| Sunday, 16th April 2017, 7:37 pm

'മോദി പറഞ്ഞാലും ഇവിടെ നടപ്പില്ല'; മുസ്‌ലിം വിഭാഗത്തിനുള്ള സംവരണ വര്‍ധനവിനെതിരെ തെലങ്കാനയില്‍ ബി.ജെ.പി പ്രതിഷേധം; അഞ്ച് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മുസ്‌ലിം സമുദായത്തിലെ പിന്നോക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ സമാന വിഷയത്തില്‍ വിരുദ്ധ നിലപാടുമായ് തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എമാര്‍. സംസ്ഥാനത്ത് മുസ്‌ലിം സമുദായത്തിലെ പിന്നോക്കകാര്‍ക്ക് ഏര്‍പ്പെടുത്തിയ 12 ശതമാനം സംവരണ വര്‍ധനവിനെതിരെ പ്രതിഷേധിച്ച എം.എല്‍.എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡും ചെയ്തു.


Also read പാര്‍ട്ടിയെ വളര്‍ത്താനായ് മോദി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്; പ്രതിപക്ഷം ഇപ്പോള്‍ ഒരുമിച്ചാല്‍ ബി.ജെ.പിയ കാണാന്‍ കിട്ടില്ല: ലാലു പ്രസാദ് യാദവ് 


മുസ്‌ലിം സമുദായത്തിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന ബില്‍ തെലങ്കാന നിയമസഭാ ഇന്നാണ് പാസാക്കിയത്. ബി.ജെ.പി എം.എല്‍.എമാരുടെ പ്രതിഷേധത്തിനിടെയായിരുന്നു നിയമസഭ പ്രത്യേക സമ്മേളനത്തില്‍ സംവരണ ബില്‍ പാസാക്കിയത്.

മുസ്‌ലിം സമുദായത്തിലെ പിന്നോക്കാക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂവനേശ്വറില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രഖ്യാപിച്ച സാഹര്യത്തില്‍ തന്നെയായിരുന്നു സമാന വിഷയത്തില്‍ വിരുദ്ധ നിലപാടുമായി പാര്‍ട്ടി തെലങ്കാന എം.എല്‍.എമാര്‍ രംഗത്തെത്തിയത്. സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിന് അഞ്ച് ബി.ജെ.പി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത് വിഷയത്തില്‍ പാര്‍ട്ടിയ്ക്ക് ക്ഷീണമാകും.

തെലങ്കാന സര്‍ക്കാര്‍ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും സംവരണ ബില്‍ ഭരണഘടനാ താല്‍പ്പര്യത്തിന് വിരുദ്ധമാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവായിരുന്നു സഭയില്‍ ബില്‍ അവതരിപ്പിച്ചത്. പുതിയ ബില്‍ പ്രകാരം ജോലിയ്ക്കും വിദ്യാഭ്യാസകാര്യങ്ങള്‍ക്കും മുസ്‌ലിം സമുദായത്തിനുള്ള സംവരണം നാലില്‍ നിന്നും 12 ശതമാനമായാണ് വര്‍ധിപ്പിച്ചത്.

മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണവും സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ആറില്‍ നിന്നും പത്തു ശതമാനമായാണ് ഈ വര്‍ധനവ്. സര്‍ക്കാരിന്റെ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും രംഗത്തെത്തിയിട്ടുണ്ട്. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം മറ്റൊരു പാകിസ്താനെ സൃഷ്ടിക്കുമെന്നാണ് വെങ്കയ്യ നായിഡുവിന്റെ വിമര്‍ശനം.


Dont miss ‘ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു കോടി’; ഇ.വി.എം അട്ടിമറിക്കാമെന്നവകാശപ്പെട്ട് തന്നെയൊരാള്‍ സമീപിച്ചെന്ന് ദിഗ് വിജയ് സിങിന്റെ വെളിപ്പെടുത്തല്‍ 


എസ്.സി-എസ്.ടിക്കാര്‍ക്ക് സംവരണം വര്‍ധിപ്പിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നും മുസ്‌ലിം വിഭാഗങ്ങള്‍ക്ക് സംവരണം വര്‍ധിപ്പിച്ചതിനെ അംഗീകരിക്കില്ലെന്നുമുള്ള ബി.ജെ.പി നിലപാടിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഗുജറാത്തില്‍ ബി.ജെ.പി പട്ടേല്‍ വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കിയത് മതപരമായ സംവരണമല്ലേയെന്ന ചോദ്യവുമായി കോണ്‍ഗ്രസ് അംഗവും പ്രതിപക്ഷ നേതാവുമായ മൊഹ്ദ് അലി ഷാബിര്‍ രംഗത്തെത്തി.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. ലക്ഷ്മണ്‍, മുതിര്‍ന്ന നേതാവായ ജി കിഷന്‍ റെഡ്ഡി തുടങ്ങിയ എം.എല്‍.എമാരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more