ന്യൂദല്‍ഹി: ആരോഗ്യപ്രവര്‍ത്തകരെ വീട്ടിലെത്തിച്ച് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതില്‍ ബി.ജെ.പി. എം.പി. പ്രഗ്യാ സിംഗ് താക്കൂറിനെതിരെ പ്രതിഷേധം ശക്തം.
പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും മാത്രമാണ് നിലവില്‍ വീട്ടിലെത്തി വാക്‌സിന്‍ കൊടുക്കാന്‍ അനുവാദമുള്ളത്. ഈ സാഹചര്യത്തിലാണ് വാക്‌സിനെടുക്കാനായി ആരോഗ്യപ്രവര്‍ത്തകരെ പ്രഗ്യാ സിംഗ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
അതേസമയം പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിശദീകരണം. നിയമലംഘനം നടത്തിയിട്ടില്ലെന്നും ആരോഗ്യപ്രശ്‌നമുള്ളതിനാലാണ് പ്രഗ്യയ്ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ പ്രഗ്യയുടെ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. വാക്‌സിന്‍ എടുക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടയാളാണ് പ്രഗ്യയെന്നും വിവാഹപാര്‍ട്ടികളില്‍ ഡാന്‍സ് കളിക്കുന്ന അവരുടെ ദൃശ്യങ്ങള്‍ ജനങ്ങള്‍ കണ്ടതാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
‘ബാസ്‌ക്കറ്റ് ബോള്‍ കളിക്കാനും, വിവാഹ ആഘോഷങ്ങളില്‍ ഡാന്‍സ് കളിക്കാനും യാതൊരു കുഴപ്പവുമില്ല. വാക്‌സിന്‍ എടുക്കാന്‍ മാത്രം ആരോഗ്യപ്രവര്‍ത്തകരെ വീട്ടില്‍ വിളിച്ചുവരുത്തുന്നു.
പ്രധാനമന്ത്രി വരെ ആശുപത്രിയില്‍ പോയാണ് കൊവിഡ് വാക്‌സിന്‍ എടുത്തത്. പിന്നെ പ്രഗ്യയ്ക്ക് മാത്രം എന്തിനാണ് ഈ സൗജന്യം?,’ കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.
മധ്യപ്രദേശില്‍ വാക്‌സിന്‍ സെന്ററുകളില്‍ വാക്‌സിനെടുക്കാനായി എത്തുന്നവരുടെ നീണ്ട നിര ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടിലെത്തി ആരോഗ്യപ്രവര്‍ത്തകര്‍ പ്രഗ്യയ്ക്ക് വാക്‌സിന്‍ നല്‍കിയത്.