തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രദേശത്തേക്ക് തള്ളിക്കയറി. ബാരിക്കേഡുകള്‍ മറികടന്ന് നിര്‍മാണ മേഖലയിലെത്തിയ മത്സ്യത്തൊഴിലാളികളെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു.
വിഴിഞ്ഞത്തെ തുറമുഖ സമരത്തില്‍ സര്‍ക്കാര്‍ സമരക്കാരുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് സമരം ശക്തമാക്കിയത്. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു.
ഒരു ഘട്ടത്തില്‍ പൊലീസിനെതിരെയും സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ സംയമന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. നാലാം ദിവസത്തിലേക്ക് കടന്ന ഉപരോധസമരത്തിന് ഇന്ന് പള്ളം ലൂര്‍ദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നീ ഇടവകകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് നേതൃത്വം നല്‍കുന്നത്.
ഇന്നലെയാണ് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്‍ സമരക്കാരെ ചര്‍ച്ചക്കായി ക്ഷണിച്ചത്. സര്‍ക്കാരിന്റെ ക്ഷണം ലത്തീന്‍ അതിരൂപത സ്വീകരിക്കുകയും ചെയ്തിരുന്നു. സമരസമിതി നേതാവും വികാരിയുമായ ജനറല്‍ യൂജിന്‍ പെരേരയുമായാണ് മന്ത്രി വ്യാഴാഴ്ച ഫോണില്‍ സംസാരിച്ചത്.
ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയിലാണ് ഇന്നത്തെ ചര്‍ച്ച. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തുന്നത് ഉള്‍പ്പടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സമരക്കാരുമായി സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക ചര്‍ച്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍ വ്യക്തമാക്കി. ചര്‍ച്ച നടക്കുന്നത് നല്ല കാര്യമാണ്. ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് ചെയ്യാനാവുക സംസ്ഥാന സര്‍ക്കാരിനാണ്. ഇരുകൂട്ടരോടും സംസാരിച്ചു. എന്റെ അഭിപ്രായം അറിയിച്ചു. നിര്‍മാണം നിര്‍ത്തിവെച്ചു ചര്‍ച്ച എന്ന ഉപാധി വെക്കുന്നത് നല്ലതല്ല. സര്‍ക്കാരുകള്‍ മുമ്പ് കൊടുത്ത വാഗ്ദാനം പൂര്‍ത്തിയായില്ല എന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Fishermen protest in Vizhinjam port