ഫുട്‌ബോള്‍ ലോകത്ത് യുവതാരങ്ങള്‍ക്കുള്ള ഏറ്റവും വലിയ അംഗീകാരമായണ് ഗോള്‍ഡന്‍ ബോയ് പുരസ്‌കാരത്തെ പരിഗണിക്കുന്നത്. 2003ല്‍, ഇറ്റാലിയന്‍ ന്യൂസ് പേപ്പറായ ടറ്റോസ്‌പോര്‍ട്ടാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 21 വയസിന് താഴെയുള്ള ഏറ്റവും മികച്ച താരത്തിനാണ് പുരസ്‌കാരം നല്‍കപ്പെടുന്നത്.
മുന്‍കാലങ്ങളില്‍ ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ ഗോള്‍ഡന്‍ ബോയ് പുരസ്‌കാര നേട്ടത്തില്‍ തിളങ്ങിയവരാണ്.
ഈ സീസണിലുടനീളം നിരവധി യുവതാരങ്ങള്‍ തങ്ങളുടെ ടീമുകള്‍ക്കായി മികച്ച പ്രകടനം കഴ്ചവെച്ചിട്ടുണ്ട്. അവരില്‍ നിന്നും ഇത്തവണത്തെ ഗോള്‍ഡന്‍ ബോയ് പുരസ്‌കാരത്തിന് സാധ്യത കല്‍പിക്കുന്ന അഞ്ച് താരങ്ങളെ പരിശോധിക്കാം.
2022-23 സീസണില്‍ ബാഴ്‌സക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ പ്രധാനിയാണ് സ്പാനിഷ് ഫുട്‌ബോളിന്റെ ഭാവി താരങ്ങളില്‍ ഒരാളായ അലജാണ്ട്രോ ബാല്‍ഡേ. പ്രതിരോധ നിരയില്‍ ടീമിന്റെ വിശ്വസ്തനായ ബാല്‍ഡേ ബാഴ്‌സയുടെ കിരീടനേട്ടത്തിലും നിര്‍ണായക പങ്കായിരുന്നു വഹിച്ചത്.
സീസണില്‍ ടീമിനായി 44 മത്സരത്തില്‍ ബൂട്ടുകെട്ടിയ ഈ 19കാരന്‍ ഒരു ഗോള്‍ നേടുകയും ഏഴ് ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
#4 അന്റോണിയോ സില്‍വ
ബെന്‍ഫിക്കയുടെ സെന്റര്‍ ബാക്കായ അന്റോണിയോ സില്‍വയാണ് പട്ടികയിലെ രണ്ടാമന്‍. പോര്‍ച്ചുഗീസ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന 19കാരന്റെ ഡിഫന്‍സിലെ പ്രകടനങ്ങള്‍ പകരം വെക്കാനില്ലാത്തവയാണ്.
സെറ്റ് പീസുകള്‍ ഗോളാക്കി മാറ്റുന്നതില്‍ മിടുക്കനായ സില്‍വ സീസണില്‍ ഇതുവരെ അഞ്ച് ഗോളും നേടിയിട്ടുണ്ട്. ബെന്‍ഫിക്കയുടെ പ്രതിരോധ നിരയിലെ വിശ്വസ്തന്‍ സമീപഭാവിയില്‍ തന്നെ യൂറോപ്പിലെ മികച്ച ടീമുകളില്‍ കളിക്കുമെന്നുറപ്പാണ്.
ഫുട്‌ബോള്‍ ഇതിഹാസങ്ങളായ സാവിയും ആന്ദ്രേ ഇനിയേസ്റ്റയുമടക്കമുള്ള താരങ്ങള്‍ കളിച്ച ബാഴ്‌സലോണയുടെ മിഡ് ഫീല്‍ഡിലേക്ക് ഗവിയെന്ന യുവതാരമെത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയായിരുന്നു. ആ പ്രതീക്ഷകള്‍ ഒന്നും തെറ്റിക്കാതെയാണ് സ്‌പെയ്‌നില്‍ നിന്നുള്ള ഈ 18കാരന്‍ ടീമന്റെ മധ്യനിര കാക്കുന്നത്. സാവിയുടെയും ഇനിയേസ്റ്റയുടെയും പിന്‍മുറക്കാരനെന്ന് വിശേഷിപ്പിക്കാന്‍ പോന്ന താരമായ ഗാവി ഓരോ മത്സരത്തിലും തന്നെ സ്വയം മെച്ചപ്പെടുത്തുകയാണ്.
സീസണില്‍ ബാഴ്‌സക്കായി 49 മത്സരത്തില്‍ കളത്തിലിറങ്ങിയ ഗാവി മൂന്ന് ഗോള്‍ നേടുകയും ഏഴ് ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ബാഴ്‌സയുടെ ലാ ലീഗ കിരീടനേട്ടത്തിലും നിര്‍ണായക പങ്കായിരുന്നു ഗാവി വഹിച്ചത്. കഴിഞ്ഞ തവണ ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം സ്വന്തമാക്കിയ ഗാവി, ഇത്തവണയും നേട്ടം കൈപ്പിടിയിലൊതുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
#2 ജൂഡ് ബെല്ലിങ്ഹാം
പ്രായത്തില്‍ കവിഞ്ഞ കളിമികവ്, ബൊറൂസിയ ഡോര്‍ട്മുണ്ട് താരമായിരുന്ന ഈ 19കാരനെ ഇങ്ങനെ വിശേഷിപ്പിക്കാം. 2022-23 സീസണില്‍ ജര്‍മന്‍ വമ്പന്‍മാരുടെ കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്ന് ബെല്ലിങ്ഹാം തന്നെയായിരുന്നു. ഡോര്‍ട്മുണ്ട് അവസാന നിമിഷം പടിക്കല്‍ കലമുടച്ചെങ്കിലും ബെല്ലിങ്ഹാമിന്റെ പ്രകടനം ഒരിക്കലും മാറ്റിനിര്‍ത്താന്‍ സാധിക്കുന്നതല്ല.
ബൊറൂസിയക്കായി 42 മത്സരം കളിച്ച ബെല്ലിങ്ഹാം 14 ഗോള്‍ നേടുകയും ഏഴ് അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്ത സീസണില്‍ റയലിനൊപ്പമാണ് ബെല്ലിങ്ഹാമിന്റെ പോരാട്ടങ്ങള്‍ ഫുട്‌ബോള്‍ ലോകം കാണുക.
ബൊറൂസിയക്കൊപ്പം തന്നെ ഇംഗ്ലണ്ടിന് വേണ്ടിയും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കുന്നതിലും നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്.
ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ കരുത്തായ ജമാല്‍ മുസിയാലയാണ് സാധ്യതാ പട്ടികയിലെ മറ്റൊരു താരം. കിരീടം കൈവിടാനൊരുങ്ങിയ ബയേണിനെ വീണ്ടും ജര്‍മനിയുടെ രാജാക്കന്‍മാരാക്കിയതില്‍ മുസിയാലയുടെ പങ്ക് ഏറെ വലുതായിരുന്നു. അവസാന മത്സരത്തിന്റെ 89ാം മിനിട്ടില്‍ നേടിയ ഗോളായിരുന്നു ബവാരിയന്‍സനെ കിരീടം ചൂടിച്ചത്.
ബയേണിനായി സീസണില്‍ 47 മത്സരം കളിച്ച മുസിയാല 16 ഗോള്‍ നേടുകയും 16 ഗോളവസരങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Five favourites to win the Golden Boy Award