ആടുജീവിതം എന്ന സിനിമ ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുമ്പോള്‍ എല്ലാവരും ഒരുപോലെ പ്രശംസിക്കുന്നത് പൃഥ്വിരാജ് എന്ന നടനെയാണ്. നജീബ് എന്ന കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിചെല്ലാന്‍ തന്റെ ശരീരഭാരം 30 കിലോയോളം കുറച്ചത് റിലീസിന് മുന്നേ വലിയ വാര്‍ത്തയായിരുന്നു. ഇതിനായി പൃഥ്വിയെ സഹായിച്ചത് അജിത് ബാബു എന്ന ഫിറ്റ്‌നസ് ട്രെയിനറായിരുന്നു.
പൃഥ്വിരാജുമായി സംസാരിച്ച്, ഇത്ര ദിവസത്തിനുള്ളില്‍ മെലിയണമെന്ന് കൃത്യമായി പ്ലാന്‍ തയാറാക്കിയപ്പോള്‍ തന്നെ എല്ലാം കഴിഞ്ഞ് പഴയ രൂപത്തിലേക്ക് തിരിച്ചെത്തുന്ന കാര്യം കൂടി പരിഗണനയിലുണ്ടായിരുന്നുവെന്ന് അജിത് ബാബു പറഞ്ഞു. താന്‍ നല്‍കുന്ന ഡയറ്റ് പ്ലാനുകളെല്ലാം യാതൊരു പരാതിയുമില്ലാതെ കൃത്യമായി ഫോളോ ചെയ്തിരുന്ന ആളായിരുന്നു പൃഥ്വിയെന്നും അജിത് കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ഈ സിനിമക്ക് വേണ്ടി ഇത്രയും ഭാരം കുറക്കണമെന്ന് തീരുമാനിച്ച്, അതിന് വേണ്ടി പ്രത്യേക ഡയറ്റ് പ്ലാനും വര്‍ക്കൗട്ടും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്ത മറ്റൊരു കാര്യമുണ്ട്. തിരിച്ച് പഴയ രൂപത്തിലേക്ക് വരേണ്ടതിന്റെ പ്ലാന്‍. അതും ആ സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു. കാരണം, എല്ലാം കഴിയുമ്പോള്‍ നമ്മുടെ കൈയില്‍ അധികം സമയം ഉണ്ടാകില്ല. രാജുവേട്ടനാണെങ്കില്‍ ഇത് കഴിഞ്ഞ് അടുത്ത സിനിമ ചെയ്യേണ്ടതാണല്ലോ, അതുകൊണ്ടാണ്. മാത്രമല്ല, ഈ ഡയറ്റ് പ്ലാനില്‍ അധികനാള്‍ നിന്നാല്‍ ബോഡിയെ അത് അഫക്റ്റ് ചെയ്യാനും ചാന്‍സുണ്ട്.
ആ സമയത്ത് ഞാന്‍ പറയുന്ന ഡയറ്റ് പ്ലാന്‍ കൃത്യമായി ഫോളോ ചെയ്തിരുന്ന ആളായിരുന്നു രാജുവേട്ടന്‍. ഞാന്‍ ഈ ഫീല്‍ഡില്‍ എത്തിയിട്ട് 12 വര്‍ഷമായി. എന്നാല്‍ രാജുവേട്ടന്‍ കഴിഞ്ഞ 20 വര്‍ഷമായി വര്‍ക്കൗട്ടും കാര്യങ്ങളും ചെയ്യുന്ന ആളാണ്. പല രാജ്യങ്ങളില്‍ പോയി അവിടത്തെ വര്‍ക്കൗട്ട് പ്ലാനുകളും, ഡയറ്റുമൊക്കെ കൃത്യമായി പഠിച്ച ഒരാളാണ്. രാജുവേട്ടന്റെ ഡെഡിക്കേഷനും കമ്മിറ്റ്‌മെന്റുമൊക്കെ അത്ഭുതപ്പെടുത്തുന്നതായിരുന്നു,’ അജിത് ബാബു പറഞ്ഞു.
Content Highlight: Fitness trainer of Prithviraj saying that they decided the plan for weight gain in the beginning of diet