| Saturday, 22nd December 2018, 3:58 pm

ഞങ്ങള്‍ക്കിവിടെ ജീവിക്കണം; കരിമണല്‍ ഖനനത്തിനെതിരെ അരനൂറ്റാണ്ടായി പോരാടുന്ന ആലപ്പാടെ മല്‍സ്യത്തൊഴിലാളികള്‍ സംസാരിക്കുന്നു

ജംഷീന മുല്ലപ്പാട്ട്

മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ രക്ഷകരായി ആദ്യമെത്തിയത് മുഖ്യധാര തിരസ്‌ക്കരിച്ച മല്‍സ്യത്തൊഴിലാളികള്‍ ആയിരുന്നു. മുഖ്യമന്ത്രി അവരെ കേരളത്തിന്റെ സൈന്യമെന്നു വിളിച്ചു. എന്നാല്‍ അധികാരികളും പൊതുജനവും അറിയേണ്ടതുണ്ട് ആലപ്പാട് നശിച്ചുകൊണ്ടിരിക്കുന്ന ഒരു മല്‍സ്യബന്ധന ഗ്രാമമുണ്ടെന്ന്. എന്തുകൊണ്ടാണ് കഴിഞ്ഞ 60വര്‍ഷമായി ഇവിടുത്തെ മല്‍സ്യത്തൊഴിലാളികള്‍ അതിജീവനത്തിനു വേണ്ടി പോരാടുന്നതെന്ന്.

കൊല്ലം ജില്ലയുടെ പടിഞ്ഞാര്‍ ഭാഗത്താണ് മല്‍സ്യബന്ധന ഗ്രാമമായ ആലപ്പാട്. ഇന്ത്യന്‍ പ്രധിരോധ മന്ത്രാലയത്തിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ റയര്‍ എര്‍ത്ത്, കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സ് എന്നീ സ്ഥാപനങ്ങളാണ് അരനൂറ്റാണ്ട് കാലമായി ആലപ്പാട് കരിമണല്‍ ഖനനം നടത്തുന്നത്.

4000ത്തോളം മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഈ ഖനനത്തിന്റെ പ്രത്യാഘാതങ്ങള്‍ മൂലം തൊഴിലും ഭൂമിയും ഉപേക്ഷിച്ച് പലയിടങ്ങളിലേയ്ക്കും പലായനം ചെയ്തു. സ്‌കൂളുകള്‍ പൂട്ടപ്പെട്ടു, കൃഷി പൂര്‍ണമായും നശിച്ചു, മൂന്നു ഗ്രാമങ്ങള്‍ ഖനനം മൂലം അപ്രത്യക്ഷമായി. ബാക്കിയുള്ള തീരത്തിനും സ്വന്തം മണ്ണില്‍ ജീവിക്കാനും തൊഴില്‍ തിരിച്ചു പിടിക്കാനും വേണ്ടിയാണ് ആലപ്പാടുകാരുടെ സമരം.

17 കിലോമീറ്ററോളം നീളത്തില്‍ കടലിനും കായലിനുമിടയില്‍ വരമ്പുപോലെ കിടക്കുന്ന ഭൂപ്രദേശമാണ് ആലപ്പാട്. പലയിടങ്ങളിലും കടലിനും കായലിനുമിടയ്ക്കുള്ള അകലം മൂന്നു മീറ്ററായി ചുരുങ്ങിയിരിക്കുകയുമാണ്. പാടശേഖരങ്ങളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞിരുന്ന പ്രദേശം മരുഭൂമിക്ക് തുല്യമായി മാറിക്കൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന ഭൂമിയെങ്കിലും സംരക്ഷിക്കുകയെന്ന ലക്ഷ്യമിട്ടാണ് സ്റ്റോപ്പ് മൈനിങ്, സേവ് ആലപ്പാട് എന്ന മുദ്രാവാക്യവുമായി ജനകീയ സമരസമിതി അനിശ്ചിതകാല റിലേ സത്യാഗ്രഹവുമായി രംഗത്തിറങ്ങിയത്. വനിതകളും കുട്ടികളും യുവാക്കളും വൃദ്ധരും സമരരംഗത്തുണ്ട്.

