മുഷ്ടിചുരുട്ടി ആസാദി മുദ്രാവാക്യവുമായി ശ്രീനഗര്‍ തെരുവില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിന് പ്രതിഷേധക്കാര്‍: ആഗസ്റ്റ് 16ന് നടന്ന കൂറ്റന്‍ റാലിയുടെ ദൃശ്യങ്ങള്‍ പുറത്ത്
Kashmir Turmoil
മുഷ്ടിചുരുട്ടി ആസാദി മുദ്രാവാക്യവുമായി ശ്രീനഗര്‍ തെരുവില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിന് പ്രതിഷേധക്കാര്‍: ആഗസ്റ്റ് 16ന് നടന്ന കൂറ്റന്‍ റാലിയുടെ ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2019, 11:04 am

 

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ശ്രീനഗറിലെ സോറ ജില്ലയില്‍ വലിയ പ്രതിഷേധ റാലി നടന്നതായി കഴിഞ്ഞയാഴ്ച റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഇത് ‘കെട്ടിച്ചമച്ച’ വാര്‍ത്തയാണെന്നു പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.

എന്നാല്‍ കുറച്ചുദിവസത്തിനകം ആഭ്യന്തര മന്ത്രാലയം നിലപാട് മാറ്റുകയും പ്രതിഷേധം നടന്നതായി സമ്മതിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ചില ‘നിയമലംഘകരുടെ’ പണിയാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ആഗസ്റ്റ് 16നും സോറയിലും സമാനമായ പ്രതിഷേധം കാണാനായെന്നാണ് അവിടെ റിപ്പോര്‍ട്ടിങ്ങിനായെത്തിയ ദ വയര്‍ സംഘം പറയുന്നത്. ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമാണ് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചത്.

ഹം ചാഹ്‌തേ കീ ആസാദി, വീ വാണ്ട് ഫ്രീഡം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്ലക്കാര്‍ഡുകളുടെ മുകളിലായി അന്നത്തെ തിയ്യതിയും കുറിച്ചിരുന്നു. ലോകമാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുമ്പോള്‍ പഴയ ദൃശ്യങ്ങളാണെന്നു പറഞ്ഞ് ഇന്ത്യ അത് നിഷേധിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്.

കശ്മീരിലെ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു പിടിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നു. വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്ത ബി.ബി.സിയ്ക്കും അല്‍ ജസീറയ്ക്കും നന്ദി രേഖപ്പെടുത്തുന്ന പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ക്കിടയില്‍ കാണാമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2008 മുതല്‍ സുരക്ഷാ സേനയാല്‍ കശ്മീരില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനകളും ഇവര്‍ നടത്തി. ഇതിനിടെ, ആകാശത്ത് നിന്നും ഒരു ഡ്രോണ്‍ ഇത് നിരീക്ഷിക്കുന്നുണ്ടായിരുന്നു. സുരക്ഷാ സേനയുടേതാണിതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇതിനു പിന്നാലെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സൈന്യം പെലറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു.