| Monday, 26th August 2024, 4:59 pm

ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ രൂപീകരിക്കും: അമിത്ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഡാക്ക്: കേന്ദ്രഭരണപ്രദേശമായ ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായപ്രകാരമാണ് തീരുമാനമെന്ന് അമിത്ഷാ പറഞ്ഞു. വികസിതവും സമൃദ്ധവുമായ ലഡാക്കിനെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ജില്ലകളുടെ രൂപീകരണം.

സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെല്ലാം ജനങ്ങളുടെ വീട്ടുമുറ്റത്തെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ജില്ലകള്‍ ഉണ്ടാക്കുന്നതെന്നാണ് അമിത്ഷാ വാദം. സന്‍സ്‌ക്കര്‍, ദ്രാസ്, ഷാം, നൂബ്ര, ചാങ്തങ് എന്നിവയാണ് രൂപീകരിക്കാനിരിക്കുന്ന അഞ്ച് ജില്ലകള്‍.

‘ഓരോ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്തിക്കൊണ്ട് പുതിയ ജില്ലകള്‍ സൃഷ്ടിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങള്‍ അവരുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കാനാണ്,’ എക്‌സ് പോസ്റ്റില്‍ അമിത്ഷാ പറഞ്ഞു.

ലഡാക്കിലെ ജനങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അമിത്ഷാ പറഞ്ഞു. നിലവില്‍, ലേ, കാര്‍ഗില്‍ എന്നിങ്ങനെ രണ്ട് ജില്ലകളാണുള്ളത്. ഈ സാഹചര്യത്തിലാണ് ലഡാക്കിന് അഞ്ച് ജില്ലകള്‍ കൂടി അനുവദിച്ചത്.

2019 ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീര്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതോടെയാണ് ലഡാക്ക് കേന്ദ്രഭരണ പ്രദേശമാവുന്നത്. അതേ ദിവസം തന്നെയാണ് ജമ്മു കശ്മീരിന് ലഭിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമായതും.

നിലവില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യമാണ്. ജമ്മു കശ്മീരിലുള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ലഡാക്കിന് അഞ്ച് ജില്ലകള്‍ കൂടി അനുവദിച്ചതെന്നത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിനോടുള്ള മനോഭാവത്തിലുള്ള മാറ്റത്തിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: five new districts to be formed in ladakh: union home minister amit shah

We use cookies to give you the best possible experience. Learn more