1920കളില്‍ തന്നെ ആലപ്പാട് നിന്നും കരിമണന്‍ ഖനനം തുടങ്ങിയിരുന്നു. കരിമണല്‍ കോടിക്കണക്കിനു മൂലധനം നേടിത്തരുമെന്ന് മനസ്സിലായതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങള്‍ രാപ്പകലില്ലാതെ കരിമണല്‍ കോരിക്കൊണ്ടിരുന്നു. നിലവില്‍ 300 ലോഡ് മണലാണ് ഓരോ ദിവസവും ആലപ്പാടുനിന്നും കൊണ്ടുപോകുന്നത്.

1955ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് പഞ്ചായത്ത് ഇന്ന്് 7.6 ചതുരശ്ര വിസ്തൃതിയിലേയ്ക്ക് ആയിത്തീര്‍ന്നു. 22 ലക്ഷം ഭൂമി ഇതുവരെ ഖനനം മൂലം നഷ്ടമായി. ഇനിയും ഖനനം തുടര്‍ന്നാല്‍ 10 വര്‍ഷം കൊണ്ട് ആലപ്പാട് നമാവശേഷമാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മൂന്നു ഗ്രാമത്തിലെ മല്‍സ്യത്തൊഴിലാളികള്‍ തീരം വിട്ടുപോയി. ഇപ്പോള്‍ ദൂര സ്ഥലങ്ങളില്‍ നിന്നും പുലര്‍ച്ചെ ആലപ്പാടെത്തിയാണ് തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനു പോകുന്നത്. ഇങ്ങനെ തൊഴിലെടുക്കാന്‍ വരുന്നവര്‍ സാമൂഹിക വിരുദ്ധരാണെന്നു പറഞ്ഞു ഇവരെ കയ്യേറ്റം ചെയ്യുകയും കോളനിക്കാര്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ടെന്നും പ്രദേശ വാസികള്‍ പറയുന്നു.

കടലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വീട് വെക്കാനോ വസ്തു വാങ്ങാനോ പഞ്ചായത്ത് അധികൃതര്‍ സമ്മതിക്കുന്നില്ല. കൂടാതെ 10 ലക്ഷം രൂപ കൈപറ്റി ഉള്ള സ്ഥലത്ത് നിന്നും വിട്ടു പോകണമെന്നും അധികൃതര്‍ പറയുന്നുണ്ട്. സ്‌കൂളുകളുടെ ഉന്നത നിലവാരത്തിനു വേണ്ട കാര്യങ്ങളോന്നും അധികൃതര്‍ ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികില്‍സ ലഭ്യമാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

മൈനിംഗ് ലീസ് എടുക്കുന്ന സമയത്ത് അതിലുള്ള വ്യവസ്ഥ, ഒരു സ്ഥകത്ത് ഖനനം നടത്തിക്കഴിഞ്ഞാല്‍ ആ സ്ഥലം പൂര്‍വ സ്ഥിതിയിലാക്കി ആവാസ വ്യവസ്ഥയെ പുനര്‍നിര്‍മിച്ച ശേഷം മാത്രമേ മറ്റൊരു സ്ഥലത്ത് ഖനം നടത്താന്‍ പാടുള്ളൂ എന്നാണ്. എന്നാല്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞാല്‍ ഈ കമ്പനികള്‍ ചെയുന്നത് ആ ഭൂമി കൈവശം വെക്കുകയാണ്.

സുനാമി, അടിക്കടിയുണ്ടാകുന്ന കടലേറ്റം എന്നിവയ്ക്ക് ആക്കംകൂട്ടന്നതും നിരന്തരമായുള്ള സീ വാഷിങ് (കടലിന്റെ അടിത്തട്ടിലുള്ള മണല്‍ ഖനനം ചെയ്‌തെടുത്ത് അതില്‍ നിന്നും ധാതുക്കള്‍ വേര്‍ത്തിരിക്കുന്ന പ്രകിയ) ഖനനമാണെന്ന് ശാസ്ത്രീയ-പരിസ്ഥിതി തെളിവുകള്‍ നിരത്തി സമരക്കാര്‍ ആവര്‍ത്തിക്കുന്നു.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

Also Read