കൊച്ചി: ഫോര്‍ട്ട് കൊച്ചിക്കടുത്ത് മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റ സംഭവത്തെത്തുടര്‍ന്ന് നാവിക പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന.
ബാലിസ്റ്റിക് വിദഗ്ധന്റെ സഹായത്തോടെയാണ് പരിശോധന. ഫോര്‍ട്ട് കൊച്ചിയിലെ ഐ.എന്‍.എസ് ദ്രോണാചാര്യയിലാണ് പരിശോധന നടത്തുന്നത്.
ആലപ്പുഴ അന്ധകാരനാഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. കടലില്‍ നിന്ന് മീന്‍പിടുത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മത്സത്തൊഴിലാളിയുടെ ചെവിക്കാണ് വെടിയേറ്റത്.
ബോട്ടില്‍ നിന്ന് തന്നെയാണ് വെടിയുണ്ട കണ്ടെത്തിയത്. ഫോര്‍ട്ട് കൊച്ചി നേവി ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വെടിയേറ്റതിനെത്തുടര്‍ന്ന് സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിക്ക് സമീപമുള്ള ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നേവി ഉദ്യോഗസ്ഥര്‍ ഫയറിങ്ങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വെടിയുണ്ടയാണ് ബോട്ടില്‍ നിന്ന് കണ്ടെത്തിയത്. നേവി ഉദ്യോഗസ്ഥര്‍ അവിടെ ഫയറിങ്ങ് പരിശീലനം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ പൊലീസ് നാവിക പരിശീലന കേന്ദ്രത്തില്‍ പരിശോധന നടത്തുന്നത്. നാവിക ഉദ്യോഗസ്ഥര്‍ തന്നെയാണ് വെടിയുതിര്‍ത്തതെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദിയും ആരോപിച്ചിരുന്നു.
നേവി ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി അറിയിക്കണമെന്നും, ഇത് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.
അതേസമയം, വെടിവെച്ചത് തങ്ങളല്ലെന്നാണ് നാവികസേന അധികൃതര്‍ പറഞ്ഞത്. ബുള്ളറ്റ് പരിശോധിച്ച ശേഷമായിരുന്നു നേവിയുടെ പ്രതികരണം. പൊലീസ് അന്വേഷിക്കട്ടെയെന്നും നാവികസേന വ്യക്തമാക്കിയിരുന്നു.