| Saturday, 30th March 2019, 11:26 pm

ഉള്ളിയും മുളകും തല്ലിയിട്ട് കടപ്പുറം സ്റ്റൈല്‍ മീന്‍വറ്റിച്ചത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീന്‍കറി കൂട്ടി ചോറുണ്ണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഒരുപാട് ചേരുവകളും ഒത്തിരി സമയവും എടുത്തുള്ള പാചകം തത്കാലം ആലോചിക്കേണ്ട. വെറും പുളിയും മുളകും ഇത്തിരി വെളിച്ചെണ്ണയും ഉണ്ടെങ്കില്‍ നല്ലൊരു മീന്‍വരട്ടിയത് ഉണ്ടാക്കാം.പക്ഷെ മുളക് പൊടിയ്ക്ക് പകരം മുളക് ചതച്ചാണ് കറി തയ്യാറാക്കുന്നത്. ഈ റെസിപ്പിക്ക് മത്തിയോ,അയലയോ,വാളയോ ആണ് നല്ലത്.

മീന്‍ – അരകിലോ(മത്തിയാണെങ്കില്‍ തലയോടു കൂടി വരയണം,വാളയാണെങ്കില്‍ ചെറിയ കഷ്ണങ്ങളാക്കുക))
വറ്റല്‍മുളക് -35 എണ്ണം
ചെറിയ ഉള്ളി /ചുവന്നുള്ളി- അമ്പത് ഗ്രാം
വെളിച്ചെണ്ണ-മൂന്നര ടേബിള്‍ സ്പൂണ്‍
വാളന്‍പുളി- ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍

പാചകം
വറ്റല്‍മുളക് നന്നായി കുതിര്‍ത്ത് വെക്കുക. ഇത് ചെറിയ ഉള്ളിയും രണ്ട് തണ്ട് കറിവേപ്പിലയും ചേര്‍ത്ത് കല്ലുപ്പും കൂട്ടി അമ്മിയില്‍ ചതച്ചെടുക്കുക. മിക്‌സിയിലോ,ഗ്രൈന്ററിലോ ആണെങ്കില്‍ ഉപ്പ് ചേര്‍ക്കാതെയും അരയ്ക്കാം. എളുപ്പം ചതഞ്ഞുകിട്ടാനാണിത്.

അരച്ചുവെച്ച മസാലയും പുളി പിഴിഞ്ഞൊഴിച്ച വെള്ളവും നന്നായി മിക്‌സ് ചെയ്ത് ചട്ടിയില്‍ വേവിക്കുക. ചൂടായാല്‍ വരുമ്പോള്‍ വൃത്തിയാക്കിയ മീന്‍കഷ്ണങ്ങളും ചേര്‍ക്കുക. എന്നിട്ട് അടച്ചുവെച്ച് വേവിക്കുക. ആവി നന്നായി പുറത്തെത്തിയാല്‍ പിന്നെ മൂടി തുറന്നുവെച്ച് വറ്റുന്നത് വരെ വേവിക്കുക. ശേഷം പച്ചവെളിച്ചെണ്ണ ഒഴിച്ച് മീന്‍ ഉടയാതെ ഇളക്കി ഇറക്കിവെക്കുക. ചോറിന് കൂട്ടാന്‍ ബെസ്റ്റാണ്..

We use cookies to give you the best possible experience. Learn more