കോഴിക്കോട്: ലോകകപ്പിന് മുന്നോടിയായി കോഴിക്കോട് പുള്ളാവൂര്‍ ചെറുപുഴയില്‍ സ്ഥാപിച്ച മെസി- നെയ്മര്‍- റൊണാള്‍ഡോ എന്നിവരുടെ വമ്പന്‍ കട്ടൗട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. പുള്ളാവൂരിലെ ഫുട്‌ബോള്‍ ആരാധകരായിരുന്നു ഈ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നത്.
ഫിഫ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ചിരുന്നു. എന്നാലിപ്പോള്‍ ലോകകപ്പില്‍ മൂന്ന് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ പൂര്‍ത്തിയാകുമ്പോള്‍, കൗട്ടുകള്‍ സ്ഥാപിക്കപ്പെട്ട മൂന്ന് താരങ്ങളില്‍ രണ്ട് പേരുടെ ടീമും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്.
ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെയ്മറിന്റെ ബ്രസീല്‍ ക്രൊയേഷ്യയോട് തോറ്റ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോല്‍വി. എന്നാല്‍ അവേശകരമായ രണ്ടാം ക്വാര്‍ട്ടറില്‍ മെസിയുടെ അര്‍ജന്റീന ഹോളണ്ടിനെ തകര്‍ത്ത് സെമിലെത്തുകയും ചെയ്തു. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ തന്നെയായിരുന്നു അര്‍ജന്റീനയുടെയും വിധി നിശ്ചയിക്കപ്പെട്ടത്.
ഇതോടെയാണ് പുള്ളാവൂരിലെ കട്ടൗട്ടുകള്‍ വീണ്ടും ചര്‍ച്ചയിലേക്ക് വന്നിരുന്നത്. ശനിയാഴ്ച നടന്ന പോര്‍ച്ചുഗലിന്റെ മത്സരവും പൂര്‍ത്തിയായതോടെ ലോക ശ്രദ്ധനേടിയ പുള്ളാവുര്‍ പുഴയില്‍ മെസി മാത്രം ബാക്കിയായിരിക്കുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈ ലോകപ്പിലെ താരോദയം എന്ന് വിശേഷിപ്പിക്കാവുന്ന മൊറോക്കൊയോട് പോര്‍ച്ചുഗല്‍ തോറ്റത്.
അതേസമയം, പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നതാണ് കട്ടൗട്ടുകളെന്നും ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ ശ്രീജിത്ത് പരാതി നല്‍കിയതും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയായിരുന്നു.
മെസിയുടെ ഭീമന്‍ കട്ടൗട്ടാണ് പുള്ളാവൂരില്‍ ആദ്യം സ്ഥാപിച്ചിരുന്നത്. പിന്നാലെയായിരുന്നു നെയ്മറും ക്രിസ്റ്റ്യാനോ റോണാള്‍ഡോയുമെത്തിയിരുന്നത്.
അതിനിടയിലാണ് കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമന പരാതി നല്‍കിയത്.
എന്നാല്‍ കട്ടൗട്ട് നീക്കേണ്ടതില്ലെന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്തും കൊടുവള്ളി നഗരസഭയും തീരുമാനമെടുക്കുകയായിരുന്നു. വിഷയത്തില്‍ സ്ഥലം എം.എല്‍.എ അഡ്വ: പി.ടി.എ റഹീം എം.എല്‍.എയും കളിയാരാധകര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.