ജയ്പൂര്‍: കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പറഞ്ഞ ആര്‍.എല്‍.പി നേതാവ് ഹനുമാന്‍ ബെനിവാളിനെ വെല്ലുവിളിച്ച് ബി.ജെ.പി. ബെനിവാളിന് വേണമെങ്കില്‍ മുന്നണി വിടാമെന്ന് രാജസ്ഥാനിലെ ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
വസുന്ധര രാജെ സിന്ധ്യയുടെ അനുയായികളാണ് ബെനിവാളിനെതിരെ പരസ്യമായി രംഗത്തെത്തിയത്. പ്രതാപ് സിംഗ് സിംഗ്‌വി, ഭവാനി സിംഗ് രജാവത്, പ്രഹ്ലാദ് ഗുഞ്ചാല്‍ എന്നീ നേതാക്കളാണ് ബെനിവാളിനോട് മുന്നണി വിടാന്‍ ആവശ്യപ്പെട്ടത്.
രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന ജാട്ട് നേതാവാണ് ബെനിവാള്‍. നേരത്തെ ബി.ജെ.പിയിലായിരുന്ന ബെനിവാള്‍ വസുന്ധര രാജെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ട് ആര്‍.എല്‍.പി രൂപീകരിച്ചത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയുമായി ആര്‍.എല്‍.പി സഖ്യം ചേര്‍ന്നത്. നിലവില്‍ മൂന്ന് എം.എല്‍.എമാരാണ് ആര്‍.എല്‍.പിയ്ക്കുള്ളത്. ബെനിവാള്‍ നിലവില്‍ എം.പിയാണ്.
നേരത്തെ കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ എന്‍.ഡി.എ വിടുമെന്ന് ആര്‍.എല്‍.പി പറഞ്ഞിരുന്നു.
കര്‍ഷക സമരത്തോട് രാജ്യമാകെ അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം. സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണം. അധികം വൈകാതെ തന്നെ കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും വേണമെന്ന് ബെനിവാള്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക