മേരിലാന്‍ഡ്: സാങ്കേതികമേഖല രംഗത്തെ ഭീമനായ ആപ്പിളിലും തൊഴിലാളി യൂണിയന് തുടക്കമാവുന്നു. അമേരിക്കയിലെ മേരിലാന്‍ഡിലെ ആപ്പിളിന്റെ റീട്ടെയ്ല്‍ യൂണിറ്റിലെ തൊഴിലാളികളാണ് യൂണിയന്‍ തുടങ്ങുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മഷീനിസ്റ്റ്‌സ് ആന്റ് എയ്‌റോസ്‌പേസ് വര്‍ക്കേഴ്‌സ് (ഐ.എ.എം) എന്ന സംഘടനയില്‍ ചേരുന്നതിനുള്ള വോട്ടെടുപ്പില്‍ നൂറോളം തൊഴിലാളികളാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. സംഘടിത റീട്ടെയ്ല്‍ തൊഴിലാളികളുടെ സഖ്യം ( Coalition of Organized Retail Employese – CORE) എന്നാണ് മേരിലാന്‍ഡിലെ ആപ്പിള്‍ തൊഴിലാളികളുടെ യൂണിയന്റെ പേര്. അമേരിക്കയിലെ ആപ്പിളിന്റെ റീട്ടെയ്ല്‍ സ്ഥാപനങ്ങളിലെ ആദ്യ തൊഴിലാളി യൂണിയനായിരിക്കുമിത്.
ഭൂരിഭാഗം തൊഴിലാളികളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കോറിന്റെ ഭാരവാഹികള്‍ വോട്ടെടുപ്പ് വിജയത്തിന് പിന്നാലെ ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന് അയച്ച കത്തില്‍ പറഞ്ഞു. ‘മാനേജ്‌മെന്റിനെതിരെ നില്‍ക്കാനോ, അവരുമായി സംഘര്‍ഷങ്ങളുണ്ടാക്കാനോ വേണ്ടിയല്ല ഞങ്ങള്‍ യൂണിയന്‍ രൂപീകരിക്കുന്നത്. നിലവില്‍ നിഷേധിക്കപ്പെട്ടിരിക്കുന്ന ഞങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുക എന്നതാണ് ഈ യൂണിയന്റെ ലക്ഷ്യം,’ കോറിന്റെ കത്തില്‍ പറയുന്നു.
ആപ്പിളിന്റെ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ ദുരിതപൂര്‍ണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സ്‌റ്റോറുകളടക്കമുള്ള ആപ്പിള്‍ യൂണിറ്റുകളില്‍ മതിയായ സൗകര്യങ്ങളില്ലെന്നും വെളിപ്പെടുത്തലുകള്‍ വന്നിരുന്നു. ആപ്പിളിലെ മുന്‍ തൊഴിലാളികള്‍ #AppleToo എന്ന പേരില്‍ ഇതേ കുറിച്ച് സോഷ്യല്‍ മീഡിയ വഴി തുറന്നുപറഞ്ഞിരുന്നു.
അമേരിക്കയിലെമ്പാടുമുള്ള ആപ്പിളിന്റെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് വേണ്ടി വലിയ ത്യാഗമാണ് കോര്‍ പ്രവര്‍ത്തകര്‍ നടത്തിയതെന്നും ചരിത്ര വിജയമാണ് കോര്‍ നേടിയിരിക്കുന്നതെന്നുമാണ് ഐ.എ.എമ്മിന്റെ പ്രതികരണം. ആപ്പിളില്‍ മാത്രമല്ല, രാജ്യത്തെ വിവിധ വ്യവസായ മേഖലകളില്‍ തൊഴിലാളികള്‍ യൂണിയനുകള്‍ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഈ യൂണിയന്‍ രൂപീകരണം വിരല്‍ ചൂണ്ടുന്നതെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ വമ്പന്‍ ബിസിനസ് സ്ഥാപനങ്ങളിലെല്ലാം തൊഴിലാളി യൂണിയനുകള്‍ ശക്തി പ്രാപിച്ചുവരികയാണ്. ആമസോണിലും സ്റ്റാര്‍ബക്‌സിലും യൂണിയന്‍ രൂപീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ മാസങ്ങളിലാണ്.
അതേസമയം മാനേജ്‌മെന്റുകളുടെ നേതൃത്വത്തില്‍ യൂണിയന്‍ രൂപീകരണം തടയുന്നതിനുള്ള ശ്രമങ്ങളും ഇതിനൊപ്പം തന്നെ വിപുലമായി നടക്കുന്നുണ്ട്. ആപ്പിളിന്റെ തന്നെ അറ്റ്‌ലാന്റയിലെ സ്റ്റോറുകളിലെ തൊഴിലാളികളും യൂണിയന്‍ രൂപീകരണത്തിനുള്ള വോട്ടെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് മാനേജ്‌മെന്റ് ഭാഗത്ത് നിന്നുമുണ്ടായ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മേരിലാന്‍ഡിലെ കോറിന്റെ യൂണിയന്‍ രൂപീകരണത്തിനുള്ള വോട്ടെടുപ്പിലെ വിജയം ശ്രദ്ധ നേടുന്നത്.
തൊഴിലാളികള്‍ യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള അവകാശം നേടിയെടുക്കാതിരിക്കാന്‍ വേണ്ടി കോടികള്‍ ചെലവഴിച്ചുള്ള ക്യാംപെയ്ന്‍ ആമസോണിലും നടന്നിരുന്നു.
Content Highlight : First Trade Union in Apple Retail Stores