വരൂ, കറുത്ത തൊലിയുള്ള മനുഷ്യരെ വെടിവെച്ചു കളിക്കാം
Daily News
വരൂ, കറുത്ത തൊലിയുള്ള മനുഷ്യരെ വെടിവെച്ചു കളിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd March 2012, 8:52 pm

എസ്സേയ്‌സ് / ഫരീദുദ്ദീന്‍ അത്താര്‍

കേരളത്തിലെ നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിന്റെ മുമ്പ് വീണ്ടും രണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെച്ച് അരുംകൊല ചെയ്യപ്പെട്ടിരിക്കുന്നു. ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേരെ കാണാതാകുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്ത ഇന്നലത്തെ സംഭവത്തെ എന്തു കൊണ്ടാണ് “കൊലപാതകം” എന്ന് വിശേഷിപ്പിച്ചത് എന്ന് ചിന്തിക്കാന്‍ വരട്ടെ. അതിനു മുമ്പ് മറ്റുചില കാര്യങ്ങള്‍ പറയാനുണ്ട്.

സെന്റ് ആന്റണീസ് എന്ന ബോട്ടില്‍ കേരളാ തീരത്തു നിന്നും മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ ചരക്കു കപ്പലായ എന്റിക ലെക്‌സിയില്‍ നിന്നും വെടിയേറ്റ് മരിച്ചത് ഫെബ്രുവരി 15 വ്യാഴായ്ചയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ അനുഭവിക്കുന്ന അക്രമങ്ങളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ഇതുവരെ ഒന്നും അറിയാതിരുന്ന, അറിഞ്ഞിട്ടും അങ്ങോട്ട് ക്യാമറ പിടിക്കാതിരുന്ന നമ്മുടെ ചാനലുകാര്‍ സംഭവം ലൈവാക്കി. പത്ര റിപ്പോര്‍ട്ടര്‍മാരെല്ലാം മത്സ്യത്തൊഴിലാളികളുടെ ചരിത്രം അന്വേഷിക്കാന്‍ തുടങ്ങി. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചാ വിഷയമായി. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി വരെ കേരളത്തിലെത്തി. മത്സ്യത്തൊഴിലാളികളെക്കുറിച്ച് നമ്മള്‍ ചിന്തിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇത്തരത്തില്‍ മത്സ്യത്തൊഴിലാളികള്‍ അരുംകൊല ചെയ്യപ്പെടേണ്ടിവന്നു.

കേരളാ തീരത്ത് മത്സ്യസമ്പത്ത് വന്‍തോതില്‍ കുറഞ്ഞതിനാലാണ് ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകേണ്ടി വരുന്നത്. 2004ലെ സുനാമിക്ക് ശേഷമാണ് മത്സ്യ ശോഷണം വര്‍ധിച്ചത്. ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകാന്‍ നിര്‍ബന്ധിതരായ നമ്മുടെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും പേടിക്കുന്നത് വിദേശകപ്പലുകളെയാണ്. സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ കൈയ്യില്‍ പെടാതിരിക്കാന്‍ വിദേശകപ്പലുകള്‍ കേരളാ തീരത്തുകൂടിയാണ് കടന്നു പോകുന്നത്. ഇത്തരത്തില്‍ കടന്നു പോകുന്ന വിദേശ കപ്പലുകളുടെ എണ്ണം കുറച്ചു വര്‍ഷങ്ങളായി വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

വിദേശ കപ്പലുകള്‍ക്ക് അനുവദിനീയമായ കപ്പല്‍പാത ഗൗനിക്കാതെ തങ്ങള്‍ക്ക് തോന്നുന്നിടത്തു കൂടെയാണ് വിദേശകപ്പലുകള്‍ കടന്നു പോകുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇത്തരത്തില്‍ തലങ്ങും വിലങ്ങും കടന്നു പോകുന്ന വിദേശ കപ്പലുകള്‍ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളെ ഇടിച്ചു തകര്‍ക്കുന്നത് നിത്യസംഭവമാണ്. ഇടിച്ചിട്ട ബോട്ടിനെ ഗൗനിക്കാതെ കപ്പല്‍ അതേ സ്പീഡില്‍ മുമ്പോട്ട് പോകും. കപ്പിലിടിച്ച് തകരുന്ന ബോട്ടിലെ ആളുകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് സന്ദേശം നല്‍കിയാലും ആരും തിരിഞ്ഞു നോക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൂടെ മത്സ്യബന്ധനത്തിനെത്തിയ മറ്റു ബോട്ടുകളിലേക്ക് അറിയിപ്പ് കൊടുക്കുകയും അവര്‍ എത്തി തകര്‍ന്ന ബോട്ടിലുള്ളവരെ രക്ഷിക്കുകയുമാണ് ചെയ്യാറ്. ഇതിനുപുറമെ, മത്സ്യകൊള്ളക്കായെത്തുന്ന വിദേശ കപ്പലുകള്‍ കമ്പികൊണ്ടുള്ള ഒരു പ്രത്യേക തരത്തിലുള്ള മുള്ളുവേലി കടലില്‍ വിതറും. ഈ ഇരുമ്പിന്റെ മുള്ളുവേലി വലിയില്‍ ഒരു തവണ കുടുങ്ങിയാല്‍ വല നശിക്കും. പിന്നെ അന്നത്തെ ദിവസം മീന്‍ പിടിക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ബോട്ടും വലയും നഷ്ടപ്പെട്ട് കടക്കെണിയിലായി ആത്മഹത്യാവക്കില്‍ നില്‍ക്കുന്ന ധാരാളം ആളുകള്‍ കേരളാ തീരത്തുണ്ട്.

സൊമാലിയന്‍ കടല്‍കൊള്ളക്കാരെ ഭയന്ന് കേരളാ തീരത്തു കൂടി കടന്നു പോകുന്ന വിദേശകപ്പലുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണെന്ന് നേരത്തെ പറഞ്ഞല്ലോ. കടല്‍കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തത് എന്നായിരുന്നല്ലോ ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുടെയും ക്യാപ്റ്റന്റെയും ആദ്യത്തെ വാദം. ആരാണ് സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍? സൊമാലിയന്‍ തീരദേശ വാസികള്‍ എങ്ങിനെ കടല്‍കൊള്ളക്കാരായി? സൊമാലിയന്‍ കടല്‍കൊള്ളക്കാരെ ഇത്രമാത്രം പേടിക്കാന്‍ എന്താണ് കാരണം?

കടലില്‍ പോയി മത്സ്യബന്ധനം നടത്തുകയും അതുകൊണ്ട് ഉപജീവനം നടത്തുകയും ചെയ്തിരുന്നവരായിരുന്നു സൊമാലിയന്‍ തീരദേശവാസികള്‍. ശീതയുദ്ധത്തിനു ശേഷമാണ് സൊമാലിയയിലെ ഭരണസംവിധാനം പൂര്‍ണ്ണമായി തകരുകയും ആഭ്യന്തര കലാപം രൂക്ഷമായ മേഖലകളില്‍ യുദ്ധ പ്രഭുക്കന്മാരുടെ ഭരണം തുടങ്ങുകയും ചെയ്തത്. ഈ സമയത്താണ് ഇറ്റലിയടക്കമുള്ള യൂറോപ്പിലെയും ഏഷ്യയിലെയും വികസിത രാജ്യങ്ങള്‍ സൊമാലിയന്‍ തീരങ്ങളില്‍ വ്യാപകമായ മത്സ്യക്കൊള്ള ആരംഭിച്ചത്. യൂറോപ്പിലെയും ഏഷ്യയിലെയും മത്സ്യബന്ധന കപ്പലുകള്‍ സൊമാലിയന്‍ തീരങ്ങളില്‍ കടന്ന് മത്സ്യസമ്പത്ത് അരിച്ചെടുത്ത് കൊണ്ടുപോയി. പ്രതിവര്‍ഷം 30 കോടി ഡോളറിന്റെ മത്സ്യ സമ്പത്ത് അനധികൃതമായി സൊമാലിയന്‍ തീരങ്ങളില്‍ നിന്നും ഇങ്ങിനെ കൊണ്ടു പോകുന്നുവെന്നാണ് കണക്ക്. മത്സ്യം കിട്ടാതായതോടെ ഉപജീവനത്തിന് മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത സൊമാലിയന്‍ തീരദേശ വാസികള്‍ കൊടും പട്ടിണിയിലായി.

ഇതുകൂടാതെ കൊടുംവിഷമായ രാസ-ആണവ മാലിന്യങ്ങള്‍ സൊമാലിയന്‍ തീരങ്ങളില്‍ കൊണ്ടുവന്ന് തള്ളാനും ആരംഭിച്ചു. ടണ്‍ കണക്കിന് രാസ-ആണവ മാലിന്യങ്ങളാണ് സൊമാലിയന്‍ തീരങ്ങളില്‍ തള്ളുന്നത്. മാലിന്യങ്ങളില്‍ നിന്നുള്ള അണുവികരണം മൂലം സൊമാലിയന്‍ തീരദേശ വാസികള്‍ക്കിടയില്‍ ശ്വാസകോശ രോഗങ്ങളും ആന്തരിക രക്തസ്രാവവും വര്‍ധിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയരാതിരിക്കാന്‍ സൊമാലിയന്‍ അധികൃതര്‍ക്ക് യൂറോപ്യന്‍ കമ്പനികള്‍ കൈക്കൂലി കൊടുത്തു. 10 ടണ്‍ രാസമാലിന്യങ്ങള്‍ തള്ളുന്നതിന് 8 കോടി ഡോളറാണ് കൈക്കൂലി നല്‍കുന്നത്. ഇങ്ങിനെ സൊമാലിയന്‍ കടല്‍ തീരങ്ങള്‍ തീര്‍ത്തും അജൈവമായി. വിദേശിയുടെ ഇത്തരത്തിലുള്ള അതിക്രമങ്ങളും കൊള്ളയും ചൂഷണവും നേരിടാനും പട്ടിണി മാറ്റാനും വേണ്ടി ഉയര്‍ന്നു വന്ന സായുധ സംഘങ്ങളാണ് കടല്‍കൊള്ളക്കാരായി മാറിയത്. സ്വന്തം നാട്ടില്‍ ഇവര്‍ അറിയപ്പെടുന്നത് “കടല്‍ പോരാളികള്‍” എന്ന പേരിലാണ്.

അതായത്, സൊമാലിയന്‍ കടല്‍കൊള്ളക്കാരെ സൃഷ്ടിച്ചത് ഇന്ന് അവരെ ഭയക്കുന്ന ഇറ്റലിയടക്കമുള്ള വികസിത രാജ്യങ്ങള്‍ തന്നെയാണ്. ഈ ഭയത്തില്‍ കടന്നു പോകുന്ന വിദേശ കപ്പലുകളിലെല്ലാം സുരക്ഷക്കായി സായുധ ഭടന്മാരുണ്ടാകും. അത്തരത്തില്‍ സിംഗപ്പൂരില്‍ നിന്നും ഈജിപ്തിലേക്ക് കേരളാ തീരത്ത് കൂടി കടന്നു പോകുകയായിരുന്നു ഇറ്റാലിയന്‍ ചരക്കു കപ്പലായ എന്റിക ലെക്‌സി. തൊലി കറുത്തവരാണെന്ന് കണ്ടപ്പോഴേക്കും കടല്‍കൊള്ളക്കാരാണെന്ന് “കരുതി” നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ തൊലിവെളുത്തവന്‍ നിറയൊഴിച്ചെങ്കില്‍ എത്രത്തോളം അരക്ഷിതമായിരിക്കുന്നു നമ്മുടെ തീരങ്ങള്‍ എന്ന് മനസ്സിലാക്കുക.

വര്‍ഷങ്ങളായി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഭീതിയിലാണ് ജീവിക്കുന്നത്. അവര്‍ കടലില്‍ പോകുമ്പോള്‍ കുടുംബങ്ങള്‍ പ്രാര്‍ത്ഥനയിലാണ്. വിദേശ കപ്പലുകള്‍ നമ്മുടെ മത്സ്യത്തൊഴിലാളികളെ അക്രമിക്കാനും ബോട്ടുകള്‍ തകര്‍ക്കാനും തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നീണ്ടകര മേഖലയില്‍ മാത്രം ഇത് എട്ടാമത്തെ തവണയാണ് കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി ദുരന്തങ്ങള്‍ സംഭവിക്കുന്നത്. എട്ട് അപകടങ്ങളിലായി 16 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ ബോട്ടുകളിലെല്ലാം ഇടിച്ച കപ്പലുകളെ പിടിക്കാന്‍ പോയിട്ട്, ഇടിച്ച കപ്പല്‍ ഏതാണെന്ന് സ്ഥിരീകരിക്കാന്‍ പോലും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇന്നലെ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചിട്ട കപ്പലിന്റെ ഏകദേശ വിവരങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താന്‍ സാധിച്ചത്.

കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നാവികസേനയും തീരങ്ങളില്‍ അലംഭാവം കാണിക്കുകയാണെന്ന പരാതി മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ശക്തമാണ്. അപകടസ്ഥലം കൃത്യമായി അറിയിച്ചു കൊടുത്താല്‍ പോലും യഥാസമയം കോസ്റ്റ്ഗാര്‍ഡോ അധികൃതരോ എത്തില്ലെന്ന് അവര്‍ പറയുന്നു. ഇറ്റാലിയന്‍ കപ്പല്‍ മത്സ്യത്തൊഴിലാളികളുടെ നേര്‍ക്ക് വെടിവെച്ച സംഭവ സ്ഥലത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് തീരസുരക്ഷാ സേന എത്തിയത്. കേസ് നടത്തിപ്പില്‍ കാലതാമസമുണ്ടായെന്നും തെളിവ് നശിപ്പിക്കാന്‍ കപ്പലിലുള്ളവര്‍ക്ക് അവസരം ലഭിച്ചുവെന്നും ആക്ഷേപം ഉണ്ട്. പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ ദുര്‍ബലമാണെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ തന്നെ പറയുന്നു. ഇറ്റാലിയന്‍ കപ്പലിലെ കൊലപാതകികളെ കരയിലെത്തിച്ച് ആദ്യം താമസിപ്പിച്ചത് ഗസ്റ്റ് ഹൗസിലായിരുന്നു. എന്റിക ലെക്‌സിയിയിലെ ഇറ്റാലിയന്‍ നേവി ഉദ്യോഗസ്ഥരെയും ക്യാപ്റ്റനെയും ചെയ്ത കുറ്റത്തിന് ശിക്ഷിക്കുമോ എന്ന കാര്യം തന്നെ ഇപ്പോള്‍ സംശയത്തിലാണ്. കോടതിക്കു പുറത്ത് നഷ്ടപരിഹാരം കൊടുത്ത് പ്രശ്‌നം ഒത്തുതീര്‍ക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്ര തലത്തില്‍ തന്നെ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപജീവനത്തിനായി ദിവസങ്ങളോളം കടലില്‍ കഴിയുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവന് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്? മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഉറപ്പു വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. കോടിക്കണക്കിന് രൂപയുടെ വ്യവഹാരവും വിദേശനാണ്യവും സര്‍ക്കാറിന് നേടിത്തരുന്ന മത്സ്യതൊഴിലാളികള്‍ക്കായി കേന്ദ്രത്തില്‍ ഒരു വകുപ്പ് പോലുമില്ല എന്നതാണ് സത്യം.

അടിമകളെ ചീറുന്ന മൃഗങ്ങള്‍ക്കു മുന്നിലേക്കിട്ട് കൊടുത്ത് കൊളോസിയത്തിലെ ഗ്യാലറിയിലിരുന്ന് വീഞ്ഞ് മോന്തി പൊട്ടിച്ചിരിച്ച പൂര്‍വ്വീകരുടെ ഹാങ്ഓവര്‍ ആണ് എന്റിക ലെക്‌സിയിലെ നാവികര്‍ കാണിച്ചത്. ഇഷ്ടമുള്ള മീനുകളെ അമ്പെയ്ത് പിടിക്കുന്ന ടൂറിസ്റ്റ് പാക്കേജ് പോലെ, വേണമെങ്കില്‍ സര്‍ക്കാറിന് തൊലികറുത്ത മനുഷ്യരെ അമ്പെയ്ത് വീഴ്ത്താന്‍ ഒരു ടൂറിസ്റ്റ് പാക്കേജ് ഉണ്ടാക്കി വിദേശികളെ കേരളാ തീരത്തേക്ക് ക്ഷണിക്കാം. എന്നിട്ട് നേവിയെയും കോസ്റ്റ്ഗാര്‍ഡിനെയുമെല്ലാം മത്തിപെറുക്കാന്‍ പറഞ്ഞയക്കാം.

കടപ്പാട്: അടയാളം (റിപ്പോര്‍ട്ടര്‍ ടി.വി)

Malayalam news

Kerala news in English