മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളിയുടെ രക്ഷാപ്രവര്‍ത്തനത്തെ സൈന്യത്തിന്റെതാക്കി ഇന്ത്യാ ടി.വി; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ
Kerala Flood
മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളിയുടെ രക്ഷാപ്രവര്‍ത്തനത്തെ സൈന്യത്തിന്റെതാക്കി ഇന്ത്യാ ടി.വി; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th August 2018, 7:38 pm

കോഴിക്കോട്: കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷിക്കാന്‍ മത്സ്യതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ സൈന്യത്തിന്റെതാക്കി മാറ്റി ദേശീയമാധ്യമമായ ഇന്ത്യാ ടി.വി., പ്രളയത്തിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷിക്കുന്നതിനായി മലപ്പുറം വേങ്ങരയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കായി വെള്ളത്തില്‍ മുട്ടുകുത്തി നിന്ന് തന്റെ മുതുക് ചവിട്ടുപടിയായി നല്‍കിയ ജൈസലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പട്ടാളത്തിന്റെതായി ഇന്ത്യാ ടി.വി അവതരിപ്പിക്കുന്നത്.

മത്സ്യ തൊഴിലാളിയായ ജൈസലിന്റെ പ്രവര്‍ത്തിയെ കേരളക്കരയൊന്നാകെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ എന്‍.ഡി.ആര്‍.എഫ് സൈനികന്റെ പ്രവര്‍ത്തനമായിട്ടാണ് ചാനല്‍ അവതരിപ്പിച്ചിരിക്കുന്നത്.

മലപ്പുറത്തെ ഈ സംഭവത്തെ ചെങ്ങന്നൂരിലെ സൈനികന്‍ നടത്തിയ സേവനമാണെന്നും മുഴുവന്‍ ഇന്ത്യക്കാരും നമിക്കണമെന്നും മുതുക് ചവിട്ടുപടിയാക്കിയ ജവാന്‍ കുട്ടികളെയും സ്ത്രീകളെയും രക്ഷിച്ചുവെന്നുമാണ് ചാനല്‍ അവതരിപ്പിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടക്കം സൈനികരുടെ സേവനം എന്ന രീതിയിലാണ് വ്യാപകമായി പ്രചരിക്കുന്നത്.

Also Read തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല ഇതൊന്നും ചെയ്യുന്നത്; ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അത് തന്നെ പുണ്യം: താനൂരിലെ മത്സ്യത്തൊഴിലാളിയായ ജെയ്‌സണ്‍ പറയുന്നു…

രക്ഷാ പ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് മുതുകു ചവിട്ടുപടിയാക്കി നല്‍കിയ ജൈസലിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലയാത്.

ബോട്ടില്‍ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ കാലില്‍ കിടന്ന ചെരുപ്പ് ഊരാന്‍ പോലും മറന്ന അമ്മയോട് മൂപ്പരും മനുഷ്യനാണ് കല്ലല്ല. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിന്‍. എന്ന് സമീപത്തുണ്ടായിരുന്ന ആള്‍ പറയുന്നത് കേട്ടപ്പോള്‍ മാത്രമാണ് ബോട്ടിന് താഴെ ഒരു ചവിട്ടുപടിക്ക് സമാനമായി കിടക്കുന്ന ജൈസലിനെ ചിലരെങ്കിലും ശ്രദ്ധിച്ചത്.

“ബ്ലീഡിങ് ഉള്ള ഒരു സ്ത്രീ ണ്ടെന്ന് പറഞ്ഞിട്ടാ ഞങ്ങള് അവിടെ പോയത്, സാധാരണ ഓല്‍ക്ക് കാലൊരുപാട് ഉയര്‍ത്താന്‍ പറ്റൂലാന്ന് ഞമ്മക്കറിയാം. അതോണ്ടാണ് അവിടെ ചവിട്ട് പടിയായി നിന്നത്. ഞമ്മളൊരു സഹായവും പ്രതീക്ഷിച്ചില്ല ഈ പരിപാടിക്ക് നിക്കണത്, ഞമ്മളെക്കൊണ്ട് ആവണത് ചെയ്യുന്നു. ഏറ്റവും എളുപ്പമുള്ള പണിയല്ലേ ചവിട്ടു പടിയായി നില്‍ക്കുക എന്നത്.” എന്നായിരുന്നു തന്റെ പ്രവൃത്തിയെക്കുറിച്ച് ജൈസല്‍ പറഞ്ഞത്.

17 ഓളം കുടുംബങ്ങളേയാണ് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജെയസ്ണും സംഘവും രക്ഷിച്ചെടുത്തത്.

—————————————–
DOOLNEWS VIDEO