ഇറാഖില്‍ 50 ലക്ഷം പേര്‍ അനാഥര്‍, രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം; ഇറാഖി ഹൈക്കമ്മീഷന്‍ റിപ്പോര്‍ട്ട്
World News
ഇറാഖില്‍ 50 ലക്ഷം പേര്‍ അനാഥര്‍, രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം; ഇറാഖി ഹൈക്കമ്മീഷന്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th December 2021, 5:42 pm

ബാഗ്ദാദ്: ഇറാഖില്‍ അഞ്ച് മില്യണ്‍ ജനങ്ങള്‍ അനാഥരെന്ന് റിപ്പോര്‍ട്ട്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ന്യൂ ഇറാഖി ഹൈക്കമ്മീഷനാണ് ഡാറ്റ പുറത്തുവിട്ടത്.

ലോകത്താകെയുള്ള അനാഥരുടെ അഞ്ച് ശതമാനവും ഇറാഖിലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്ത് ഏകദേശം അമ്പത് ലക്ഷത്തോളം തന്നെ യുവജനങ്ങള്‍ ദാരിദ്ര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

നാല് കോടിയിലധികമാണ് ഇറാനിലെ മൊത്തം ജനസംഖ്യ. അതായത് രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികവും അനാഥരാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇറാഖില്‍ 10 ലക്ഷം കുട്ടികള്‍ അവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി തൊഴിലെടുക്കുന്നുണ്ടെന്നും ഇതില്‍ തന്നെ 45,000 കുട്ടികള്‍ക്ക് ഇസ്‌ലാമിക് സ്‌റ്റേറ്റുമായുള്ള അവരുടെ മാതാപിതാക്കളുടെ ബന്ധം കാരണം ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്ലെന്നും കണക്കില്‍ പറയുന്നുണ്ട്.

45 ലക്ഷത്തോളം കുട്ടികള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന കുടുംബങ്ങളിലാണുള്ളത്. ഇറാഖി ജനങ്ങളില്‍ 14 ശതമാനം പേരും തൊഴില്‍രഹിതരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇറാഖില്‍ നിന്നും കാണാതായവരുടെ കണക്കുകളും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. 2014 മുതല്‍ 8000 പേരെയാണ് രാജ്യത്ത് കാണാതായത്. 2014ലായിരുന്നു ഇസ്‌ലാമിക് സ്റ്റേറ്റ് രാജ്യത്ത് അവരുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് തുടങ്ങിയത്.

കാണാതായവരെക്കുറിച്ച് അന്വേഷിക്കുന്നതിലും അവരുടെ കുടുംബത്തോടുള്ള കടമ നിര്‍വഹിക്കുന്നതിലും ഇറാഖ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Five million orphans, equivalent to five percent of all orphans worldwide, are in Iraq