ഗസ: ഗസയില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ അഞ്ച് ജേണലിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖുദ്‌സ് ടുഡേ ചാനലിലെ അഞ്ച് മാധ്യമപ്രവര്‍ത്തകരാണ് ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നുസൈറത്തില്‍ ഒറ്റരാത്രിക്കിടെ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് അഞ്ച് പേരും കൊല്ലപ്പെട്ടതെന്ന് അല്‍ ഖുദ്‌സ് ചാനല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പ്രസ് എന്നെഴുതിയ തകര്‍ന്ന വാഹനത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അല്‍ ഖുദ്‌സ് തങ്ങളുടെ ജീവനക്കാരുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്.
ഫാദി ഹസൗന, മുഹമ്മദ് അല്‍ ലദാഹ്, ഇബ്രാഹിം അല്‍ ഷെയ്ഖ് അലി, ഫൈസല്‍ അബു അല്‍ ക്വസാന്‍, അയ്മാന്‍ അല്‍ ജാദി എന്നീ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ഇസ്രഈല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ 141ല്‍ അധികം മാധ്യമ പ്രവര്‍ത്തകരാണ് ഗസയില്‍വെച്ച് കൊല്ലപ്പെട്ടത്. 1992ന് ശേഷം ഇതാദ്യമായാണ് ജോലിക്കിടെ ഇത്രയും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും ഫലസ്തീനി ജേണലിസ്റ്റുകള്‍ ആയിരുന്നു.
അതേസമയം നുസൈറത്തില്‍ ഭീകകരുടെ വാഹനത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഈ വിഷയത്തില്‍ ഇസ്രഈല്‍ സേന പ്രതികരിച്ചത്. കൂടാതെ ആക്രമണത്തില്‍ സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ വ്യോമ നിരീക്ഷണം അടക്കമുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നു എന്നും ഐ.ഡി.എഫ് വിശദീകരണവും നല്‍കി.
സത്യത്തെ നിശ്ശബ്ദമാക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കുരുക്ക് മുറുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇസ്രഈല്‍ മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിടുന്നതെന്ന് വെസ്റ്റ് ബാങ്ക് ആസ്ഥാനമായുള്ള ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് ആരോപിച്ചു.
എന്നാല്‍ ബോധപൂര്‍വം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നില്ലെന്ന് ഐ.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും സമീപം ഹമാസ് സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ഗസയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ആരോപിച്ചാണ് നിലവിലെ ആക്രമണങ്ങള്‍.
അതേസമയം ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 45,000 ആയി ഉയര്‍ന്നു. ഇതില്‍ 17,000ത്തിലധികം കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
Content Highlight: Five journalists from a media organization were killed in a single day by Israel’s attack on Gaza