കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് കട്ടക്കില്‍ സ്റ്റേഡിയത്തിന് പുറത്ത് ആരാധകരുടെ പ്രതിഷേധം. വ്യാജ ടിക്കറ്റാണെന്ന് ആരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവേശനം നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം.
ഓണ്‍ ലൈനിലൂടെ മത്സരം കാണാനുള്ള ടിക്കറ്റുകള്‍ വാങ്ങിയവരാണ് വഞ്ചിക്കപ്പെട്ടത്. ടിക്കറ്റുമായി സ്റ്റേഡിയത്തിലെത്തിയപ്പോള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകരെ മടക്കി അയക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരാധകര്‍ സ്‌റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം ആരംഭിച്ചത്.
“ഓണ്‍ലൈനില്‍ നിന്നുമാണ് ഞങ്ങള്‍ ടിക്കറ്റെടുത്തത്. ടിക്കറ്റില്‍ ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്റെ സീലുമുണ്ടായിരുന്നു. ഇവിടെയെത്തിയപ്പോള്‍ പൊലീസുകാര്‍ പറയുന്നു അതില്‍ സീറ്റ് നമ്പറില്ലെന്ന്.” ആരാധകരിലൊരാള്‍ പറയുന്നു.
ശരിയായ ടിക്കറ്റ് വിതരണം ചെയ്യുക എന്നത് അതോറിറ്റിയുടെ ഉത്തരവാദിത്വമാണ്. അവരുടെ തെറ്റിന്റെ പേരില്‍ ഞങ്ങള്‍ ആരാധകരെ ആണ് ആട്ടിയോടിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.
കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ പ്രതിഷേധം തുടരുകയാണ്. മുമ്പ് 2015ല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരവും കട്ടക്കിലെ ആരാധകരുടെ പ്രതിഷേധം മൂലം മാറ്റി വച്ചിരുന്നു. അന്ന് ഇന്ത്യയുടെ മോശം പ്രകടനമാണ് ആരാധകരെ ചൊടിപ്പിച്ചത്.