ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ഭാവുകത്വം നല്‍കിയായിരുന്നു 2008ല്‍ ഐ.പി.എല്‍ പിറവിയെടുത്തത്. ഇതിന് മുമ്പുണ്ടായിരുന്ന ഐ.സി.എല്‍ അടക്കമുള്ള എല്ലാത്തിന്റേയും കളങ്കം കഴുകിക്കളഞ്ഞാണ് ഐ.പി.എല്‍ പിറവിയെടുത്തത്.
2008ല്‍ ഒന്നുമല്ലാതിരുന്ന രാജസ്ഥാന്‍ റോയല്‍സിനെ ഷെയ്ന്‍ വോണ്‍ എന്ന മാന്ത്രികന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അത്യുന്നതങ്ങളില്‍ എത്തിച്ചപ്പോള്‍ ക്രിക്കറ്റ് എന്ന ഗെയിമിന്റെ വശ്യത തന്നെയായിരുന്നു വെളിവായത്.
ഷെയ്ന്‍ വോണും ഷെയ്ന്‍ വാട്‌സണും പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ സൊഹൈല്‍ തന്‍വീറും അന്നത്തെ യുവതാരമായ രവീന്ദ്ര ജഡേജയുമടങ്ങുന്ന വന്‍താരനിരയായിരുന്നു രാജസ്ഥാനെ കപ്പുയര്‍ത്താന്‍ സഹായിച്ചത്.
എന്നാല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടും ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിക്കാതിരുന്ന യുവതാരങ്ങളും രാജസ്ഥാനൊപ്പമുണ്ടായിരുന്നു. ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും അവരും അന്ന് ചാമ്പ്യന്‍ പട്ടം തലയില്‍ ചൂടിയിരുന്നു.
നെറ്റ്‌സിലും പ്രാക്ടീസ് സെഷനിലും സൂപ്പര്‍ താരങ്ങള്‍ക്ക് പന്തെറിഞ്ഞും വിയര്‍പ്പൊഴിക്കിയുമാണ് അവര്‍ ടീം ക്യാമ്പിന്റെ ഭാഗമായി മാറിയത്. ഒരു മത്സരത്തില്‍ പോലും ടീമിന് വേണ്ടി ഗ്രൗണ്ടിലിറങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കിലും യഥാര്‍ത്ഥത്തില്‍ അവരും ചാമ്പ്യന്‍മാര്‍ തന്നെയായിരുന്നു.
ഓരോ സീസണ്‍ കഴിയുമ്പോഴും ഇത്തരത്തില്‍ നിരവധി താരങ്ങള്‍ ടീമിന് വേണ്ടി ഗ്രൗണ്ടിലിറങ്ങാന്‍ സാധിക്കാത്തവരായി ഉണ്ടായിരുന്നു. 2022ല്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ അതിന് ഉത്തമ ഉദാഹരണമാണ്.
അത്തരത്തില്‍ ടീമിന് വേണ്ടി കളിക്കാന്‍ സാധിച്ചില്ലെങ്കിലും ചാമ്പ്യന്‍മാരാവാന്‍ കഴിഞ്ഞ താരങ്ങളുണ്ട്. ഒരിക്കല്‍ ടീമിന് വേണ്ടി കളിക്കാന്‍ സാധിക്കാതെ പോയ പലരും പില്‍ക്കാലത്ത് സൂപ്പര്‍ താരങ്ങളാവുകയും ടീമിനെ നയിക്കുക പോലും ചെയ്തിട്ടുണ്ട്.
അത്തരത്തില്‍ ഒറ്റ മത്സരം പോലും കളിക്കാതെ ചാമ്പ്യന്‍മാരായ അഞ്ച് ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം.
ഗുര്‍കിരാത് സിംഗ് മന്‍ (ഗുജറാത്ത് ടൈറ്റന്‍സ് – 2022)
ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന്റെ സൂപ്പര്‍ താരമായിരുന്ന മന്‍ 2012ലാണ് ഐ.പി.എല്‍ അരങ്ങേറ്റം കുറിക്കുന്നത്. ആ വര്‍ഷം തന്നെ ഒരു മത്സരത്തില്‍ 12 പന്തില്‍ നിന്നും 29 അടിച്ച് ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍ ഐ.പി.എല്ലിനെ ഞെട്ടിച്ചിരുന്നു.
