| Friday, 5th August 2022, 7:21 pm

ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ തൊഴിലാളി സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ലോക പ്രശസ്ത ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സിലെ ജീവനക്കാരും സമര രംഗത്തേക്ക്. വാഗ്ദാനം നല്‍കിയ ശമ്പള വര്‍ധനവ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചരിത്രത്തിലാദ്യമായി റോയിട്ടേഴ്സ് അമേരിക്കയിലെ പത്രപ്രവര്‍ത്തകര്‍ സമരം ചെയ്തത്.

24 മണിക്കൂര്‍ നീണ്ട പ്രതിഷേധ സമരത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കുകയായിരുന്നു. ജോലി നിര്‍ത്തിവെച്ചാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ആറ് മണിക്കായിരുന്നു സമരം തുടങ്ങിയത്. 300 ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. കമ്പനിയിലെ 90 ശതമാനം ആളുകളും സമരത്തില്‍ പങ്കെടുത്തുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒരു ശതമാനം ശമ്പള വര്‍ധനവ് മാത്രമേ ജീവനക്കാര്‍ക്ക് നല്‍കൂ എന്ന കരാര്‍ നിര്‍ദേശം റോയിട്ടേഴ്‌സ് കമ്പനി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കിട്ടേണ്ട ന്യായമായ ശമ്പള വര്‍ധനവ് ഒരു ശതമാനമായി ചുരുക്കുന്നത് ചൂഷണമാണെന്നും, അത് അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ സമരം ചെയ്തത്. തൊഴിലാളി യൂണിയനായ ന്യൂസ് ഗില്‍ഡാണ് സമരവുമായി രംഗത്തുള്ളത്.

ആരേപണത്തിന്മേല്‍ ന്യൂസ് ഗില്‍ഡ് അംഗങ്ങള്‍ യു.എസ് നാഷണല്‍ ലേബര്‍ ബോര്‍ഡിന് പരാതി നല്‍കി.

അതേസമയം, കരാറിന്റ കാര്യത്തില്‍ ന്യൂസ് ഗില്‍ഡുമായി ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും, ഒത്തുതീര്‍പ്പിലെത്താന്‍ സന്നദ്ധമാണെന്നും റോയിട്ടേഴ്സ് വക്താവ് പറഞ്ഞു.

Content Highlight: First time in history Reuters journalists held strike for wage issue

We use cookies to give you the best possible experience. Learn more