| Tuesday, 20th March 2018, 5:35 pm

'മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍'? ഇതാ... മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിന്റെ 5 ഗുണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന ടാമ്പൂണുകളും മെന്‍സ്ട്രല്‍ കപ്പുകളെപ്പറ്റിയും കേള്‍ക്കാത്തവര്‍ വളരെ ചുരുക്കമാണ്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കാന്‍ സ്ത്രീകളില്‍ ഭൂരിഭാഗം പേരും മുന്നോട്ടുവരുന്നുണ്ട്.

എന്നിരുന്നാലും ഇപ്പോഴും ഇവയെപ്പറ്റിയുള്ള കണ്‍ഫ്യൂഷനുകള്‍ക്ക് യാതൊരു കുറവുമില്ല. ആര്‍ത്തവരക്തത്തെ വലിച്ചെടുക്കുന്ന ടാമ്പൂണ്‍, പാഡുകളെക്കാളും മികച്ചതാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്ന് വിദഗ്ധര്‍ തന്നെ പറയുന്നുണ്ട്.

വീണ്ടും കഴുകി ഉപയോഗിക്കാമെന്നത് മെന്‍സ്ട്രല്‍ കപ്പുകളിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നു. ഇനി ഇവ ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്.

വജൈന ഭാഗത്ത് അലര്‍ജികള്‍ ഉണ്ടാക്കുന്നില്ല

യോനിഭാഗത്ത് ചൂട് വര്‍ധിപ്പിച്ച് വജൈനയുടെ മൃദുലകോശങ്ങള്‍ നശിക്കാന്‍ ടാമ്പൂണുകളുടെയും പാഡുകളുടെയും ഉപയോഗം കാരണമാകാറുണ്ട്. യോനിയുടെ സ്വാഭാവിക ഈര്‍പ്പവും പി.എച്ച് നിലയും തമ്മില്‍ അസന്തുലിതത്വം ഉണ്ടാക്കാന്‍ ടാമ്പൂണുകള്‍ കാരണമാകുന്നു.

എന്നാല്‍ യോനിഭാഗവുമായി നേരിട്ട് ഇടപഴകാത്തതിനാല്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതവും ആശ്വാസകരവുമാണ്.

കൃത്രിമസുഗന്ധങ്ങളുടെ ഉപയോഗം ഇല്ല

സാധാരണയായി ഉപയോഗിക്കുന്ന പാഡുകളിലും, ടാമ്പൂണുകളിലും സ്ഥിരമായി ഡിയോഡറുകളും രക്തം ആഗിരണം ചെയ്യുന്നതിനായി കൃത്രിമ ജെല്ലുകളും ഉപയോഗിക്കാറുണ്ട്. ഇത് യോനിഭാഗത്തെയും ആന്തരിക അവയവങ്ങളെ വരെ സാരമായി ബാധിക്കുന്നവെന്നാണ് വിദഗ്ദര്‍ പറയുന്നത്.

അതേസമയം മെന്‍സ്ട്രല്‍ കപ്പുകളില്‍ ഇത്തരം വസ്തുക്കള്‍ ഒന്നും തന്നെ ചേര്‍ക്കാത്തത് ആര്‍ത്തവ ആരോഗ്യത്തെ കൂടുതല്‍ സംരക്ഷിക്കാന്‍ കഴിയുന്നു.

സുരക്ഷിതമായ ഉപയോഗം

ഭൂമിയിലെ പ്രധാന ധാതുവായ സിലിക്കണില്‍ നിന്നാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. അലര്‍ജികള്‍ യാതൊന്നും ഉണ്ടാക്കുന്നില്ലയെന്നതാണ് ഈ ധാതുവിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ധൈര്യമായി ഉപയോഗിക്കാനും കഴിയുന്നു.

ടാമ്പൂണുകളെയും പാഡുകളെയും അപേക്ഷിച്ച് പരിസ്ഥിതി മലിനീകരണം കുറവ്

125-150 കിലോ ഗ്രാം പാഡുകളും ടാമ്പൂണുകളുമാണ് ശരാശരി ഒരു സ്ത്രീകള്‍ ഉപയോഗശേഷം പുറത്തേക്ക് കളയുന്നത്. ഇവ നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ രീതികള്‍ പാലിക്കപ്പെടാത്തത് പരിസ്ഥിതിക്ക് എറെ ദോഷം ചെയ്യുന്നുണ്ട്.

ഇതില്‍ നിന്നും വ്യത്യസ്തമായി മെന്‍സ്ട്രല്‍ കപ്പുകള്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്നത് അവയെ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാക്കി തീര്‍ക്കുന്നു. കുറേയധികം വര്‍ഷങ്ങള്‍ വരെ മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കാനും കഴിയുന്നു.

സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍

സാനിട്ടറി നാപ്കിനുകള്‍ക്കും ടാമ്പൂണുകള്‍ക്കുമായി മാസം വരുമാനത്തിന്റെ നല്ലൊരുഭാഗം ചെലവഴിക്കേണ്ടി വരാറുണ്ട്. മാത്രമല്ല ഇത്തരം ആര്‍ത്തവ സുരക്ഷയ്ക്കായുള്ള ഉല്‍പ്പന്നങ്ങളുടെ മേലുള്ള അധികനികുതിയടക്കമുള്ളവ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാതെ വരുന്നുവെന്നത് മറ്റൊരു യാഥാര്‍ഥ്യം കൂടിയാണ്. അതു മാത്രമല്ല കൂടുതല്‍ രക്തസ്രാവം ഉണ്ടാകുന്ന അവസരങ്ങളാണെങ്കില്‍ ഉപയോഗിക്കുന്ന പാഡുകളുടെ എണ്ണവും വര്‍ധിപ്പിക്കേണ്ട അവസ്ഥയുണ്ടാകുന്നു.

മെന്‍സ്ട്രല്‍ കപ്പുകളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള യാതൊരു വിധ ആശങ്കകളും വേണ്ട. ഒരു തവണ മേടിക്കുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ എറെ നാള്‍ ഉപയോഗിക്കാനും പുനരുപയോഗിക്കാനും കഴിയുന്നുവെന്നുമാത്രമല്ല എത്രയധികമുള്ള രക്തസ്രാവത്തെയും ശേഖരിക്കാന്‍ കഴിവുള്ളതാണിവ. അതുകൊണ്ടുതന്നെ ഒറ്റത്തവണ വാങ്ങുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഉപയോഗിക്കാന്‍ കഴിയുമെന്നത് സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത കൂടിയാണ് ഉറപ്പാക്കുന്നത്.

We use cookies to give you the best possible experience. Learn more