തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് കരിദിനം ആചരിക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് തുറമുഖത്തിന് മുന്നില്‍ ഉപരോധ സമരം സംഘടിപ്പിക്കുന്നത്.
തീരദേശ പ്രദേശങ്ങളില്‍ നിന്ന് കരിങ്കൊടിയുമായി തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലിയും സംഘടിപ്പിക്കും. മുല്ലൂരില്‍ തുറമുഖ കവാടത്തിന് മുന്നിലെ രാപ്പകല്‍ ഉപരോധ സമരം അതിരൂപത സഹായ മെത്രാന്‍ ആര്‍ ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും. രാവിലെ കുര്‍ബാനക്ക് ശേഷം സഭയുടെ കീഴിലുള്ള
എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേള്‍ക്കാന്‍ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര പറഞ്ഞു.
നേരത്തെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് കരിദിനമാചരിക്കാനായിരുന്നു മത്സ്യത്തൊഴിലാളികള്‍ തീരുമാനിച്ചിരുന്നത്. ഇത് വലിയ വാര്‍ത്തയുമായിരുന്നു.
എന്നാല്‍, സ്വാതന്ത്ര്യപ്രാപ്തിക്കായി ജീവന്‍ അര്‍പ്പിച്ച ദേശസ്നേഹികളോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത് ഒഴിവാക്കിയതെന്നാണ് പിന്നീട് മത്സ്യത്തൊഴിലാളികള്‍ തന്നെ അറിയിച്ചത്.
ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മാണമെന്ന് തീരദേശവാസികള്‍ പറയുന്നു. തുറമുഖ നിര്‍മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് തീരദേശത്ത് ഏതാണ്ട് 500ഓളം വീടുകള്‍ കടലെടുത്തെന്നും സമരക്കാര്‍ ആരോപിച്ചു.