നടിയും തൃണമൂല്‍ എം.പിയുമായ നുസ്രത് ജഹാന്റെ വിവാഹം സത്യപ്രതിജ്ഞാ ദിനത്തില്‍; ചടങ്ങില്‍ പങ്കെടുക്കാനാവാതെ താരം
India
നടിയും തൃണമൂല്‍ എം.പിയുമായ നുസ്രത് ജഹാന്റെ വിവാഹം സത്യപ്രതിജ്ഞാ ദിനത്തില്‍; ചടങ്ങില്‍ പങ്കെടുക്കാനാവാതെ താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2019, 10:28 am

ന്യൂദല്‍ഹി: എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കേണ്ട ദിവസം തുര്‍ക്കിയില്‍ വെച്ച് വിവാഹിതയായിരിക്കുകയാണ് തൃണമൂല്‍ എം.പിയും നടിയുമായ നുസ്രത് ജഹാന്‍.

വിവാഹചിത്രങ്ങള്‍ നുസ്രത് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിസിനസുകാരനായ നിഖിന്‍ ജെയ്‌നാണ് നുസ്രതിന്റെ വരന്‍. തുര്‍ക്കിയില്‍ നടന്ന വിവാഹചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ബംഗാളി സിനിമാ താരമായ നുസ്രത് ജഹാന്‍ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബസിര്‍ഹാത് സീറ്റില്‍ മത്സരിച്ച ഇവര്‍ വലിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്. വിവാഹചടങ്ങുകള്‍ക്കായി തുര്‍ക്കിയിലേക്ക് പോയതിനാല്‍ പാര്‍ലമെന്റില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ താരത്തിനായില്ല.

നുസ്രത്തിന്റെ സുഹൃത്തും എം.പിയുമായി മിമി ചക്രബര്‍ത്തിയും തുര്‍ക്കിയില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്തു. മിമി ചക്രവര്‍ത്തിക്കും സത്യപ്രതിജ്ഞാ ദിനത്തില്‍ പാര്‍ലമെന്റില്‍ എത്താന്‍ കഴിഞ്ഞില്ല. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മിമി ജാദവ്പൂര്‍ സീറ്റില്‍ നിന്നാണ് പാര്‍ലമെന്റില്‍ എത്തിയത്.

ജൂലൈ നാലിന് കൊല്‍ക്കത്തയില്‍ വെച്ച് നടത്തുന്ന വിവാഹറിസപ്ഷനില്‍ ബംഗാളി സിനിമാ താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുമെന്നാണ് അറിയുന്നത്.

ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നുസ്രതും മിമിയും ജീന്‍സ് ധരിച്ച് പാര്‍ലമെന്റിലെത്തിയ സംഭവം വിവാദമായിരുന്നു. പാന്റും ഷര്‍ട്ടും ധരിച്ചായിരുന്നു ഇരുവരും 17ാം ലോക്‌സഭയിലേക്ക് എത്തിയത്.

തങ്ങളുടെ ‘എം.പി’ ഐ.ഡി. കാര്‍ഡുകള്‍ കാണിച്ചുകൊണ്ടുള്ള ഫോട്ടോകളും ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

സാധാരണ വനിതാ എം.പിമാര്‍ സല്‍വാര്‍ കമ്മീസോ സാരിയോ ധരിച്ചാണ് ലോക്‌സഭയിലേക്ക് എത്താറ്. എന്നാല്‍, ഇഷ്ടവസ്ത്രം ധരിച്ചെത്തിയ വനിതാ എം.പിമാരെ അഭിനന്ദിച്ച് നിരവധി പേരെത്തി.

‘പാര്‍ലമെന്റെന്ന് വെച്ചാല്‍ ഫോട്ടോ സ്റ്റുഡിയോ അല്ലെ’ന്നും അത് ‘സിനിമാ സെറ്റാണെന്ന് വിചാരിക്കരുതെ’ന്നും പറഞ്ഞും ചിലര്‍ ഇരുവരേയും വിമര്‍ശിച്ചിരുന്നു.

വനിതാ എം.പിമാരുടെ ടിക് ടോക്ക് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇങ്ങനെയുള്ള ‘കാണാന്‍ കൊള്ളാവുന്ന’ എം.പിമാര്‍ പാര്‍ലമെന്റില്‍ എത്തുന്നത് തീര്‍ച്ചയായും നല്ലതാണെന്നായിരുന്നു ആര്‍.ജി.വിയുടെ കമന്റ്.