ആദ്യം ആര്‍.എസ്.എസ്; പിന്നെ കോണ്‍ഗ്രസ്; സന്ദീപിന്റെ രാഷ്ട്രീയം മാധ്യമങ്ങള്‍ മറച്ച് വെച്ചെന്ന് കെ.ടി.ജലീല്‍
Kerala News
ആദ്യം ആര്‍.എസ്.എസ്; പിന്നെ കോണ്‍ഗ്രസ്; സന്ദീപിന്റെ രാഷ്ട്രീയം മാധ്യമങ്ങള്‍ മറച്ച് വെച്ചെന്ന് കെ.ടി.ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th May 2023, 1:23 pm

തിരുവനന്തപുരം: ഹൗസ് സര്‍ജന്റായിരുന്ന ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ പ്രതി ജി.സന്ദീപിന്റെ രാഷ്ട്രീയം പ്രതിപക്ഷവും മാധ്യമങ്ങളും മറച്ചുവെക്കുന്നെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. സന്ദീപ് ആദ്യം ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നുവെന്നും ജോലിയില്‍ പ്രവേശിച്ചതിന് ശേഷം അയാള്‍ കെ.പി.എസ്.ടിയുടെ സജീവ പ്രവര്‍ത്തകനാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇടതുപക്ഷ പാര്‍ട്ടികളോടെങ്ങാനും ഇയാള്‍ക്കൊരു വിദൂര ബന്ധം ഉണ്ടായിരുന്നെങ്കില്‍ എന്താകും സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു.

‘ഡോ: വന്ദനയുടെ ഘാതകന്റെ രാഷ്ട്രീയം മറച്ചുവെച്ചത് എന്തുകൊണ്ട്? ഡോ: വന്ദന ദാസിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ ജി.സന്ദീപ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ സജീവ പ്രവര്‍ത്തകനാണെന്ന വിവരം മാധ്യമങ്ങളും പ്രതിപക്ഷവും ബി.ജെ.പിയും മറച്ചുവെച്ചത് എന്തുകൊണ്ടാകും?

2006 ല്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പരിപാടികളിലെല്ലാം സജീവ സാന്നിദ്ധ്യമായി സന്ദീപ് ഉണ്ടായിരുന്നു. ജോലിയില്‍ പ്രവേശിക്കും വരെ സന്ദീപ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.

മാധ്യമങ്ങളില്‍ ഒന്നു പോലും ഈ വസ്തുത പറഞ്ഞില്ല. ഇടതുപക്ഷ പാര്‍ട്ടികളോടെങ്ങാനും ഇയാള്‍ക്കൊരു വിദൂര ബന്ധം ഉണ്ടായിരുന്നെങ്കില്‍ എന്താകും സ്ഥിതി? വെറുതെ ഒന്നാലോചിച്ച് നോക്കൂ. ഏത് കേസിലാണെങ്കിലും പ്രതിയുടെ രാഷ്ട്രീയം മാധ്യമങ്ങളും പ്രതിപക്ഷവും ബി.ജെ.പിയും പറയുന്നില്ലെങ്കില്‍ ഉറപ്പിക്കുക അയാള്‍ക്ക് കോ-ലീ-ബി ബന്ധം നിശ്ചയമായും ഉണ്ടെന്ന്,’ അദ്ദേഹം പറഞ്ഞു.

അധികാരം കിട്ടാനും കിട്ടിയത് നിലനിര്‍ത്താനും എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് സംഘപരിവാരങ്ങളെന്നും അവരുടെ ലക്ഷ്യം ഹിന്ദു-മുസ്‌ലിം ലഹളയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘ മിത്രങ്ങളുടെ കുത്സിത നീക്കങ്ങളില്‍ ആരും വീണുപോകരുതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡോ: വന്ദനയുടെ ഘാതകന്റെ രാഷ്ട്രീയം മറച്ചുവെച്ചത് എന്തുകൊണ്ട്?

ഡോ: വന്ദന ദാസിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ ജി.സന്ദീപ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ സജീവ പ്രവര്‍ത്തകനാണെന്ന വിവരം മാധ്യമങ്ങളും പ്രതിപക്ഷവും ബി.ജെ.പിയും മറച്ചുവെച്ചത് എന്തുകൊണ്ടാകും?

2006 ല്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പരിപാടികളിലെല്ലാം സജീവ സാന്നിദ്ധ്യമായി സന്ദീപ് ഉണ്ടായിരുന്നു. ജോലിയില്‍ പ്രവേശിക്കും വരെ സന്ദീപ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.

മാധ്യമങ്ങളില്‍ ഒന്നു പോലും ഈ വസ്തുത പറഞ്ഞില്ല. ഇടതുപക്ഷ പാര്‍ട്ടികളോടെങ്ങാനും ഇയാള്‍ക്കൊരു വിദൂര ബന്ധം ഉണ്ടായിരുന്നെങ്കില്‍ എന്താകും സ്ഥിതി? വെറുതെ ഒന്നാലോചിച്ച് നോക്കൂ. ഏത് കേസിലാണെങ്കിലും പ്രതിയുടെ രാഷ്ട്രീയം മാധ്യമങ്ങളും പ്രതിപക്ഷവും ബി.ജെ.പിയും പറയുന്നില്ലെങ്കില്‍ ഉറപ്പിക്കുക അയാള്‍ക്ക് കോ-ലീ-ബി ബന്ധം നിശ്ചയമായും ഉണ്ടെന്ന്.

‘ഠാക്കൂര്‍ സേനയിലെ’അംഗങ്ങള്‍ എത്ര ജാഗ്രതയോടെയാണ് നാടിനെ നടുക്കിയ ഒരു കൊലപാതകിയുടെ രാഷ്ട്രീയം മറച്ചുവെച്ചത്? ക്ഷേത്ര വളപ്പിലേക്ക് ആരും കാണാതെ മനുഷ്യ മാലിന്യങ്ങള്‍ എറിഞ്ഞ് കേരളത്തില്‍ പിടിയിലായതും ഒരു സംഘിയാണെന്ന കാര്യം മറക്കണ്ട.

പശുവിനെ അറുത്ത് അവശിഷ്ടങ്ങള്‍ ക്ഷേത്രകവാടത്തിന് മുന്നിലേക്കെറിഞ്ഞ് ഹിന്ദു-മുസ്‌ലിം കലാപത്തിന് ശ്രമിച്ചതിന് പിടിയിലായത് ഒരുപറ്റം സംഘികളാണെന്ന വസ്തുത വിസ്മരിക്കരുത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൂരില്‍ ശോഭയാത്രക്കു നേര്‍ക്ക് ബോംബെറിയാന്‍ ലക്ഷ്യമിട്ട് നടത്തിയ പദ്ധതി കയ്യോടെ പിടികൂടിയ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് അന്ന് പറഞ്ഞത് ‘മലപ്പുറത്തെ ദൈവം രക്ഷിച്ചു’ എന്നാണ്.

അധികാരം കിട്ടാനും കിട്ടിയത് നിലനിര്‍ത്താനും എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ് സംഘപരിവാരങ്ങള്‍. അവരുടെ ലക്ഷ്യം ഒന്നുമാത്രം! ഹിന്ദു-മുസ്‌ലിം ലഹള!

നൂറ്റാണ്ടുകളായി സ്‌നേഹത്തിലും സൗഹൃദത്തിലും കഴിയുന്ന ഹൈന്ദവ മുസ്‌ലിം ക്രൈസ്തവ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ സംഘ മിത്രങ്ങള്‍ നടത്തുന്ന കുല്‍സിത നീക്കങ്ങള്‍ കേരളം കരുതിയിരിക്കണം! അവരുടെ ചതിക്കുഴിയില്‍ ആരും വീണുപോകരുത്.

content highlight: First the RSS; Then the Congress; KT Jalil said that the media hid Sandeep’s politics