| Thursday, 9th August 2018, 9:10 am

ഉരുള്‍പൊട്ടലില്‍ മരണം പത്തായി; അടിമാലിയില്‍ മരിച്ചത് ഒരു കുടുംബത്തിലെ അഞ്ചു പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ മരണം പത്തായി. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, മലമ്പുഴ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയിട്ടുള്ളത്. ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ട് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മണ്ണിടിഞ്ഞു കാണാതായ ഫാത്തിമയുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.

മഴക്കെടുതി വലയ്ക്കുന്ന ഇടുക്കിയിലും വയനാട്ടിലും കോഴിക്കോട്ടും സൈന്യത്തിന്റെ സേവനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കോഴിക്കോട് ജില്ലയില്‍ ഏഴിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളത്.

നിലമ്പൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മൂന്നു പേരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരാളുടെ മൃതദേഹം ലഭിക്കുകയും ചെയ്തു. വയനാട് വൈത്തിരിയില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇടുക്കി കഞ്ഞിക്കുഴി പെരിയാന്‍ വാലിയില്‍ കുടക്കുന്നേല്‍ അഗസ്റ്റിന്‍ ഭാര്യ ഏലിക്കുട്ടി എന്നിവരും ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Also Read: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് അഞ്ച്‌ മരണം: വയനാട്ടിലും കോഴിക്കോട്ടും സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞു. ചുരത്തിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മലയോര പ്രദേശങ്ങളായ പുതുപ്പാടി, കണ്ണപ്പന്‍ കുണ്ട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. കണ്ണപ്പന്‍ കുണ്ടില്‍ ഉരുള്‍പൊട്ടി കാണാതായ റിജിലിനായുള്ള തെരച്ചില്‍ തുടരുകയാണ്.

കുറ്റ്യാടി ചുരത്തിലും ഗതാഗത തടസ്സമുണ്ട്. ജില്ലയിലെ പശുക്കടവിലും ഇലന്തിക്കടവിലും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആറളം, മുടിക്കയം, വഞ്ചിയം, മാട്ടറ, പേരട്ട എന്നിവടങ്ങളിലും ഉരുള്‍പൊട്ടി. മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വയനാട് ജില്ലയില്‍ എട്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചുരത്തില്‍ മണ്ണിടിച്ചിലുണ്ടാവുകയും മഴ കനക്കുകയും ചെയ്തതോടെ വയനാട് ജില്ല ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജില്ലയിലെ മക്കിമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ട രണ്ടു പേരെ കാണാതായിട്ടുമുണ്ട്.

ഇടുക്കി അടിമാലിയിലെ കൊരങ്ങാട്ടിയിലും മണ്ണിടിച്ചിലില്‍ ആദിവാസി ഊരിലെ രണ്ടു പേരെ കാണാതായി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more