ഓണ്‍ലൈനില്‍ ബുക്കു ചെയ്യുന്നവര്‍ക്ക് മത്സ്യം വീട്ടിലെത്തിക്കുന്നതിനാല്‍ വില അല്പം കൂടുമെന്നും മന്ത്രി പറഞ്ഞു.
കോഴഞ്ചേരി: ഓണ്‍ലൈനില്‍ മീന്‍ വാങ്ങുന്നതിനു സംവിധാനം ഒരുക്കാന്‍ ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഓണ്‍ലൈനില്‍ മീന്‍ ബുക്ക് ചെയ്താല്‍ വീട്ടിലെത്തിച്ചുകൊടുക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം മൈതാനത്ത് മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓണ്‍ലൈനില്‍ ബുക്കു ചെയ്യുന്നവര്‍ക്ക് മത്സ്യം വീട്ടിലെത്തിക്കുന്നതിനാല്‍ വില അല്പം കൂടുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും ശൃംഖല കാര്യക്ഷമമാക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
ഉള്‍നാടന്‍ മത്സ്യകൃഷി നല്ലൊരു വരുമാന സാധ്യതയാണ്. ഇതിനായി കൊല്ലത്ത് രണ്ട് ഉല്‍പാദന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സാധ്യത പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
12 കോടി മത്സ്യക്കുഞ്ഞുങ്ങളാണ് നമുക്ക് ആവശ്യം. എന്നാല്‍ നിലവില്‍ രണ്ടു കോടി മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ. ഇതിനും ആശ്രയിക്കുന്നത് ഇതര സംസ്ഥാനങ്ങളെയാണ്. കൊല്ലത്തെ ഉല്‍പാദന കേന്ദ്രങ്ങളിലൂടെ നാലു കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കുളങ്ങള്‍ വൃത്തിയാക്കി പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ മത്സ്യക്കൃഷി നടത്താനും ആലോചിക്കുന്നുണ്ട്. ഇതിന് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെയും തീറ്റയും ഫിഷറീസ് വകുപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.