| Tuesday, 24th November 2020, 10:06 am

'മൊഴി മാറ്റാന്‍ അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷം രൂപയും വാഗ്ദാനം'; നടിയെ ലെെംഗീകമായി ആക്രമിച്ച കേസില്‍ മറ്റൊരു സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: നടിയെ ലെെംഗീകമായി ആക്രമിച്ച കേസില്‍ മറ്റൊരു സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. മൊഴി മാറ്റുന്നതിനായി പണവും സ്ഥലവും വാഗ്ദാനം ചെയ്‌തെന്ന് കാണിച്ച് തൃശ്ശൂര്‍ പട്ടിക്കാട് സ്വദേശി നെല്ലിക്കല്‍ വീട്ടില്‍ ജിന്‍സാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇ-മെയില്‍ വഴി പീച്ചി പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ ജിന്‍സന്റെ ഭാര്യ കൊവിഡ് ബാധിതയാണ്. അതുകൊണ്ട് തന്നെ കേസില്‍ അന്വേഷണം നടത്താന്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്നാണ് പൊലീസ് പറയുന്നത്.

നടിയെ ലെെംഗീകമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിക്കൊപ്പം മറ്റൊരു കേസില്‍ ജിന്‍സ് ജയിലില്‍ കഴിഞ്ഞിരുന്നു. ഈ സമയത്ത് പള്‍സര്‍ സുനി തന്നോട് പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ ജിന്‍സ് മൊഴിയായി നല്‍കിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു കേസ് അന്വേഷണം ദിലീപിലേക്ക് തിരിഞ്ഞതും ദിലീപ് അറസ്റ്റിലായതും. എന്നാല്‍ ഈ മൊഴിയില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് പണവും സ്ഥലവും വാഗ്ദാനം ലഭിച്ചെന്നാണ് ജിന്‍സ് പറയുന്നത്.

കൊല്ലം സ്വദേശിയാണ് തന്നെ വിളിച്ചത് അഞ്ച് സെന്റ് സ്ഥലവും 25 ലക്ഷം രൂപയുമാണ് ജിന്‍സിന് മൊഴി മാറ്റുന്നതിനായി വാഗ്ദാനം ലഭിച്ചതെന്നും ജിന്‍സ് നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം കേസിലെ മറ്റൊരു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെ.ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ചൊവ്വാഴ്ച രാവിലെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ എം.എല്‍.എ ഓഫീസിലെത്തിയായിരുന്നു ബേക്കല്‍ പൊലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസര്‍ഗോഡേക്ക് കൊണ്ടുപോകും.

കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ ലാലിന്റെ ബന്ധുവിനെ കാണാനായി പ്രദീപ് കുമാര്‍ കാസര്‍ഗോഡിലെ ജ്വല്ലറിയില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാച്ച് വാങ്ങാന്‍ മാത്രമാണ് പ്രദീപ് കുമാര്‍ ഇവിടെയെത്തിയതെന്നായിരുന്നു പ്രതിഭാഗം അറിയിച്ചത്.

പ്രദീപ്കുമാറടക്കമുള്ളവര്‍ പങ്കെടുത്ത എറണാകുളത്ത് വെച്ച് നടന്ന ഒരു യോഗത്തിന് ശേഷമാണ് മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ തീരുമാനിച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. സോളാര്‍ കേസില്‍ സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടയാളാണ് പ്രദീപ് കുമാറെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ഇതുവരെ 50 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ സാക്ഷികളായവര്‍ കൂറുമാറിയതും ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജി വെച്ചിരുന്നു. രാജി തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:’Five cents land and Rs 25 lakh offer to change statement’; complaint alleges an attempt to influence another witness in actress attack case

We use cookies to give you the best possible experience. Learn more