| Friday, 25th October 2024, 8:19 pm

ഇസ്രഈലിന് വീണ്ടും തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തില്‍ അഞ്ച് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയിലും ബെയ്‌റൂട്ടിലും കൂട്ടക്കുരുതി തുടരുന്ന ഇസ്രഈല്‍ സൈന്യത്തിന് വീണ്ടും തിരിച്ചടി. തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് ഉന്നത ഇസ്രഈല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

19 സൈനികര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച രാത്രി ഹിസ്ബുല്ലയുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ടവര്‍ എല്ലാവരും തന്നെ റിസര്‍വ് വിഭാഗം സൈനികരാണ്. ഇവര്‍ക്ക് പുറമെ നിരവധി സൈനികര്‍ക്കും ഗുരുതരമായി പരിക്കേറ്റതായി ഐ.ഡി.എഫ് റിപ്പോര്‍ട്ട് ചെയ്തു.

മേജര്‍ ഡാന്‍ മവോരി(43), ക്യാപ്റ്റന്‍ അലോണ്‍ സഫ്രായ് (28), വാറന്റ് ഓഫീസര്‍ ഒമ്രി ലോട്ടന്‍ (47) മാസ്റ്റര്‍ സെര്‍ജന്റ് ടോം സേഗാല്‍ (28), വാറന്റ് ഓഫീസര്‍ ഗയ് ഇദാന്‍ (51) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാവരും തന്നെ 89ാമത് ബറ്റാലിയന്റെ എട്ടാം ബ്രിഗേഡിന്റെ ഭാഗമാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ഇസ്രഈല്‍ സൈനികരുടെ ലോജിസ്റ്റിക്‌സ് സപ്ലൈസ് വിതരണം ചെയ്യുന്ന കെട്ടിടത്തിലേക്ക് ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ ഒരു റോക്കറ്റ് സൈനികര്‍ നിലകൊണ്ടിരുന്ന താവളത്തില്‍ പതിക്കുകയായിരുന്നു.

അതേസമയം ലെബനനില്‍ ആക്രമണം ആരംഭിച്ചത് മുതല്‍ ഇസ്രഈല്‍ സൈന്യത്തിന് ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള തിരിച്ചടിയാണ് ലഭിക്കുന്നത്. ഇതേ വരെ ഹിസ്ബുല്ല ആക്രമണത്തില്‍ 70 ലധികം ഇസ്രഈല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്‌. ഒക്ടോബര്‍ ഏഴ് മുതലുള്ള ആക്രമണത്തില്‍ 757 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രആല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഗസയിലെ ഹമാസ് ആക്രമണത്തില്‍ ഇസ്രഈല്‍ പ്രതിരോധ സേനയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരിലൊരാളായ കേണല്‍ എഹ്‌സാന്‍ ദഖ്‌സ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് പുറമെ മറ്റൊരു ബറ്റാലിയന്‍ കമാന്‍ഡര്‍ക്കും രണ്ട് ഓഫീസര്‍മാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

പ്രദേശം നിരീക്ഷിക്കാന്‍ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ദഖ്‌സ ടാങ്കിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്. നിരീക്ഷണത്തിനിടെ സ്‌ഫോടക വസ്തു ഇവര്‍ക്ക് നേരെ വന്ന് പതിക്കുകയായിരുന്നു.

ഐ.ഡി.എഫിന്റെ 401മത് ബ്രിഗേഡിന്റെ കമാന്‍ഡര്‍ കേണല്‍ ആയിരുന്നു എഹ്സാന്‍ ദഖ്സ. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഇസ്രഈല്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടത്.

Content Highlight: Five Israel top commanders died in Hezbollah attack in Lebanon

We use cookies to give you the best possible experience. Learn more