| Sunday, 17th June 2018, 6:37 pm

ഹിഗ്വിറ്റയെപ്പോലെ ഗോളടിക്കുന്ന അഞ്ച്  ഗോളിമാരെക്കുറിച്ച്

ജിനേഷ് പി കെ
“പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഏകാന്തത” എന്ന ജര്‍മ്മന്‍ നോവലിനെക്കുറിച്ച് എഴുതിയത് എന്‍.എസ്. മാധവനായിരുന്നു. എന്‍.എസ്. മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയിലെ കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായ ഗ്രീവര്‍ഗീസച്ചന്‍ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. പക്ഷെ അയാള്‍ ഒരു ഗോളിയല്ലായിരുന്നെങ്കിലും വ്യാകുലപ്പെട്ടത് മുഴുവന്‍ വലസൂക്ഷിപ്പുകാരനായ ഗോളിയുടെ ഏകാന്തതയെ ചൊല്ലി മാത്രമായിരുന്നു. ഗോളികളെ നിരീക്ഷിച്ചു നിരീക്ഷിച്ചാണയാള്‍ ഹിഗ്വിറ്റയില്‍ എത്തുന്നത്.
ഗീവര്‍ഗ്ഗീസ് അച്ഛന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു : “താണ്ഡവത്തിന് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീളന്‍ ചുരുണ്ട മുടിയും, കറുത്ത കരിങ്കല്‍ മുഖവും, നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികള്‍ക്കൊരു അപവാദമായിരുന്നു. ” അതേ, പന്തുമായി മൈതാനമധ്യം വരെ ഓടി കയറുന്ന, “രണ്ടു കൈകളും വായുവില്‍ വീശി ഒരു മ്യൂസിക് കണ്ടക്ടറെ പോലെ ” പെനാല്‍റ്റി കിക്ക് നേരിടുന്ന, എതിര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി സ്‌പോട്ട് കിക്കെടുത്ത് ഗോളാക്കുന്ന ഹിഗ്വിറ്റ ഗോളികള്‍ക്കൊരു അപവാദമായിരുന്നു.
ഹിഗ്വിറ്റയെപ്പോലെ ഗോളടിക്കുന്ന ഗോളിമാരെക്കുറിച്ചാണ് ഇനി പറയുവാനുള്ളത്, പെനാല്‍ട്ടി കിക്ക് കാത്ത് നില്‍ക്കുന്നതിലെ ഏകാന്തതയ്‌ക്കൊപ്പം പെനാല്‍ട്ടി കിക്ക് ഗോളാക്കുന്നതിലെ ആനന്ദം കൂടി അനുഭവിച്ച ചുരുക്കം ചിലരില്‍ അഞ്ച് പേരെക്കുറിച്ച്.

1. റോജേറിയോ സെനി



ലോകഫുട്‌ബോളിലെ അതികായന്മാരായ ബ്രസീല്‍ നിരയിലെ താരം, നൂറിലധികം ഗോള്‍ നേടിയിട്ടുള്ള ഒരേയൊരു ഗോള്‍കീപ്പര്‍. 131 ഗോളുകളുമായി ഗോള്‍കീപ്പര്‍മാരില്‍ ഏറ്റവുമധികം ഗോള്‍ നേടിയ റെക്കോര്‍ഡ് കാത്തു സൂക്ഷിക്കുന്നു എന്നത് മാത്രമല്ല റോജേരിയോയെ കൂട്ടത്തില്‍ ഏറ്റവും മികച്ചവനാക്കുന്നത്, ലിസ്റ്റിലെ രണ്ടാമനേക്കാള്‍ ഏതാണ്ട് ഇരട്ടി ഗോളുകളാണ് അദ്ദേഹം നേടിയത് എന്നത് കൂടിയാണ്.

തന്റെ പതിനേഴാം വയസ്സില്‍ ആണ്  റോജേരിയോ ബ്രസീലിലെ സാവോ പോളോ ക്ലബിന് വേണ്ടി കളി ആരംഭിച്ചത്. തുടര്‍ന്ന് ഇരുപത്തിയഞ്ച് വര്‍ഷം അദ്ദേഹം സാവോ പോളോയ്ക്കു വേണ്ടി വല കാത്തു, ഇതും മറ്റൊരു റെക്കോര്‍ഡ് ആണ്. സാവോ പോളോ കോച്ച് മ്യൂരിസി രമാലോ സെനിയിലെ ഡെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റിനെ 1997ല്‍ കണ്ടെത്തിയത് മുതല്‍ വിരമിക്കുന്നത് വരെ സാവോ പോളോയുടെ അദ്യോഗിക സ്‌പോട്ട് കിക്ക് സ്‌പെഷ്യലിസ്റ്റ് കൂടിയായിരുന്നു സെനി.
ഏതാണ്ട് ഒമ്പത് വര്‍ഷത്തോളം ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി കളിച്ച സെനി 2002 ലേയും 2006 ലേയും ലോകകപ്പുകളില്‍ ബ്രസീല്‍ ടീമിനെ പ്രതിനിധീകരിച്ചു.  2005-2006 ലെ ഫിഫ ക്ലബ് ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സുവര്‍ണ്ണപന്ത് സ്വന്തമാക്കിയതും ഗോളടിക്കുന്ന അതേ മികവ് ഗോള്‍ തടയുന്നതിലും കാണിച്ച റോജേരിയോ സെനി ആയിരുന്നു.
ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് മാസികയായ പ്‌ളേസര്‍ന്റെ മികച്ച കളിക്കാരന് നല്‍കുന്ന ഗോള്‍ഡന്‍ ബോള്‍ ഒരു തവണയും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള സില്‍വര്‍ ബോള്‍ ആറ് തവണയും സെനിയ്ക്ക് ലഭിച്ചിട്ടുണ്ട്. 1997 മുതല്‍ താന്‍ നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്ത സാവോ പോളോയുടെ പരിശീലകന്‍ ആയി സെനി 2016ല്‍ നിയമിക്കപ്പെട്ടു. നിലവില്‍ സെനി ഫോട്ടാലേസ ക്ലബിന്റെ പരിശീലകന്‍ ആണ്. 1200ല്‍ അധികം മത്സരങ്ങളില്‍ നിന്നായാണ് സെനി 61 ഫ്രീ കിക്കുകളും 69 പെനാള്‍ട്ടികളും വലയ്ക്കകത്തെത്തിച്ചത്.
2. ലൂയിസ് ശിലാവര്‍ട്ട്


താന്‍ കളിച്ചിരുന്ന കാലത്തെ ലോകം കണ്ട ഏറ്റവും മികച്ച ഗോളിമാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ശിലാവര്‍ട്ട് ആണ് ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹന്‍. പരാഗ്വെയ്ക്ക് വേണ്ടിയും വിവിധ ക്ലബുകള്‍ക്ക് വേണ്ടിയുമായി 67 ഗോളുകള്‍ അടിച്ചു കിട്ടിയ ശിലാവര്‍ട്ടിന്റെ പേരില്‍ തന്നെയാണ് ഹാട്രിക്ക് അടിച്ച ഏക ഗോള്‍ കീപ്പര്‍ എന്ന റെക്കോര്‍ഡും. 1998, 2000 ലോകകപ്പുകളില്‍ പാരാഗ്വെയെ നയിച്ച ശിലാവര്‍ട്ട് 1998 ലോകകപ്പിനോടുവില്‍ ഫിഫ പ്രഖ്യാപിച്ച ലോക ടീമിലും ഇടം പിടിച്ചു.
 2006ലും 2010ലും ലോകകപ്പില്‍ കമന്റേറ്റര്‍ സ്ഥാനമായിരുന്നു ശിലാവര്‍ട്ട് ഏറ്റെടുത്തത്. Bulldog എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ട ശിലാവര്‍ട്ട് 1994 മുതല്‍ 99 വരെ തുടര്‍ച്ചയായി 6 തവണയാണ് “El Paris” ദിനപത്രത്തിന്റെ “Ideal team of America” യില്‍ ഉള്‍പ്പെട്ടത്. 1996ല്‍ മികച്ച അര്‍ജന്റീനയന്‍ ക്ലബ് കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ശിലാവര്‍ട്ടിനെ തേടി അതേ വര്‍ഷം തന്നെ മികച്ച ലാറ്റിനമേരിക്കന്‍ ഫുഡ്‌ബോളര്‍ എന്ന ബഹുമതി കൂടി എത്തി.
1995, 97, 98 വര്‍ഷങ്ങളില്‍ ലോകത്തിലെ മികച്ച ഗോള്‍കീപ്പറായും ശിലാവര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു. ഫുട്‌ബോള്‍ നടത്തുന്നതിന് പകരം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ് രാജ്യം പണം മുടക്കേണ്ടതെന്ന തന്റെ നിലപാട് വ്യക്തമാക്കി പരാഗ്വേയില്‍ വെച്ചു നടന്ന 2004ലെ കോപ്പ അമേരിക്ക ടീമില്‍ നിന്നും പിന്മാറുകയാണുണ്ടായത് ശിലാവര്‍ട്ട്.
2002ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ തന്നെ വംശീയമായി അധിക്ഷേപിച്ച റോബര്‍ട്ടോ കര്‍ലോസിന്റെ മുഖത്തു തുപ്പിയായിരുന്നു ശിലാവര്‍ട്ട് പ്രതികരിച്ചത്. ലോകകപ്പുകളില്‍ ബള്‌ഗേറിയയ്ക്കും സ്‌പെയിനിനുമെതിരെ ശിലാവര്‍ട്ട് ഇലപൊഴിയും കിക്കുമായി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നെങ്കിലും ലോകകപ്പില്‍ ഒരു ഗോള്‍ എന്ന സ്വപ്നം ഗോള്‍കീപ്പര്‍മാരുടെ മികവിനു മുന്നില്‍ തട്ടിത്തകരുകയാണുണ്ടായത്.

3. ജോര്‍ഗേ കാംബോസ്



ഗോളടിക്കുന്ന ഗോളിമാരില്‍ മൂന്നാമനായ മെക്‌സിക്കോക്കാരനായ ജോര്‍ഗെയുടെ സമ്പാദ്യം 46 ഗോളുകളാണ്. മെക്‌സിക്കോയിലെയും അമേരിക്കയിലെയും വിവിധ ക്ലബുകളുടെ വല കാത്ത കാംബോസ് 1994ലും 1998ലും മെക്‌സിക്കോയ്ക്ക് വേണ്ടി ലോകകപ്പും കളിച്ചിട്ടുണ്ട്.

4. ദിമിറ്റര്‍ ഇവാന്‍കോവ്



1998 മുതല്‍ 2010 വരെ ബള്‍ഗേറിയയ്ക്ക് വേണ്ടി കളിച്ച ഇവാന്‍കോവ് വിവിധ ക്ലബുകള്‍ക്ക് വേണ്ടി 42 ഗോളുകളാണ് നേടിയത്. ബള്‌ഗേറിയയ്ക്ക് വേണ്ടി 64 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

5.റെനേ ഹിഗ്വിറ്റ



പട്ടികയില്‍ 41 ഗോളുകളുമായി അഞ്ചാമന്‍ ആണെങ്കിലും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍  ആരാധകരുടെ ഇടയില്‍ ഏറ്റവും പ്രശസ്തനായ ഗോളിമാരില്‍ ഒരാള്‍ ഈ കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ആണ്. ഗോള്‍ അടിക്കുന്ന അതേ മികവോടെ ഗോള്‍ തടയുകയും ചെയ്യുന്ന ഹിഗ്വിറ്റയാണ് “സ്‌കോര്‍പ്പിയോന്‍ കിക്ക്” ആദ്യമായി ഫുട്‌ബോള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചതും.
ഏതാണ്ട് പന്ത്രണ്ട് വര്‍ഷത്തോളം കൊളംബിയയ്ക്ക് വേണ്ടി ഗ്ലൗസ് അണിഞ്ഞ ഹിഗ്വിറ്റ 1990ലെ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. സ്‌കോര്‍പ്പിയോന്‍ കിക്കും ഡെഡ് ബോളില്‍ നിന്നും ഗോള്‍ നേടാനുള്ള മികവിനുമൊപ്പം പല തവണ dribbling മികവു കൊണ്ടും ആരാധകരെ വിസ്മയിപ്പിക്കാന്‍ ഹിഗ്വിറ്റയ്ക്ക് സാധിച്ചിട്ടുണ്ട്.
പക്ഷേ അദ്ദേഹത്തിന്റെ അനാവശ്യമായ കളിക്കളത്തിലെ ശൈലികള്‍ ചിലപ്പോഴെങ്കിലും ടീമിനെ തകര്‍ച്ചയുടെ പടുകുഴിയില്‍ വീഴ്ത്തിയിട്ടുമുണ്ട്. അത്തരമൊരു പിഴവില്‍ നിന്നും റോജര്‍മില്ല നേടിയ ഒരു ഗോള്‍ ആയിരുന്നു 90 ലോകകപ്പില്‍ കൊളംബിയയ്ക് പുറത്തേക്കുള്ള വഴി തെളിച്ചത്. കൊളംബിയന്‍ ലഹരി മാഫിയാ തലവന്‍ പാബ്ലോ എസ്‌കോബാറുമായുള്ള ബന്ധവും കൊക്കെയിന്‍ ഉപയോഗവും കാരണം രണ്ട് തവണ തടവുശിക്ഷ ഏറ്റു വാങ്ങേണ്ടിയും വന്നിട്ടുണ്ട് ഹിഗ്വിറ്റയ്ക്ക്.
 39 ഗോള്‍ അടിച്ച പെറു ഗോള്‍കീപ്പര്‍ ജോണി വെഗാസ് ഫെര്‍ണാണ്ടസ് മുതല്‍ സ്വന്തം ഗോള്‍ മുഖത്തു നിന്നും നീട്ടിയടിച്ചു എതിര്‍ പോസ്റ്റില്‍ ഗോളാക്കിയ USA താരം   (ഏവര്‍ട്ടനു വേണ്ടി 2011-12 സീസണില്‍, EPL ല്‍ ഒരു ഗോള്‍ കീപ്പര്‍ നേടുന്ന ആദ്യഗോള്‍) ടിം ഹൊവാഡ് വരെ  അമ്പതില്‍ പരം ഗോളിമാര്‍ ഇനിയുമുണ്ട്. ഈ ലോകകപ്പില്‍ പിറക്കാന്‍ പോവുന്ന നൂറ് കണക്കിന് ഗോളുകളില്‍ ഒരെണ്ണമെങ്കിലും ഏതെങ്കിലും ഒരു ഗോളിയുടെ കാലില്‍ നിന്നാവുവാനും ഹിഗ്വിറ്റയേയും ശിലാവര്‍ട്ടിനെയും പോലെ മറ്റൊരു ഷോമാന്‍ കൂടി ഉദയം കൊള്ളുമെന്നും നമുക്കാശിക്കാം.
ജിനേഷ് പി കെ

We use cookies to give you the best possible experience. Learn more