| Sunday, 7th April 2024, 10:32 pm

കുറച്ചുകൂടെ മെലിഞ്ഞ് ആ തോളെല്ല് കാണിക്കാന്‍ പറ്റുമോ എന്ന് ബ്ലെസി സാര്‍ ചോദിച്ചിരുന്നു: പൃഥ്വിയുടെ ട്രെയിനര്‍ അജിത് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം എന്ന സിനിമ ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുമ്പോള്‍ എല്ലാവരും ഒരുപോലെ പ്രശംസിക്കുന്നത് പൃഥ്വിരാജ് എന്ന നടനെയാണ്. നജീബ് എന്ന കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിചെല്ലാന്‍ തന്റെ ശരീരഭാരം 30 കിലോയോളം കുറച്ചത് റിലീസിന് മുന്നേ വലിയ വാര്‍ത്തയായിരുന്നു. സിനിമയില്‍ ആ ട്രാന്‍സ്‌ഫോര്‍മേഷന്‍ എത്ര ഭീകരമായിരുന്നുവെന്ന് കാണിക്കുന്ന രംഗം സിനിമ കഴിഞ്ഞും പ്രേക്ഷകരെ വേട്ടയാടുന്ന ഒന്നാണ്.

പൃഥ്വിയുടെ ഈ ട്രാന്‍സ്‌ഫോര്‍മേഷന് വേണ്ടി സഹായിച്ചത് അജിത് ബാബു എന്ന ഫിറ്റ്‌നസ് ട്രെയിനറാണ്. കൃത്യമായ പ്ലാനിങ്ങിലൂടെയാണ് പൃഥ്വിയെ സിനിമയില്‍ കാണിച്ച രൂപത്തിലേക്ക് എത്തിച്ചതെന്നും, അതിനായി പൃഥ്വി യാതൊരു പരാതിയുമില്ലാതെ കൂടെ നിന്നിരുന്നുവെന്നും അജിത് പറഞ്ഞു. വെറും സെക്കന്‍ഡുകള്‍ മാത്രമുള്ള സീനിലാണ് പൃഥ്വി നടത്തിയ കഷ്ടപ്പാട് എത്രത്തോളം അറിയുക എന്നും ആ സമയത്ത് കുറച്ചുകൂടെ മെലിയാന്‍ പറ്റുമോ എന്ന് ബ്ലെസി ചോദിച്ചിരുന്നുവെന്നും അജിത് പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അജിത് ഇക്കാര്യം പറഞ്ഞത്.

‘വെറും സെക്കന്‍ഡുകള്‍ മാത്രമുള്ള സീനിലാണ് ഇത്രയും കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആളുകള്‍ക്ക് മനസിലാവുന്നത്. ആ സീനില്‍ കാണുന്ന അവസ്ഥയിലേക്കെത്താന്‍ വേണ്ടിയായിരുന്നു ഞങ്ങളുടെ പ്ലാന്‍. ഓരോ ഫെയ്‌സിലും ഇങ്ങനെയൊക്കെ ചെയ്ത് വെയ്റ്റ് കുറക്കണം എന്ന കൃത്യമായ പ്ലാന്‍ ആദ്യമേ ഉണ്ടായിരുന്നു. അതിന് വേണ്ടി പൃഥ്വി ഒരു പരാതിയുമില്ലാതെ കൂടെ നിന്നു.

ആ സീനിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തുന്നത് ജോര്‍ദനില്‍ വെച്ചാണ്. അപ്പോള്‍ അവിടത്തൈ ക്ലൈമറ്റിനനുസരിച്ച് നമ്മള്‍ ഡയറ്റ് പ്ലാന്‍ ചെയ്യണം. ആ സമയത്ത് പൃഥ്വി മെലിഞ്ഞതില്‍ ബാക്കി എല്ലാവരും സാറ്റിസ്‌ഫൈഡ് ആയിരുന്നു. പക്ഷേ ബ്ലെസി സാര്‍ ചോദിച്ചത്, ഇനിയും മെലിയാന്‍ കഴിയുമോ എന്നായിരുന്നു. ആ ഷോള്‍ഡറിലെ എല്ലുകളൊക്കെ കുറച്ചുകൂടെ കാണാന്‍ പറ്റിയാല്‍ നന്നായേനെ എന്ന് പുള്ളി സജസ്റ്റ് ചെയ്തു.

ബ്ലെസി സാറിനെപ്പോലെ പെര്‍ഫക്ഷനിസ്റ്റാണ് പൃഥ്വിയും. ബ്ലെസി സാര്‍ ഒന്നുകൂടി ആഞ്ഞ് നിര്‍ബന്ധിച്ചിരുന്നെങ്കില്‍ പൃഥ്വി വീണ്ടും മെലിഞ്ഞേനെ. അത്രക്ക് ഡെഡിക്കേറ്റഡായിട്ടുള്ള ആളാണ് പൃഥ്വി,’ അജിത് പറഞ്ഞു.

Content Highlight: Fitness trainer Ajith Babu explians the efforts of Prithviraj in Aadujeevitham

We use cookies to give you the best possible experience. Learn more