ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത റിഷഭ് പന്തിനെ തേടി അപൂര്‍വ്വ റെക്കോര്‍ഡും. ഇംഗ്ലണ്ടില്‍ സെഞ്ചുറി അടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ചരിത്ര നേട്ടമാണ് ടെസ്റ്റ് കരിയറിലെ തന്റെ കന്നി സെഞ്ചുറിയിലൂടെ പന്ത് സ്വന്തമാക്കിയത്.
ഒരു ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം വിക്കറ്റ് കീപ്പര്‍ കൂടിയാണ് പന്ത്. ധോണി നേടിയ 92 റണ്‍സായിരുന്നു ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. ഇതും സെഞ്ചുറി നേട്ടത്തോടെ പന്ത് മറികടന്നു. ഒരു സിക്‌സിലൂടെ ടെസ്റ്റ് കരിയറിന് തുടക്കം കുറിച്ച പന്ത് മറ്റൊരു സിക്‌സറിലൂടെയാണ് കന്നി ടെസ്റ്റ് സെഞ്ചുറിയും നേടിയത്.
ഇന്ത്യ ജയിച്ച ട്രെന്റബ്രിഡിജ് ടെസ്റ്റില്‍ ദിനേശ് കാര്‍ത്തിക്കിന് പകരം അരങ്ങേറിയ പന്ത് മികച്ച തുടക്കത്തിനുശേഷം 24 റണ്‍സെടുത്ത് പുറത്തായിരുന്നു. ആദില്‍ റഷീദിനെ സിക്‌സറിന് പറത്തിയായിരുന്നു പന്ത് ആദ്യ ടെസ്റ്റ് റണ്ണെടുത്തത്. രണ്ടാം ഇന്നിംഗ്‌സിലാകട്ടെ ആന്‍ഡേഴ്‌സന്റെ സ്വിംഗിന് മുന്നില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. നാലാം ടെസ്റ്റിലാകട്ടെ ആദ്യ ഇന്നിഗ്‌സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്‌സില്‍ 18 ഉം റണ്‍സ് മാത്രമാണെടുത്തത്.
Read Also : ഹ്യൂമിനോട് കാണിച്ചത് ക്രൂരതയെങ്കില്‍ ഹ്യൂം കാണിച്ചതും ക്രൂരത തന്നെ; ബ്ലാസ്റ്റേഴ്‌സ്
ഇതോടെ പന്തിന് പകരം കാര്‍ത്തിക്കിനെ തിരിച്ചുവിളക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ അവസാന ടെസ്റ്റിലും സെലക്ടര്‍മാര്‍ പന്തില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ നിരാശപ്പെടുത്തി പന്ത് വിക്കറ്റിന് പിന്നില്‍ യഥേഷ്ടം ബൈ റണ്‍സ് വഴങ്ങുകകൂടി ചെയ്തതോടെ തല്‍ക്കാലത്തെക്കെങ്കിലും ടെസ്റ്റ് കരിയറിന് വിരാമമിടേണ്ടിവരുമെന്ന് കരുതിയിരിക്കെയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഉജ്ജ്വല സെഞ്ചുറിയുമായി ഉഗ്രന്‍ തിരിച്ചുവരവ് നടത്തിയത്.
ആക്രമണശൈലിയില്‍ ബാറ്റ് വീശിയ പന്ത് 14 ബൗണ്ടറികളും 3 സിക്സുമടക്കമാണ് സെഞ്ച്വറി കുറിച്ചത്. നേരത്തെ രാഹുലും ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നു. മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം വീണിടത്ത് നിന്നാണ് രാഹുലും പന്തും ഇന്ത്യയെ തോല്‍വിയിലും മാനം കാത്തത്.
അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ 118 റണ്‍സിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത് (4-1).