പ്രളയബാധിത മേഖലകളിലേയ്ക്ക് കടലിന്റെ മക്കള്‍ എത്തിത്തുടങ്ങി: രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകളും മത്സ്യത്തൊഴിലാളികളും
Kerala Flood
പ്രളയബാധിത മേഖലകളിലേയ്ക്ക് കടലിന്റെ മക്കള്‍ എത്തിത്തുടങ്ങി: രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകളും മത്സ്യത്തൊഴിലാളികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th August 2018, 10:12 am

തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികള്‍ പ്രളയമേഖലകളിലെത്തി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ സംഘങ്ങളുമാണ് വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്തിനു വേണ്ടി എത്തിയിരിക്കുന്നത്.

പ്രളയം കൂടുതല്‍ ബാധിച്ചിരിക്കുന്ന ചെങ്ങനൂര്‍, കുട്ടനാട്, റാന്നി, കോഴഞ്ചേരി, ചാലക്കുടി പുഴയുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍, പെരിയാറിന്റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ബോട്ടുകളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്.

Read:  പത്തനംതിട്ടയില്‍ വെള്ളം താഴ്ന്നു തുടങ്ങി; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍, മത്സ്യഫെഡ് തുടങ്ങിയ സംഘടനകളാണ് രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നത്. അറുപതോളം മത്സ്യത്തൊഴിലാളി ബോട്ടുകള്‍ ചെങ്ങന്നൂരില്‍ വെള്ളക്കെട്ടിലകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നുണ്ട്.

ആവശ്യമായ അധികം ബോട്ടുകള്‍ ചള്ളിയുള്‍പ്പടെയുള്ള കടപ്പുറത്തുനിന്നും ചെങ്ങന്നൂരില്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നതായി മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ പറഞ്ഞു. ജില്ലാ ഭരണകൂടം ഇടപെട്ട് കൂടുതല്‍ വള്ളങ്ങള്‍ ചെങ്ങന്നൂരില്‍ എത്തിക്കുന്നുണ്ട്.

രാവിലെ 19 വള്ളങ്ങള്‍ കൂടി ചെങ്ങന്നൂരില്‍ എത്തിച്ചിട്ടുണ്ട്. കുട്ടനാട്, ചമ്പക്കുളം, കൈനകരി, മുട്ടാര്‍, രാമങ്കരി, തലവടി, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ടിലായവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കുന്നതിന് നൂറോളം ബോട്ടുകള്‍ രംഗത്തുണ്ട്.

പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി ആകെ 76 മത്സ്യബന്ധന ബോട്ടുകള്‍ എത്തിയിട്ടുണ്ട്. നീണ്ടകരയില്‍ നിന്നും എത്തിച്ച നാല് വലിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറു ബോട്ടുകള്‍ കൂടി നീണ്ടകരയില്‍ നിന്നും തിരുവല്ലയിലേക്ക് എത്തിക്കുന്നുണ്ട്.

തുമ്പയില്‍ നിന്നുള്ള വള്ളങ്ങളും മത്സ്യത്തൊഴിലാളികളും പാണ്ടനാട് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഒറ്റപ്പെട്ടു കിടക്കുന്ന ജില്ലകളിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനായി പുതിയതുറ മത്സ്യഗ്രാമത്തിലെ മുഴുവന്‍ വള്ളങ്ങളും വിട്ട് നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ഇവിടെ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ പോയിട്ടില്ല. മുഴുവനാളുകളും ദുരന്തനിവാരണ ദൗത്യത്തില്‍ പങ്കെടുക്കാന്‍ ഒരുക്കമാണ്. മര്യനാടുള്ള മത്സ്യത്തൊഴിലാളികളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സന്നദ്ധരാണ്.

Read:  ദേശീയ മാധ്യമങ്ങളേ വാജ്‌പേയ് മരിച്ചു, കേരളം ഇനിയും മരിച്ചിട്ടില്ല

കൊല്ലത്ത് നിന്നും 50 ബോട്ടുകളും വിഴിഞ്ഞത്ത് നിന്നും 50 ബോട്ടുകളും, നീണ്ടകരയില്‍ നിന്നും 100 ബോട്ടുകളും, വലിയ വേളിയില്‍ നിന്നും 15 ബോട്ടുകളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ രംഗത്തിറങ്ങണമെന്നും സംസ്ഥാനത്തെ എല്ലാ ബോട്ടുകളും വിട്ടുതരണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.