| Saturday, 29th October 2022, 4:49 pm

'ആദ്യം അവര്‍ ടി.വി നെറ്റ്‌വര്‍ക്കുകളെ കൈപ്പിടിയിലാക്കി, ഇപ്പോള്‍ സോഷ്യല്‍ മീഡിയയും'; കേന്ദ്രത്തിന്റെ ഐ.ടി നിയമഭേദഗതിക്കെതിരെ കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ഐ.ടി ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ വിമര്‍ശിച്ച് അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന കപില്‍ സിബല്‍. രാജ്യത്തെ ചാനലുകളെയെല്ലാം നിയന്ത്രിച്ച് കഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ഇനി സമൂഹ മാധ്യമങ്ങള്‍ക്കും കടിഞ്ഞാണിടുകയാണെന്ന് കപില്‍ സിബല്‍ വിമര്‍ശിച്ചു.

‘ആദ്യം അവര്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളെ കൈപ്പിടിയിലാക്കി. ഇപ്പോള്‍ അവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ പിടിച്ചെടുക്കാന്‍ പോകുന്നു. സാധാരണ പൗരന്മാര്‍ക്ക് അവശേഷിക്കുന്ന ഏക പ്ലാറ്റ്‌ഫോം സോഷ്യല്‍ മീഡിയയാണ്. എല്ലാതരം മാധ്യമങ്ങളേയും വരുതിയിലാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വിമര്‍ശിച്ചാല്‍ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളത്,’ കപില്‍ സിബല്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഒരു പെരുമാറ്റച്ചട്ടം, ഒരു രാഷ്ട്രീയ പാര്‍ട്ടി, ഒരു ഭരണ സംവിധാനം എന്ന തലത്തിലേക്കാണ് നമ്മള്‍ പോകുന്നത്. അവര്‍ക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല,’ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം, സുരക്ഷിതവും സുതാര്യവുമായ ഇന്റര്‍നെറ്റ് സേവനം രാജ്യത്ത് ഉറപ്പാക്കാനാണ് ഐ.ടി ചട്ട ഭേദഗതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സമൂഹ്യ മാധ്യമ കമ്പനികള്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കി ഐ.ടി ചട്ടങ്ങളില്‍ ഭേദദഗതിവരുത്തി അന്തിമ വിജ്ഞാപനം കഴിഞ്ഞ രാത്രിയാണ് കേന്ദ്രം പുറത്തിറക്കിയത്.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ കമ്പനികള്‍ക്ക് നിയമങ്ങള്‍ പൂര്‍ണമായും ബാധകമായിരിക്കും. കമ്പനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ സമിതിയെ സമീപിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഭേദഗതിയിലൂടെ സാമൂഹ്യ മാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതി വരും. മൂന്ന് മാസത്തിനുള്ളിലാകും പരാതി പരിഹാര സമിതികള്‍ നടപ്പാകുക. രണ്ട് സ്വതന്ത്ര അംഗങ്ങളും സമിതിയിലുണ്ടായിരിക്കും. വിദഗ്ധരുടെ സേവനവും സമിതിക്ക് തേടാം. ചെയര്‍പേഴ്സണ്‍ അടക്കം മൂന്ന് സ്ഥിരാംഗങ്ങള്‍ സമിതിയിലുണ്ടാകും.

സര്‍ക്കാര്‍ സമിതിക്ക് പുറമെ ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി കമ്പനികളും സ്വന്തം നിലയില്‍ സംവിധാനം രൂപീകരിക്കണം. കമ്പനി നടപടികളില്‍ തൃപ്തരല്ലെങ്കില്‍ പരാതിക്കാരന് സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയില്‍ അപ്പീല്‍ നല്‍കാം. പരാതിയില്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമ കമ്പനികള്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയ ഭേദഗതി കമ്പനികളും കേന്ദ്രസര്‍ക്കാറും തമ്മില്‍ ഏറ്റുമുട്ടലിന് വഴിയൊരുക്കിയേക്കാമെന്നാണ് സൂചന.

Content Highlight: First, they captured TV networks and now Social media; Kapil Sibal on Amendment in IT Rules

We use cookies to give you the best possible experience. Learn more