| Tuesday, 8th March 2022, 7:52 am

വീടിന് തീ പിടിച്ച് എട്ടു മാസം പ്രായമായ കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. തിരുവനന്തപുരം വര്‍ക്കലയിലെ അയന്തിയിലാണ് സംഭവം.

ഇളവാപുരം സ്വദേശി പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), മകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി (24), കൊച്ചുമകന്‍ റയാന്‍ (എട്ടുമാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

പ്രതാപന്റെ മൂത്തമകന്‍ നിഖില്‍ (24) ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്ക് തീ പിടിക്കുകയും പിന്നീട് അത് വീട്ടിലേക്ക് പടരുകയുമായിരുന്നുവെന്നാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം.

രാത്രി പുറത്തിറങ്ങിയ അയല്‍വാസിയാണ് വീടിന് തീ പിടിച്ച വിവരം ആദ്യമായി അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സെത്തി ഏറെ പാടുപെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അഗ്‌നിശമനസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് തീ അണച്ച് എല്ലാവരെയും പുറത്തെത്തിച്ചത്. അപ്പോള്‍ ഒരാള്‍ക്ക് മാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. എല്ലാവരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.

വീടിന്റെ ഉള്‍ഭാഗം പൂര്‍ണമായി കത്തിയ നിലയിലാണെന്ന് റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് പറഞ്ഞു.

തീ പിടിത്തതിന്റെ കാരണം അറിയാന്‍ വിശദമായ അന്വേഷണം വേണമെന്നും മുറികളിലെ എ.സികള്‍ ഉള്‍പ്പെടെ കത്തി നശിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.

Content Highlight: Five members of the family, including an eight-month-old baby, were burned to death in a house fire

Latest Stories

We use cookies to give you the best possible experience. Learn more