ പരാജയമായെങ്കിലും മോഹന്‍ലാലിന്റെ കുടിയന്‍ കഥാപാത്രത്തിന് പ്രശംസ നേടാന്‍ സാധിച്ചിരുന്നു.
Content Highlight: Five notable alcoholic characters played by Mohanlal before twelth man