Advertisement
Kerala Flood
സൈന്യത്തിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല, ഞങ്ങളെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളാണ്: സലീംകുമാര്‍ (വീഡിയോ)
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 18, 03:22 pm
Saturday, 18th August 2018, 8:52 pm

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ശ്രമഫലമായാണ് താനടക്കം 45 പേര്‍ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് നടന്‍ സലീംകുമാര്‍. സൈന്യത്തിന് പ്രദേശത്ത് ഒന്നും ചെയ്യാനാവില്ലെന്നും സലീംകുമാര്‍ പറഞ്ഞു.

ഫിഷറീസ് വകുപ്പിന്റെ ബോട്ട് വന്ന് രക്ഷപ്പെടുത്തിയ ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“എനിയ്ക്ക് ഏറ്റവും കൂടുതല്‍ നന്ദി പറയാനുള്ളത് ഫിഷറീസ് വകുപ്പിനോടും പിന്നെ മത്സ്യത്തൊഴിലാളികളോടുമാണ്. നേവിയൊക്കെ എത്തിയിട്ട് ഒരു കാര്യവുമില്ല. രക്ഷപ്പെടുത്തിയിട്ടുള്ളത് മത്സ്യത്തൊഴിലാളികളും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റുമാണ്.”

ALSO READ: മോദിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തനം താറുമാറായി; ഉദ്യോഗസ്ഥരെല്ലാം സുരക്ഷയൊരുക്കുന്ന തിരക്കില്‍

വടക്കന്‍ പറവൂരിലെ രാമന്‍കുളങ്ങരയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഒരു വീട്ടില്‍ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു പ്രദേശവാസികള്‍ക്കൊപ്പം സലിം കുമാറും കുടുംബവും. 45 പേര്‍ക്കൊപ്പമാണ് വീടിന്റെ ടെറസിനുമുകളില്‍ കഴിഞ്ഞ മൂന്ന് ദിവസവും ഇവര്‍ കഴിഞ്ഞത്.

മത്സ്യത്തൊഴിലാളികളുടെ ബോട്ടെത്തിയാണ് വൈകുന്നേരത്തോടുകൂടി ഇവരെ രക്ഷപ്പെടുത്തിയത്.

വീഡിയോ കടപ്പാട്- ഏഷ്യാനെറ്റ് ന്യൂസ്‌

വ്യാഴാഴ്ചയാണ് സലിം കുമാറിന്റെ വീട്ടിലേക്ക് വെളളം കയറി തുടങ്ങിയത്. ഇതിനെതുടര്‍ന്ന് വൈകുന്നേരം മൂന്നോടെ വീടുപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വീടിന് സമീപത്തുളള 45 ഓളം പേര്‍ സഹായം തേടി വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് അവര്‍ക്കൊപ്പം വീട്ടില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സലീം കുമാര്‍ പറയുന്നു.

താഴത്തെ നിലയില്‍ മുഴുവനായും വെള്ളം കയറിയതിനെ തുടര്‍ന്ന്, രണ്ടാം നിലയില്‍ കയറി നിന്നെങ്കിലും അവിടെക്കും വെള്ളം കയറിയെന്ന് സലിംകുമാര്‍ പറഞ്ഞു.

WATCH THIS VIDEO: