ചെന്നൈ: തമിഴ്‌നാട്ടില്‍ മെയ് ഒന്ന് മുതലുള്ള 18 ദിവസത്തിനുള്ളില്‍ അഞ്ച് പേര്‍ തോട്ടിപ്പണിക്കിടെ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ദളിത് വിഭാഗക്കാരായ നാല് പേരും ഒരു മുസ്‌ലിം യുവാവുമാണ് മരിച്ചത്. 1993ല്‍ ഇന്ത്യയില്‍ ജാതി അടിസ്ഥാനത്തില്‍ എടുക്കുന്ന തോട്ടിപ്പണി നിരോധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തോട്ടിപ്പണി മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തില്‍ തമിഴ്‌നാട് മുന്നിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2017നും 2022നും ഇടയില്‍ രാജ്യത്ത് അഴുക്കുചാലുകളും സെപ്റ്റിക്ക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 400 ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്, 61 പേര്‍. തമിഴ്‌നാട്ടില്‍ 56 പേരാണ് തോട്ടിപ്പണിക്കിടെ മരണപ്പെട്ടതെന്ന് ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഇത്തരം പണി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നുമുള്ള ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് പുനരധിവാസം നല്‍കുക, സംസ്ഥാന സര്‍വകലാശാലയില്‍ സാനിറ്റേഷന്‍ എന്‍ജിനീയറിങ്ങിനെ പ്രോത്സാഹിപ്പിക്കുക, ഇത്തരത്തിലുള്ള പണി അവസാനിപ്പിക്കുന്നതിനായി റിസര്‍ച്ച് നടത്തുന്നതിനും യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
ദേശീയ തൊഴിലാളി ദിനത്തില്‍ പരയ്യര്‍ സമുദായത്തില്‍ നിന്നുള്ള രണ്ട് പേരായിരുന്നു മിന്‍ജുര്‍ ജില്ലയിലെ ഇമ്മാനുവല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ടത്.
യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയായിരുന്നു ഇവരെ ടാങ്ക് വൃത്തിയാക്കാനായി ഇറക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചായിരുന്നു ഇരുവരും മരണപ്പെട്ടത്.
സുബറായലുവിന്റെ മരണത്തിന് പിന്നാലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മെയ് 15ന് പുഴല്‍ സ്വദേശികളായ ഭാസ്‌കരന്‍ ഇസ്മയില്‍ എന്നിവരും മരണപ്പെട്ടു. മെയ്16ന് വെല്ലൂര്‍ സ്വദേശിയായ ദളിത് യുവാവ്
തമില്‍ സെല്‍വനും മരണപ്പെട്ടിരുന്നു.
ഡി.എം.കെ അധികാരത്തിലെത്തിയപ്പോള്‍ തോട്ടിപ്പണി അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നതായി ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ജയറാണി പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ബോധവത്കരണം നടത്താനോ, നിയമം നടപ്പിലാക്കാനോ, സാനിറ്റേഷന്‍ എന്‍ജിനീയറിങ്ങിനെ പ്രോല്‍സാഹിപ്പിക്കുന്നതിനോ, സാനിറ്റേഷന്‍ പണികള്‍ക്കായി യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനായോ യാതൊരു നടപടികളുമുണ്ടായില്ലെന്ന് ജയറാണി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ തോട്ടിപ്പണി മൂലമുണ്ടാകുന്ന മരണങ്ങളിലെ തങ്ങളുടെ ഉത്തരവാദിത്തം നിരാകരിക്കുകയാണെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ പരാജയപ്പെട്ടെന്നും ജയറാണി പറഞ്ഞതായി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിഷയത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘സാമൂഹിക സാമ്പത്തിക മേഖലകളില്‍ തമിഴ്‌നാട് പുരോഗതി കൈവരിച്ചിട്ടുണ്ട്. സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്നതിനായി ആളുകളെ ഇപ്പോഴും ജോലിക്കെടുക്കുന്നതും മരണം സംഭവിക്കുന്നതും നിരാശാജനകമാണ്,’ അദ്ദേഹം പറഞ്ഞു. സാനിറ്റേഷന്‍ വര്‍ക്കേഴ്‌സിനുള്ള റീഹാബിലിറ്റേഷന്‍ സകീം ഉറപ്പാക്കാനും നാല് മാസത്തിനുള്ളില്‍ നടപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Contenthighlight: Five manual scavenging in 18 days in Tamilnad