പാട്ന: നീറ്റ് ക്രമക്കേടില്‍ ബീഹാറില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി വര്‍ധിച്ചു. മെയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.
നളന്ദ സ്വദേശികളായ ബല്‍ദേവ് കുമാര്‍, മുകേഷ് കുമാര്‍, പങ്കു കുമാര്‍, രാജീവ് കുമാര്‍, പരംജീത് സിങ് എന്നിവരാണ് അറസ്റ്റിലായത്. ബല്‍ദേവ് കുമാറിന് ഡ്യൂപ്ലിക്കേറ്റ് മൊബൈല്‍ സിമ്മും ഫോണും താമസസൗകര്യവും നല്‍കി സഹായിച്ചതിനാണ് രാജീവ് കുമാര്‍, പങ്കു കുമാര്‍, പരംജീത് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനം എത്തിച്ച് നല്‍കിയതിനാണ് മുകേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്.
ലൂതന്‍ മുഖിയ സംഘവുമായി ബന്ധമുള്ള ബല്‍ദേവ് കുമാറിന് നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ പരീക്ഷയ്ക്ക് മുമ്പായി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Also Read:ചോദ്യപേപ്പർ ചോർച്ച, ട്രെയിൻ അപകടം; കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി ധ്രുവ് റാഠി
തുടര്‍ന്ന് ബല്‍ദേവും കൂട്ടരും ബീഹാറിലെ രാം കൃഷ്ണ നഗറിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ അച്ചടിച്ച് നല്‍കുകയായിരുന്നു.
നേരത്തെ ബീഹാറില്‍ നിന്ന് അറസ്റ്റിലാക്കപ്പെട്ട നിതീഷ് കുമാറും അമിത് ആനന്ദും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ രാം കൃഷ്ണ നഗറിലെത്തിച്ചത്.
ചോര്‍ന്ന ചോദ്യപേപ്പര്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നാണ് മുഖിയ സംഘത്തിന് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നീറ്റ് പുനഃപരീക്ഷയില്‍ പകുതിയോളം വിദ്യാര്‍ത്ഥികള്‍ ഹാജരായില്ല. 1563 വിദ്യാര്‍ത്ഥികളില്‍ 813 പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. ഗുജറാത്തിലും ചണ്ഡീഗഡിലും ഒരു വിദ്യാര്‍ത്ഥി പോലും പരീക്ഷക്കെത്തിയില്ല. ചോര്‍ന്ന ചോദ്യപേപ്പര്‍ കണ്ടെടുത്ത സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. ഇതിനുപുറമെ രാജ്യത്താകമാനം നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയ 63 വിദ്യാര്‍ത്ഥികളെ എന്‍.ടി.എ ഡീബാര്‍ ചെയ്യുകയുമുണ്ടായി.
Content Highlight: Five more people arrested in Bihar in NEET irregularities