2013ലും ടീമിനൊപ്പമുണ്ടായിരുന്ന മന്‍ ഓടിയെടുത്ത ഒരു ക്യാച്ചായിരുന്നു ടൂര്‍ണമെന്റിലെ ക്യാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2017 വരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെ സ്ഥിരസാന്നിധ്യമായിരുന്നു മന്‍.
തൊട്ടടുത്ത സീസണില്‍ ദല്‍ഹിക്കൊപ്പം കളിച്ചെങ്കിലും കാര്യമായി ഒന്നും ചെയ്യാനാവാതെ പോയി. 2019ല്‍ ആര്‍.സി.ബി ലേലത്തില്‍ വിളിച്ചെടുത്തെങ്കിലും തൊട്ടുമുമ്പത്തെ വര്‍ഷത്തിന് സമാനമായിരുന്നു സാഹചര്യം, പിന്നീട് കെ.കെ.ആറിനൊപ്പവും താരം കളിച്ചിരുന്നു.
2022ലെ മെഗാലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു 31കാരനെ ടീമിലെത്തിച്ചത്. എന്നാല്‍ ഗുജറാത്ത് കളിച്ച 16 കളിയില്‍ ഒന്നില്‍ പോലും കളിക്കാന്‍ മന്നിന് സാധിച്ചിരുന്നില്ല. എന്നാല്‍ ടൈറ്റന്‍സ് ചാമ്പ്യന്‍മാരായപ്പോള്‍ ഒപ്പം കിരീടം ചൂടാനും മന്നിനായി.
വിജയ് ശങ്കര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2016)
2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാര്‍ണര്‍ കിരീടമണിയിച്ചപ്പോള്‍ ഒറ്റ മത്സരം പേലും കളിക്കാതെ രാജകുമാരനായി മാറിയ താരമായിരുന്നു വിജയ് ശങ്കര്‍. ഒറ്റ മത്സരം പോലും കളിക്കാനായില്ലെങ്കിലും ഐ.പി.എല്ലില്‍ തന്റെ ഭാവി കെട്ടിയുയര്‍ത്തുന്നതിനുള്ള അടിത്തറ താരം പടുത്തുയര്‍ത്തിയത് ഹൈദരാബാദിനൊപ്പമായിരുന്നു.
തൊട്ടടുത്ത വര്‍ഷവും സണ്‍റൈസേഴ്‌സിനൊപ്പം ഡീസന്റ് റണ്‍ തുടര്‍ന്ന താരത്തെ 2018ല്‍ ദല്‍ഹിയിലേക്ക് പറിച്ചുനട്ടു.
ഒടുവില്‍ 2022ല്‍, ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കിരീടം നേടിയപ്പോള്‍ ടീമിന് വേണ്ടി പലതും ചെയ്യാനായി എന്ന ആത്മാഭിമാനത്തോടെ കിരീടമുയര്‍ത്താനും വിജയ് ശങ്കറിനായി.
അക്‌സര്‍ പട്ടേല്‍ (മുംബൈ ഇന്ത്യന്‍സ് – 2013)
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ജനറേഷന്‍ ബൗളര്‍മാരിലെ പ്രധാനിയാണ് അക്‌സര്‍ പട്ടേല്‍. രഞ്ജി ട്രോഫിയിലെ മാസ്മരിക പ്രകടനമാണ് താരത്തെ 2013ല്‍ മുംബൈ ഇന്ത്യന്‍സില്‍ എത്തിച്ചത്. അതേവര്‍ഷം ഗ്രൗണ്ടിലിറങ്ങി ഒരുപന്ത് പോലും കൈകൊണ്ട് തൊടാതെയാണ് താരം ഐ.പി.എല്‍ കിരീടമുയര്‍ത്തിയത്.
2013ല്‍ ഐ.പി.എല്‍ കിരീടം നേടിയെങ്കിലും താരത്തിന്റെ കരിയറില്‍ തന്നെ ബ്രേക്ക് ത്രൂ നല്‍കിയത് തൊട്ടടുത്ത വര്‍ഷമായിരുന്നു. 2014ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയതോടെയാണ് അക്‌സറിന്റെ കരുത്തും കുത്തിത്തിരിപ്പും ഇന്ത്യന്‍ ക്രിക്കറ്റ് അറിഞ്ഞത്.
