പൊന്നാനിയില്‍ നിന്ന് പോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്ന് പോയ വള്ളവുമാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായി കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് മത്സ്യബന്ധനത്തിനായി പോയ മൂന്ന് ബോട്ടുകളും ഒരു വള്ളവും അപകടത്തില്‍പ്പെട്ടത്.
പൊന്നാനിയില്‍ നിന്ന് പോയ അലിഫ് എന്ന് പേരുള്ള ബോട്ട് അപകടത്തില്‍പ്പെട്ടിരിക്കുന്നത് ആഴക്കടലിലാണ്. ഈ ബോട്ടില്‍ ആറ് പേരാണ് ഉള്ളതെന്നാണ് വിവരം. അഞ്ച് പേര്‍ മലയാളികളും ഒരാള്‍ അതിഥി തൊഴിലാളിയുമാണ്.
ബോട്ട് അപകടത്തില്‍പ്പെട്ടയുടനെ തന്നെ രക്ഷാപ്രവര്‍ത്തകരെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് അപകട വിവരം പുറത്തറിയുന്നത്. എന്നാല്‍ പിന്നീട് മത്സ്യത്തൊഴിലാളികളുമായി ഉണ്ടായിരുന്ന ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പൊന്നാനിയില്‍ നിന്നും ഇന്നലെ രാവിലെ മത്സ്യബന്ധനത്തിന് പോയ ബോട്ട് തീരത്തോട് അടുക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
താനൂരില്‍ നിന്ന് പോയ വള്ളത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പൊന്നാനിയില്‍ നിന്ന് പോയ മത്സ്യ ബന്ധന ബോട്ടുകള്‍ അഴീക്കോട് തീരത്തക്ക് അടുപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ വള്ളം തിരിച്ച് പൊന്നാനിയിലേക്ക് പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പ്രദേശവാസിയായ മത്സ്യത്തൊഴിലാളി പറഞ്ഞു.
തൃശ്ശൂര്‍ നാട്ടികയില്‍ അപകടത്തില്‍പ്പെട്ട മത്സ്യ ബന്ധന ബോട്ടില്‍ ഉണ്ടായിരുന്നത് ആറ് പേരാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് മത്സ്യത്തൊഴിലാളികള്‍ നേരത്തെ അറിയിച്ചിരുന്നത്.
അതേസമയം അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക