റിയാദ്: ഇത് വരെ അനുഭവിച്ചിരുന്ന സുരക്ഷിതത്വം നഷ്ടപ്പെട്ടതിന്റെ ഭയത്തിലാണ് സൗദി തലസ്ഥാനം. സൗദി-ഹൂത്തി സംഘര്‍ഷം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷത്തോളമായെങ്കിലും റിയാദിലും സമീപ പ്രദേശങ്ങളിലും യുദ്ധത്തിന്റെ പ്രശ്‌നങ്ങള്‍ ബാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഹൂതി മിസൈല്‍ ആക്രമണത്തില്‍ റിയാദില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ ഭീതിയുടെ നിഴലിലാണ് സൗദി. ആദ്യമായാണ് ഹൂതി മിസൈല്‍ അക്രമത്തില്‍ റിയാദില്‍ ഒരാള്‍ കൊല്ലപ്പെടുന്നത്.
ഹൂത്തി മിസൈലുകള്‍ ലക്ഷ്യത്തിലെത്തും മുമ്പേ സൗദി തകര്‍ത്തെങ്കിലും മിസൈല്‍ അവശിഷ്ടങ്ങളുണ്ടാക്കിയ ആഘാതമാണ് അപകടത്തിന് കാരണം. ഞായറാഴ്ച രാത്രിയാണ് ഹൂതി സായുധ സംഘം ഏഴ് ബാലിസ്റ്റിക് മിസൈല്‍ സൗദി ലക്ഷ്യമാക്കി തൊടുത്തത്. റിയാദ് ലക്ഷ്യമാക്കിയ മൂന്ന് മിസൈലുകളും നജ്രാന്‍, ജിസാന്‍, ഖാമിസ് മുഷൈത്ത് എന്നീ നഗരങ്ങളെ ലക്ഷമിട്ടുള്ള നാല് മിസൈലുകളും ആകാശത്ത് വച്ച് തന്നെ തകര്‍ത്തതായി സൗദി അവകാശപ്പെട്ടു.
സൗദി-ഹൂതി സംഘര്‍ഷത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ നടന്ന മിസൈല്‍ ആക്രമണം പ്രശ്‌നം ഗുരുതരമാക്കുകയും പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
“ഞാന്‍ എപ്പോഴും എന്റെ രാജ്യത്ത് സുരക്ഷിതത്വം അനുഭവിച്ചിരുന്നു. പക്ഷേ ജീവിതത്തിലാദ്യമായി ജനങ്ങള്‍ യുദ്ധത്തിലാണെന്ന ഭയം തോന്നിത്തുടങ്ങിയിരിക്കുന്നു”- റിയാദ് സ്വദേശിയായ ഹൈല സൈദ് പറയുന്നു. ഹൈലയും ഭര്‍ത്താവും റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് മിസൈല്‍ തകര്‍ക്കപ്പെട്ടതിന്റെ സ്‌ഫോടനം കേട്ടതെന്ന് ദമ്പതികള്‍ പറയുന്നു.
യുവാക്കള്‍ സംഭവത്തെ ഒരു യുദ്ധാഹ്വാനമായിട്ടാണ് കാണുന്നത്. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാനുള്ള അവസരമാണിതെന്നാണ് യുവാക്കളുടെ അഭിപ്രായം. ഒരു തോക്കുമെടുത്ത് യൂണിഫോമില്‍ ധീരരായ സൗദി പട്ടാളത്തിലേക്ക് പോവാനാണ് എനിക്കിപ്പോള്‍ തോന്നുന്നതെന്നാണ് സൗദിയിലെ ഒരു ടെക്‌നിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ ഫഹദ് മാതര്‍ അല്‍ ഷെലാഹി റോയിട്ടേഴ്‌സിനോട് പറഞ്ഞത്. “സര്‍ക്കാര്‍ ജനങ്ങളോട് പട്ടാളത്തില്‍ സേവനം ചെയ്യാനാവശ്യപ്പെട്ടാല്‍,ആദ്യം പോവുന്നത് ഞാനായിരിക്കും”- ഷെലാഹി പറഞ്ഞു.
എന്നാല്‍ കിഴക്കന്‍ നഗരങ്ങളിലുള്ളവര്‍ക്ക് സംഭവത്തില്‍ വലിയ പ്രാധാന്യമൊന്നും തോന്നാനില്ല. ഹൂതി മിസൈല്‍ ആക്രമണങ്ങളുടെ സ്ഥിരം ലക്ഷ്യമാണ് നജ്‌റാന്‍ ഉള്‍പ്പടെയുള്ള കിഴക്കന്‍ നഗരങ്ങല്‍. “എനിക്ക് ഇത് സാധാരണ സംഭവമാണ്, ഞങ്ങള്‍ക്കത് ശീലമായി” – എന്നാണ് നജ്‌റാന്‍ സ്വദേശി അബ്ദുറഹ്മാന്‍ അല്‍ സാരി റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്.
മന്‍സൂര്‍ ഹാദിയെ പിന്തുണച്ച് കൊണ്ട് 2015 മുതല്‍ സൗദി അറേബ്യ യെമനില്‍ ആക്രമണം നടത്തുന്നുണ്ട്. അനുയായികളായ ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്തുണയോടെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിട്ടും മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ സൗദിക്കായിട്ടില്ല. സനായും വടക്കന്‍ യമനുമടക്കം ഇപ്പോഴും ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്.
യുദ്ധത്തില്‍ 10,000ത്തോളം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. കോളറയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന രാജ്യത്തെ 8.4 മില്ല്യണ്‍ ജനങ്ങള്‍ പട്ടിണി നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.