| Thursday, 3rd August 2023, 11:05 am

'ഞങ്ങളുടെ പിള്ളേരില്ലെങ്കില്‍ 16 മൃതദേഹം കണ്ടേനെ, പൊലീസ് പെറ്റിയടിക്കാന്‍ മാത്രം': മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ തുടരെയുണ്ടാകുന്ന അപകടത്തില്‍ വലിയ പ്രതിഷേധവുമായി മത്സത്തൊഴിലാളികള്‍. മറൈന്‍ എന്‍ഫോഴ്സമെന്റോ കോസ്റ്റല്‍ പൊലീസോ വ്യാഴാഴ്ച നടന്ന അപകടത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.

അപകടം നടന്ന വള്ളത്തിന്റെ പിന്നില്‍ മറ്റൊരു മത്സത്തൊഴിലാളി ബോട്ട് ഉണ്ടായതാണ് മുഴുവന്‍ ആളുകളേയും രക്ഷിക്കാനായെതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്നും ഇവര്‍ ആവശ്യമുന്നയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു തൊഴിലാളികളുടെ പ്രതികരണം.

‘ഫിര്‍ദൗസ് എന്ന ബോട്ടിലെ (അപകടം നടന്ന വള്ളത്തിന് പിന്നാലെയുണ്ടായിരുന്ന ബോട്ട്) പിള്ളേരില്ലായിരുന്നെങ്കില്‍ 16 ആളുകളുടെ മരണം കണ്ടേനെ. രക്ഷാപ്രവര്‍ത്തനത്തിന്റെ ബോട്ട് നിങ്ങള്‍ക്ക് ഇവിടെ കാണാം. എന്നാല്‍ അധികൃതര്‍ ഇല്ലാത്ത അവസ്ഥയാണ്. അപകടം നടന്നത് അറിയിച്ചാല്‍ ഡ്രൈവറില്ലെന്നാണ് ഇവര്‍ പറയുന്നത്.

നമുക്ക് പെറ്റിയടിക്കാനും മറ്റും മാത്രമാണ് ഇവിടെ പൊലീസ്. എല്ലാവരും വന്ന് ന്യൂസ് പിടിക്കുന്നു, എന്ത് ഉപയോഗമാണുള്ളത്,’ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

19ാമത്തെ അപകടമാണ് മുതലപ്പൊഴിയില്‍ വ്യാഴാഴ്ച രാവിലെയുണ്ടായത്. വര്‍ക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. തിരയില്‍പ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു.

16 പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. വള്ളത്തിലുണ്ടായിരുന്ന മുഴുവന്‍ പേരെയും രക്ഷപെടുത്തി. പരിക്കേറ്റവരെ ചെറിയന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കകയാണ്.

അതേസമയം, അദാനി ഗ്രൂപ്പുമായും മത്സത്തൊഴിലാളി സംഘടനകളുമായും മന്ത്രിതല സംഘം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. മുതലപ്പൊഴിയില്‍ ഒന്നിന് പിന്നാലെ ഒന്നായി അപകടം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ പരിശോധിക്കുകയും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് ഒരു അപകടം കൂടി മുതലപ്പൊഴിയില്‍ നിന്ന് വരുന്നത്.

Content Highlight: Fishermen staged a huge protest over the ongoing accidents in muthalapozhi

We use cookies to give you the best possible experience. Learn more