| Tuesday, 21st August 2018, 12:07 pm

കല്ല്യാണവും നിശ്ചയവുമല്ല, അവരുടെ ജീവനാണ് പ്രധാനം; വിവാഹനിശ്ചയ ദിവസവും ചെങ്ങന്നൂരിലെവിടെയോ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലാണ് കോഴിക്കോട്ടുകാരനായ ഈ മത്സ്യത്തൊഴിലാളി

ഗോപിക

പ്രളയക്കെടുതി സംസ്ഥാനത്തെ ചുഴറ്റിയെറിഞ്ഞപ്പോള്‍ ദുരന്തബാധിതര്‍ക്ക് രക്ഷകരായി മാറിയത് കടലുകാക്കുന്ന മത്സ്യത്തൊഴിലാളികളായിരുന്നു. വെള്ളപ്പൊക്കത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട ജനങ്ങളെ ജീവിതത്തിലേക്ക് കരകയറ്റി ഇവര്‍ സംസ്ഥാനത്തിന്റെ സ്വന്തം സൈന്യമായി മാറുകയായിരുന്നു.

ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഉയര്‍ന്നുനില്‍ക്കുന്ന ബോട്ടിലേക്ക് കയറാന്‍ വിഷമിച്ച് നിന്ന സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസലിനെ സമൂഹം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

കഷ്ടപ്പാടുകള്‍ക്കിടയിലും തന്റെ സഹജീവികളെ സ്‌നേഹിക്കാനുള്ള മനസ്സ് കൈമോശം വന്നിട്ടില്ലെന്ന് കാണിച്ചുതരികയാണ് ജൈസലിന്റെ പ്രവര്‍ത്തികള്‍. കുട്ടികളും ഭാര്യയും അടങ്ങുന്ന തന്റെ കുടുംബത്തിന് ജീവിക്കാന്‍ മത്സ്യത്തൊഴില്‍ തന്നെ ധാരാളം. അതിനിടയില്‍ തന്റെ സഹജീവികള്‍ക്ക് വേണ്ടതൊക്കെ ചെയ്യാന്‍ സമയം കണ്ടെത്തുന്ന ആളാണ് ജൈസല്‍.

താനൂരുകാരനായ ജൈസലിന്റെ കഥ നൂറിലൊന്നെന്ന് കണക്കാക്കാന്‍ പറ്റില്ല. തിക്കോടി സ്വദേശിയായ അരുണിന്റെ ജീവിതവും ജൈസലിന്റെതിന് തുല്യമാണ്. അരുണിനും തന്റെ സഹജീവികളോടുള്ള കടമയുടെ കഥ തന്നെയാണ് പറയാനുള്ളത്.


ALSO READ: ‘ചത്തുപോയിട്ടൊന്നും ഇല്ലല്ലോ’; ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് തിരിച്ചടവ് മുടങ്ങിയതിന് സ്വകാര്യധനകാര്യ സ്ഥാപനങ്ങളുടെ ഭീഷണി


കുടുംബത്തിനെ നോക്കാന്‍ അടിസ്ഥാനവിദ്യാഭ്യാസത്തിനുശേഷം എതൊരു മലയാളിയേയും പോലെ അരുണും ഗള്‍ഫിലേക്ക് പോയി. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച് അരുണിന് ഗള്‍ഫ് ജീവിതം അധികകാലം തുടരാനായില്ല.

അതിന് കാരണം അമ്മയുടെ ആരോഗ്യസ്ഥിതി തന്നെയായിരുന്നു. വീട്ടില്‍ സഹോദരനും അച്ഛനും അമ്മയും മാത്രമാണുള്ളത്. അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അരുണ്‍ വീട്ടിലെത്തി.

അതിനിടെ തന്നെ അരുണിന്റെ വിവാഹവും വീട്ടുകാര്‍ ഉറപ്പിച്ചു. ഇന്ന് അരുണിന്റെ വിവാഹനിശ്ചയം ആണ്. എന്നാല്‍ അതിന് പങ്കെടുക്കാന്‍ അരുണ്‍ ഇന്ന് വീട്ടിലെത്തിയിട്ടില്ല.

പ്രളയക്കെടുതിയില്‍ ആകെ വിറങ്ങലിച്ചു നില്‍ക്കുന്ന സംസ്ഥാനത്തെ ദുരന്തബാധിതരായ ജനങ്ങള്‍ക്ക് ആശ്വാസമേകാനും രക്ഷാപ്രവര്‍ത്തനത്തിനുമായി അരുണ്‍ പോയിരുന്നു. ചെങ്ങന്നൂരിലേ ജനങ്ങളെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് പുറത്തെത്തിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ കൂട്ടമായി എത്തിയ സംസ്ഥാനത്തിന്റെ പുതിയ സൈന്യത്തില്‍ ഒരാളായിരുന്നു അരുണും.

രക്ഷാപ്രവര്‍ത്തനത്തിനായി അരുണ്‍ പോയിട്ട് ദിവസങ്ങളായി. ഇന്ന് അവന്റെ വിവാഹ നിശ്ചയം കൂടിയാണ്. എന്നാലും തങ്ങള്‍ക്ക് വിഷമമില്ല. നമ്മടെ കുടുംബാംഗങ്ങളെപ്പോലുള്ളവരെ രക്ഷിക്കാനല്ലെ അവന്‍ പോയതെന്ന സന്തോഷം മാത്രമേയുള്ളുവെന്നാണ് അരുണിന്റെ സഹോദരിയായ പ്രമീള ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

“അരുണെന്നാണ് പേരെങ്കിലും സോനു എന്നു പറഞ്ഞാലെ ഇവിടെ അവനെ എല്ലാവര്‍ക്കും അറിയു…തിക്കോടി കോടിക്കല്‍ സ്ഥലത്ത് നിന്നാണ് അവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പോയത്. ചെങ്ങന്നൂരിലെ ക്യാംപിലേക്കെന്ന് പറഞ്ഞാണ് അവന്‍ പോയത്.


ALSO READ: ദുരിതബാധിതരെ സഹായിക്കുന്ന വി.എസ് സുനില്‍ കുമാറിനെ ആര്‍.എസ്.എസ് കാര്യവാഹകാക്കി; വ്യാജ അവകാശവാദങ്ങളുമായി സംഘപരിവാര്‍


രണ്ടു ദിവസം മുന്നേ വിളിച്ചപ്പോഴാണ് മാന്നാര്‍ എന്നു പറയുന്ന സ്ഥലത്തെ ക്യാംപിലാ ഉള്ളത് എന്നറിഞ്ഞ്. ഇന്ന് അവന്റെ എന്‍ഗേജ്‌മെന്റാണ്. എന്നിട്ടും അവന്‍ വന്നിട്ടില്ല.

ചടങ്ങ് മാത്രം നടത്താന്‍ വേണ്ടി ഞങ്ങള്‍ സ്ത്രീകള്‍ മാത്രം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയി കാര്യങ്ങള്‍ നടത്തിയിരുന്നു.സാധാരണക്കാരായ ആള്‍ക്കാരല്ലേ അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ചടങ്ങായി മാത്രം വിവാഹ നിശ്ചയം സോനുവില്ലാതെ നടത്തി”- പ്രമീള പറഞ്ഞു.

“മുമ്പ് കുറച്ച് നാള്‍ അവന്‍ ഗള്‍ഫിലായിരുന്നു. ഇപ്പോള്‍ നാട്ടിലെത്തിയിട്ട് കുറച്ചുകാലമായി. ഇവിടെ ഇപ്പോ മത്സ്യപ്പണി തന്നെയാണ് സോനുവിന്റെ പ്രധാന ഉപജീവനമാര്‍ഗ്ഗം.

വീട്ടില്‍ അമ്മയ്ക്ക് സുഖമില്ലാതായപ്പോഴാണ് ഗള്‍ഫിലെ പണിയും ഉപേക്ഷിച്ച് അവന്‍ നാട്ടിലെത്തിയത്. അമ്മയ്ക്ക് ഒരു ഓപ്പറേഷന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. അടുത്ത മാസമാണ് ഓപ്പറേഷന്‍ ഇതെല്ലാം കൊണ്ടാണ് സോനു ഗള്‍ഫില്‍ നിന്നും ജോലി നിര്‍ത്തി വീട്ടിലേക്ക് വന്നത്.

ഇതിനു മുമ്പും ഇതുപോലുള്ള പ്രവര്‍ത്തനങ്ങളില്‍ സോനു പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ പോയ ടീമിന്റെ കൂടെ മുമ്പും ഇതേ പ്രവര്‍ത്തനവുമായി പോയിട്ടുണ്ട്. അവര്‍ തന്നെയാണ് ഇപ്പോള്‍ ഈ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ അവനെ വിളിച്ചത്.

ഇത്തരം നല്ലകാര്യങ്ങള്‍ ചെയ്യുന്നതിന് കുടുംബത്തിനെ മൊത്തം പിന്തുണ ഞങ്ങളുടെ സോനുവിനുണ്ട്. ഞാന്‍ ചിലപ്പഴെ തിരിച്ച് വരുള്ളു എന്നു പറഞ്ഞാണ് അവന്‍ വീടുവിട്ടിറങ്ങിയത്. പോയിട്ട് ഏകദേശം അഞ്ച് ദിവസത്തോളമായി.

ഇന്നത്തെ അവന്റെ എന്‍ഗേജ്‌മെന്റ് നേരത്തേ നിശ്ചയിച്ചിരുന്നതാണ്. അതിന് അവന്‍ എത്തുമെന്നാണ് കരുതിയത്. രാത്രിയോടെ എത്തുമെന്നും അവന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ സ്ഥിതിയില്‍ അങ്ങനെ വിട്ടെറിഞ്ഞ് വരാന്‍ പറ്റില്ലല്ലോ”- എന്നും പ്രമീള ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more