17 വിക്കറ്റായിരുന്നു താരം അന്ന് പിഴുതത്. പഞ്ചാബിന് വേണ്ടിയുള്ള ആ പ്രകടനം താരത്തെ എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും അര്‍ഹനാക്കി.
2019ലാണ് താരം പഞ്ചാബില്‍ നിന്നും ദല്‍ഹിയിലേക്ക് കളിത്തട്ടകം മാറ്റുന്നത്. തുടര്‍ന്നുള്ള സീസണിലെല്ലാം തന്നെ ദല്‍ഹിയുടെ തുറുപ്പ് ചീട്ടുകളിലൊന്നായ അക്‌സര്‍ 2022ല്‍ 100 വിക്കറ്റും നേടിയിരുന്നു. ഐ.പി.എല്ലില്‍ 1000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കുന്ന നാലാമത് മാത്രം താരമാവാനും അക്‌സറിനായി.
സഞ്ജു സാംസണ്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2012)
ക്യാപ്റ്റന്റെ റോളില്‍ ഐ.പി.എല്‍ കിരീടം സ്വപ്‌നം കാണുന്നതിന് മുമ്പ്, രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലേക്ക് നയിക്കുന്നതിന് എത്രയോ മുമ്പ് തന്നെ 2012 സഞ്ജു സാംസണ്‍ ഐ.പി.എല്ലിന്റെ കിരീടമുയര്‍ത്തിയിരുന്നു.
2012ല്‍ കൊല്‍ക്കത്ത ക്യാമ്പിലുണ്ടായിരുന്നിട്ടും ഒറ്റ മത്സരം പോലും കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. തൊട്ടടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള കൂടുമാറ്റമാണ് സഞ്ജുവിന്റെ കരിയറിലും ജീവിതത്തിലും ഒരുപോലെ വഴിത്തിരിവാവുന്നത്.
രാജസ്ഥാനിലെ സ്ഥിരം വിക്കറ്റ് കീപ്പര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് സഞ്ജു പിങ്ക് സിറ്റിയുടെ ഭാഗമാവുന്നത്. ലഭിച്ച അവസരം കൃത്യമായി മുതലാക്കിയ താരം 11 മത്സരത്തില്‍ നിന്നും 206 റണ്‍സായിരുന്നു സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമാവാനും (2013 വരെയുള്ള കാലത്ത്) താരത്തിനായി. ആ സീസണിലെ എമേര്‍ജിംഗ് പ്ലെയറാവാനും സഞ്ജുവിന് സാധിച്ചു.
പിന്നീട് ദല്‍ഹിയിലേക്ക് കളം മാറിയങ്കിലും വീണ്ടും രാജസ്ഥാനിലേക്ക് തന്നെ തിരിച്ചെത്തി. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി 2022ല്‍ ടീമിനെ ഫൈനല്‍ വരെ എത്തിച്ചെങ്കിലും ഗുജറാത്തിനോട് തോല്‍ക്കുകയായിരുന്നു.
അഭിനവ് മുകുന്ദ് (ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – 2011)
ആഭ്യന്തര ക്രിക്കറ്റ് കണ്ടെത്തിയ സൂപ്പര്‍ താരങ്ങളിലൊരാലാണ് അഭിനവ് മുകുന്ദ്. രഞ്ജി ക്രിക്കറ്റിലെ മാസ്മരിക പ്രകടനം താരത്തെ ഇന്ത്യന്‍ ടീം വരെ കൊണ്ടുചെന്നെത്തിച്ചിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും പതിനായിരത്തിലധികം റണ്‍സുമുളള താരത്തിന്റെ 2011ലെ കിരീടനേട്ടം ഒറ്റ പന്തുപോലും നേരിടാതൊയിരുന്നു.
2008 മുതല്‍ അഭിനവ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാല്‍ 2011ല്‍ മോശം പ്രകടനത്തിന്റെ പേരില്‍ താരം ബെഞ്ചില്‍ തന്നെയായിരുന്നു. ആ വര്‍ഷം സി.എസ്.കെ ഐ.പി.എല്ലിന്റെ രാജാക്കന്‍മാരായപ്പോള്‍ ഒരു കളി പോലും കളിക്കാതിരുന്ന അഭിനവ് മുകുന്ദും ചാമ്പ്യനായി.
Content Highlight: Five Indian players who lifted the IPL trophy without playing a single game