കൊച്ചി: നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന പുതിയ പദ്ധതിയുമായി നടന്‍ ജയസൂര്യ. ‘സ്‌നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ വര്ഷത്തില്‍ അഞ്ച് വീടുകളാണ് ജയസൂര്യ നിര്‍മ്മിച്ച് നല്‍കുന്നത്.
സ്വന്തമായി ഭൂമിയുള്ള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇല്ലാത്തവര്‍ക്കാണ് നിലവില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. രണ്ട് ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്ത്‌റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് ജയസൂര്യ നിര്‍മ്മിച്ച് നല്‍കുന്നത്.
ഒരു വീടിന് ഏകദേശം ആറ് ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ ചിലവ്. പദ്ധതിയിലെ ആദ്യ വീട് പണി തീര്‍ത്ത് അര്‍ഹരായ ഒരു കുടുംബത്തിന് കൈമാറി. ഒരു മാസം കൊണ്ടാണ് വീടിന്റെ പണി തീര്‍ത്തത്.
അടുത്ത വീടിന്റെ പണി ഉടനെ ആരംഭിക്കാനിരിക്കുകയാണ്. പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂറ പാനല്‍ എന്ന കമ്പനിയാണ് ജയസൂര്യയുടെ പദ്ധതിക്കായി വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
രാമമംഗലം സ്വദേശിനിക്കാണ് ആദ്യ വീട് നല്‍കിയത്. ഭര്‍ത്താവ് മരിച്ച് സ്ത്രീയും ഭിന്നശേഷിക്കാരനായ മകനുമടങ്ങുന്ന കുടുംബത്തിനാണ് ആദ്യ വീട് നല്‍കിയിരിക്കുന്നത്. ചോയ്‌സ് ഗ്രൂപ്പിന്റെ എം.ഡി ജോസ് തോമസ് നേരത്തെ ഇവര്‍ക്ക് സ്ഥലം നല്‍കിയിരുന്നു. ജയസൂര്യയ്ക്ക് വേണ്ടി നടൻ റോണിയാണ് താക്കോൽ കെെമാറിയത്.
ഹൈബി ഈഡന്‍ എം.പിയുടെ തണല്‍വീട് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ന്യൂറ പാനല്‍ കമ്പനി അധികൃതരുമായി ജയസൂര്യ പരിചയത്തിലാവുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content highlight: Five houses a year; Jayasurya with ‘Snehakudu’ who builds houses for the poor; The first house was handed over