| Thursday, 11th February 2021, 9:14 am

യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ നല്‍കിയെന്ന് കത്‌വ പെണ്‍കുട്ടിയുടെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് കത്‌വ കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ വളര്‍ത്തച്ഛന്‍ മുഹമ്മദ് യൂസഫ്. 2018ല്‍ യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ തങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്ന് മാതൃഭൂമി ന്യൂസിനോടാണ് മുഹമ്മദ് യൂസഫ് പറഞ്ഞത്.

കുറച്ച് തുക ചെക്ക് ആയും ബാക്കി പണമായുമാണ് ലീഗ് നല്‍കിയതെന്നും കുടുംബം പറഞ്ഞു. ദല്‍ഹിയില്‍ വെച്ചാണ് പണവും ചെക്കും കൈമാറിയതെന്ന് യൂസഫ് വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വളര്‍ത്തച്ഛനായ മുഹമ്മദ് യൂസഫിന്റെ സംരക്ഷണത്തില്‍ ആയിരിക്കെയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.

തങ്ങള്‍ക്ക് ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ച് അറിയാമെന്നും കുടുംബം വ്യക്തമാക്കി.

നിലവില്‍ മുബീന്‍ ഫാറൂഖിയാണ് തങ്ങളുടെ അഭിഭാഷകനെന്നും അദ്ദേഹത്തിന്റെ കേസ് നടത്തിപ്പില്‍ തൃപ്തനാണെന്നും കുടുംബം വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ സഹായത്തോടെ ദല്‍ഹിയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം.

കത്‌വ, ഉന്നാവ് പെണ്‍കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ യൂത്ത് ലീഗ് സമാഹരിച്ച തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം യൂത്ത് ലീഗ് ദേശീയസമിതിയംഗം യൂസഫ് പടനിലമാണ് ഉയര്‍ത്തിയത്. പണപ്പിരിവിലൂടെ ലഭിച്ച തുക പി.കെ ഫിറോസും, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സൂബൈറും ദുര്‍വിനിയോഗം ചെയ്തുവെന്നായിരുന്നു ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Five lakh rupee recieved from muslim youth league says kathuva victims family

We use cookies to give you the best possible experience. Learn more