| Wednesday, 3rd January 2024, 9:01 pm

ഇതുപോലെ നാണക്കേട് ടെസ്റ്റിന്റെയല്ല ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യം; ഇന്ത്യയുടെ തന്ത്രം തിരിച്ചുപയറ്റി സൗത്ത് ആഫ്രിക്ക

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് കണ്ട ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഓള്‍ ഔട്ടായത്.

153 റണ്‍സിന് നാല് എന്ന നിലയില്‍ നിന്നും 153ന് പത്ത് എന്ന നിലയിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്.

34ാം ഓവറിലെ ആദ്യ പന്തില്‍ കെ.എല്‍. രാഹുലിനെ നഷ്ടപ്പെട്ടുതുടങ്ങിയ ഇന്ത്യക്ക് ഓവറിലെ മൂന്നാം പന്തില്‍ ജഡേജയെയും അഞ്ചാം പന്തില്‍ ബുംറയെയും നഷ്ടമായി.

തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോഹ്‌ലിയും നാലാം പന്തില്‍ സിറാജും മടങ്ങി. ഓവറിലെ അഞ്ചാം പന്തില്‍ പ്രസിദ്ധ് കൃഷ്ണയും പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശ്ശീല വീണു.

ഈ സംഭവ വികാസങ്ങളത്രെയും നടക്കവെ ഒറ്റ റണ്‍സ് പോലും ഇന്ത്യന്‍ ടോട്ടലില്‍ കയറിയിരുന്നില്ല.

17/1
72/2
105/3
110/4
153/5
153/6
153/7
153/8
153/9
153/10 – എന്നിങ്ങനെയാണ് ഇന്ത്യന്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. അവസാന ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാതെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഒരു നാണംകെട്ട റെക്കോഡും ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സ്‌കോര്‍ ബോര്‍ഡ് ചലിക്കാതെ തുടര്‍ച്ചയായി ആറ് വിക്കറ്റുകള്‍ വീഴുന്ന ആദ്യ സംഭവമാണിത്.

സൗത്ത് ആഫ്രിക്കന്‍ പേസര്‍മാരാണ് ഇന്ത്യയെ തരിപ്പണമാക്കിയത്. ലുങ്കി എന്‍ഗിഡിയുടെ ത്രീ വിക്കറ്റ് മെയ്ഡനടക്കം ഒമ്പത് വിക്കറ്റുകളും പേസര്‍മാര്‍ തന്നെയാണ് പിഴുതെറിഞ്ഞത്. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് സിറാജ് റണ്‍ ഔട്ടാവുകയായിരുന്നു.

11.5 ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 38 റണ്‍സ് വഴങ്ങി റബാദ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഒരു മെയ്ഡന്‍ അടക്കം ആറ് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടിയത്.

കൂട്ടത്തില്‍ ജൂനിയറായ നാന്ദ്രേ ബര്‍ഗറും മോശമാക്കിയില്ല. രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ എട്ട് ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്. മാര്‍കോ യാന്‍സെന് മാത്രമാണ് സൗത്ത് ആഫ്രിക്കന്‍ നിരയില്‍ വിക്കറ്റെടുക്കാന്‍ സാധിക്കാതിരുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 55 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

98 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സൗത്ത് ആഫ്രിക്ക 14 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന നിലയിലാണ്. 46 പന്തില്‍ 27 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും ആറ് പന്തില്‍ റണ്‍സൊന്നും നേടാന്‍ സാധിക്കാതെ ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് ക്രീസില്‍.

28 പന്തില്‍ 12 റണ്‍സ് നേടിയ ഡീന്‍ എല്‍ഗറിന്റെയും ഏഴ് പന്തില്‍ ഒരു റണ്‍സടിച്ച ടോണി ഡി സോര്‍സിയുടെയും വിക്കറ്റാണ് സൗത്ത് ആഫ്രിക്കക്ക് നഷ്ടമായത്.

Continent Highlight: First time ever a team lost 6 consecutive wickets at the same score in international cricket

We use cookies to give you the best possible experience. Learn more