| Friday, 17th July 2015, 10:35 am

വ്യാപം കുംഭകോണം: സി.ബി.ഐ ഉത്തരം കണ്ടെത്തേണ്ട അഞ്ച് പ്രധാന ദുരൂഹതകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുത്തിരിക്കുകയാണ്. ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട ആദ്യ കേസ് സി.ബി.ഐ ഫയല്‍ ചെയ്തു. നിരവധി ദുരൂഹതകളാണ് സി.ബി.ഐയ്ക്കു മുമ്പിലുള്ളത്.

സി.ബി.ഐ ഉത്തരം കണ്ടെത്തേണ്ട പ്രധാനപ്പെട്ട അഞ്ച് നിഗൂഢതകള്‍ ഇവയാണ്.

1. നമ്രത ദാമര്‍ കേസ്

വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ ഏറ്റവും വലിയ ദുരൂഹതയാണ് നമ്രത ദാമര്‍ എന്ന 19 കാരിയുടെ മരണം. കേസിലെ പ്രധാന ആരോപണവിധേയയും സാക്ഷിയുമാണ് ഈ പെണ്‍കുട്ടി.

ഗ്വാളിയോര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടുന്നതിനായി നിയമവിരുദ്ധമായ മാര്‍ഗം തേടിയെന്ന ആരോപണമാണ് അവര്‍ക്കെതിരെയുള്ളത്. 2012 ജനുവരി ഏഴിനാണ് ദുരൂഹ സാഹചര്യത്തില്‍ നമ്രത മരിച്ചത്.

നമ്രത ഡിപ്രഷന്‍ അനുഭവിച്ചിരുന്നെന്നും അതിനാല്‍ ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പോലീസ് നിഗമനം. നമ്രതയെ പരിശോധിച്ച രണ്ട് ഡോക്ടര്‍മാരും  മരണകാരണം സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടുകള്‍ വ്യത്യസ്തമാണെന്നത് മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

ഈ കേസുമായി ബന്ധമുള്ള പല പ്രധാന കാര്യങ്ങളും അറിയാവുന്നയാളെന്ന നിലയില്‍ നമ്രത കൊല്ലപ്പെട്ടതാണെന്നാണ് പലരും വിശ്വസിക്കുന്നത്. ഈ വിഷയത്തില്‍ സത്യാവസ്ഥ കണ്ടെത്തേണ്ടത് ഇനി സി.ബി.ഐയുടെ ചുമതലയാണ്.

2. മരണങ്ങള്‍

ഇന്‍ഡോര്‍ ജില്ലാ ജയിലിലെ നരേന്ദ്ര തോമറിന്റെയും ടി.വി റിപ്പോര്‍ട്ടര്‍ അക്ഷയ് സിങ്ങിന്റെയും മരണകാരണം ഒരുപോലെ ദുരൂഹമാണ്. 2015 ജൂണ്‍ 29നാണ് നരേന്ദ്ര തോമര്‍ മരിച്ചത്. 2015 ജൂലൈ 4നാണ് അക്ഷയ് സിങ് മരിച്ചത്. ഇതിനു പുറമേ ആരോപണവിധേയരായ എട്ടുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 13 പേര്‍ റോഡപകടങ്ങളില്‍ മരിച്ചു, ഒമ്പതുപേരുടെ മരണം ഏറെ ദുരൂഹമാണ്. തീക്കൊളുത്തിയുള്ള ഒരു മരണവും. ഇതിന്റെയെല്ലാം ചുരുളഴിക്കുകയെന്നത് സി.ബി.ഐയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ്.

3. വ്യാപത്തിലെ അഗ്നിബാധ

വ്യാപം അഴിമതി വാര്‍ത്തകള്‍ പുറത്തുവന്നതിനെ തൊട്ടുപിന്നാലെ വ്യാപം ഓഫീസില്‍ ഒരു അഗ്നിബാധയുണ്ടായി. അഗ്നിബാധയ്ക്കുശേഷം ഒരു ഡിസ്‌ക് മായ്ക്കപ്പെട്ടതായും ചില രേഖകള്‍ കാണാതായതായും എസ്.ടി.എഫ് പറയുന്നു. എന്തായിരുന്നു അഗ്നബാധയ്ക്കു കാരണം, ആരെങ്കിലും മനപൂര്‍വ്വം സൃഷ്ടിച്ചതാണോ ഇത് എന്നീ ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്.

4. ലക്ഷ്മികാന്ത് ശര്‍മയുടെ മൗനം

മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മ വ്യാപം കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. അഴിയ്ക്കുള്ളിലായിട്ടും അദ്ദേഹം ഇതുവരെ കേസിലുള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തെ കൃത്യമായി ചോദ്യം ചെയ്തിരുന്നോ എന്നതാണ് ഈ കേസുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റൊരു ചോദ്യം.

5 അറ്റുപോയ കണ്ണികള്‍

കേസുമായി ബന്ധപ്പെട്ട് വെറും 20 പേരാണ് ഇപ്പോള്‍ ജയിലില്‍ ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് വിവിധ സെന്ററുകളിലായി പരീക്ഷയ്‌ക്കെത്തിയ 200 ഓളം പേര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്നാണ്. അവരൊക്കെ ഇപ്പോള്‍ എവിടെയാണ്?

We use cookies to give you the best possible experience. Learn more