2023ലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമകളിലൊന്നാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ്ങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്ത അനിമല്‍ ആദ്യദിനം തൊട്ട് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചിരുന്നു. റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോള്‍ 900കോടിയോളമാണ് ആഗോള കളക്ഷന്‍
1- സ്ത്രീവിരുദ്ധത
‘നിന്റെ പെല്‍വിസ് വളരെ വലുതാണ്. അതിനാല്‍ നിനക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയും’ നായികയെ പ്രൊപ്പോസ് ചെയ്യുന്ന നായകന്റെ വാക്കുകളാണിത്. സ്ത്രീയുടെ പ്രധാന ജോലി പ്രസവമാണെന്ന എഴുത്തുകാരന്റെ ചിന്ത പ്രതിഫലിക്കുന്ന ഡയലോഗാണിത്. ഇത് മാത്രമല്ല, തന്നോടുള്ള സ്‌നേഹം തെളിയിക്കാന്‍ വേണ്ടി കാമുകിയോട് തന്റെ ഷൂ നക്കാന്‍ പറയുന്ന, ഗര്‍ഭിണിയായ സ്ത്രീയുടെ വയറിലേക്ക് തോക്കു ചൂണ്ടുന്ന, തന്റെ അച്ഛനെപ്പറ്റി പറയുമ്പോള്‍ ഭാര്യക്ക് നേരെ തോക്കു ചൂണ്ടുന്ന നായക കഥാപാത്രത്തിന് സിനിമയിലുടനീളം വീരപരിവേഷമാണ സംവിധായകന്‍ നല്‍കിയിരിക്കുന്നത്.
2- നാസി ആശയങ്ങളോടുള്ള പിന്തുണ
ലോകം കണ്ട ഏറ്റവും ക്രൂരമായ കൂട്ടക്കൊല നടത്തിയ ഹിറ്റ്‌ലറിന്റെ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ നായകന്റെ തീപ്പൊരി പ്രസംഗവും സംവിധായകന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാസികളുടെ സ്വസ്തിക ചിഹ്നം പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്താനും സംവിധായകന്‍ മറന്നിട്ടില്ല. ലോകത്താകമാനമുള്ള ആര്യ വംശീയവാദികള്‍ സ്വസ്തികചിഹ്നത്തെ അഭിമാനത്തോടെ ഉപയോഗിക്കുന്നുണ്ട്. ഈ സിനിമയില്‍ നായകന്റെ കമ്പനിയുടെ പേര് സ്വസ്തിക് എന്നാക്കിയതും യാദൃശ്ചികമാണെന്ന് കരുതാനാകില്ല. എന്നാല്‍ നാസികളുടേത് ചെരിഞ്ഞ സ്വസ്തികവും ഇവിടെ നേരെയുള്ള സ്വസ്തികവുമാണെന്നാണ് വാദം.
3- ബി.ജെ.പി അജണ്ട
ഇത്രയും നാള്‍ സിനിമകളില്‍ ഒളിഞ്ഞും തെളിഞ്ഞും കടത്തിക്കൊണ്ടിരുന്ന ബി.ജെ.പി അജണ്ട ഈ സിനിമയില്‍ വളരെ ക്ലിയറായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിനിമയിലെ പ്രധാനപ്പെട്ട ഒരു ഭാഗത്ത് മോദി സര്‍ക്കാര്‍ കൊണ്ടു വന്ന മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ വാക്കുകളെ കൈയടി കിട്ടുന്ന തരത്തിലാണ് സന്ദീപ് റെഡ്ഡി അവതരിപ്പിച്ചിരിക്കുന്നത്.
2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യ. ഇന്ത്യയെ ആഗോള ഉല്പാദന കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യമായിരുന്നു പദ്ധതിക്ക് പിന്നില്‍. അതുപോലെ തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ച മറ്റൊരു പദ്ധതിയാണ് ആത്മനിര്‍ഭര്‍ ഭാരത്. സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കലാണ് പാക്കേജിന്റെ ഉദ്ദേശ്യം. തെരഞ്ഞെടുപ്പ് സമയത്ത് മോദി സര്‍ക്കാരിന്റെ പ്രചരണായുധങ്ങളായിരുന്നു ഈ വാക്കുകള്‍.
4- ആല്‍ഫാ മെയിലുകളെ മഹത്വവല്‍ക്കരിക്കല്‍
പ്രാചീനകാലത്ത് വേട്ടയാടി നടന്നിരുന്ന മനുഷ്യരില്‍ ഏറ്റവും ശക്തരും നേതൃപാടവവുമുള്ള പുരുഷന്മാരാണ് ആല്‍ഫാ മെയിലുകള്‍. ആര് എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്ന ആല്‍ഫാ മെയിലാണ് താനെന്ന് സ്വയം വിചാരിക്കുന്ന ഒരു കഥാപാത്രമാണ് അനിമലിലെ നായകന്‍. ആല്‍ഫ മെയിലുകള്‍ക്ക് മാത്രമേ സ്ത്രീകളെ സംരക്ഷിക്കാനും എന്തും നേരിടാനും കഴിയൂ എന്ന് നായകനെക്കൊണ്ട് പറയിപ്പിക്കുന്ന സംവിധായകന് ഈ ആധുനികകാലത്ത് ആല്‍ഫാ മെയിലുകളുടെ യാതൊരു സാമ്യവുമില്ലാത്ത ബീറ്റകള്‍ മാത്രമേ ഉള്ളൂ എന്ന സാമാന്യബോധം പോലും ഇല്ലന്ന് കരുതേണ്ടി വരും.
5- വിമര്‍ശകരെ പുച്ഛത്തോടെ കാണുന്ന സന്ദീപ് റെഡ്ഡി വാങ്ക
‘ഒരു റിലേഷന്‍ഷിപ്പില്‍ പുരുഷന്‍ സ്ത്രീയെ തല്ലുമ്പോള്‍ മാത്രമേ അത് പൂര്‍ണമാവുകയുള്ളൂ’തന്റെ മുന്‍ചിത്രങ്ങളിലെ സ്ത്രീവിരുദ്ധതക്ക് നേരെ വന്ന വിമര്‍ശനങ്ങളോട് സന്ദീപ് റെഡ്ഡി പ്രതികരിച്ചത് ഇങ്ങനെയാണ്. തന്റെ സിനിമകള്‍ എല്ലാം വയലന്‍സിനെ ഗ്ലോറിഫൈ ചെയ്യുന്നു എന്ന വിമര്‍ശനത്തിന്, യഥാര്‍ത്ഥ വയലന്‍സ് എന്താണന്ന് കാണാന്‍ പോകുന്നതേയുള്ളൂ എന്നാണ് മറുപടി നല്‍കിയത്. തന്റെ സിനിമകള്‍ക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെ സന്ദീപ് നേരിടുന്ന രീതിയും അപകടകരമാണ്.
അനിമലിന് ലഭിക്കുന്ന കൈയടികളും സ്വീകാര്യതയും ഇതേ പാത പിന്തുടരാന്‍ ശ്രമിക്കുന്ന മറ്റ് സിനിമകള്‍ക്ക് കൊടുക്കുന്ന ഊര്‍ജവും അത് ഇന്ത്യന്‍ സിനിമക്ക് നല്‍കുന്ന മുന്നറിയിപ്പും അവഗണിക്കപ്പെടേണ്ടതല്ല. യുവാക്കളെ ആകര്‍ഷിക്കാന്‍ വയലന്‍സിലും മാസ് ബി.ജി.എമ്മിലും പൊതിഞ്ഞ് ഇറങ്ങുന്ന അനിമല്‍ പോലുള്ള ചിത്രങ്ങള്‍ സമൂഹത്തെ മോശമായ രീതിയില്‍ സ്വാധീനിക്കും എന്നതില്‍ സംശയം വേണ്ട.
Content Highlight: Five dangerous facts in Animal movie