| Monday, 18th January 2021, 9:02 am

ഇന്ത്യയുടെ നെഞ്ചില്‍ കയറി ബി.ജെ.പി നടത്തുന്ന താണ്ഡവം ആദ്യം നിര്‍ത്ത്, എന്നിട്ടാവാം സ്‌ക്രീനിലെ താണ്ഡവ്; മറുപടിയുമായി മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആമസോണ്‍ പ്രൈം വെബ്‌സീരിസ് താണ്ഡവ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന നീക്കത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
ആദ്യം ഇന്ത്യയുടെ നെഞ്ചില്‍ കയറി ബി.ജെ.പി നടത്തുന്ന താണ്ഡവമാണ് നിര്‍ത്തേണ്ടത് അല്ലാതെ സ്‌ക്രീനിലെ ‘താണ്ഡവ് ‘ അല്ലെന്നാണ് മഹുവ പറഞ്ഞത്.

താന്‍ ഒരു ഹിന്ദുവാണെന്നും എന്നാല്‍ സര്‍ഗാത്മക ആവിഷ്‌കാരം കാരണം തന്റെ വികാരങ്ങള്‍ വ്രണപ്പെടുന്നില്ലെന്ന് മഹുവ ബി.ജെ.പിയോട് പറഞ്ഞു. താണ്ഡവ് ഹിന്ദുക്കളുടെ വികാരം   വ്രണപ്പെടുത്തി എന്നാരോപിച്ചാണ് സീരിസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തുവന്നിരിക്കുന്നത്.

എന്ത് കാണണം, എന്ത് കഴിക്കണം, ആരെ സ്‌നേഹിക്കണം എന്ന കാര്യങ്ങളൊന്നും ബി.ജെ.പി സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിരീസിനെതിരെ ബി.ജെ.പിയുടെ പരാതികള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ആമസോണ്‍ പ്രൈമിനെ വിശദീകരണത്തിനായി വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് വാര്‍ത്താ പ്രക്ഷേപണമന്ത്രിക്ക് ബി.ജെ.പി പരാതി നല്‍കിയിരുന്നത്. താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

അവി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താണ്ഡവിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പവര്‍ പൊളിറ്റിക്സ് ആണ് താണ്ഡവ് ചര്‍ച്ച ചെയ്യുന്നത്.

ദല്‍ഹിയിലെ വമ്പന്‍ നേതാക്കള്‍ മുതല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വരെ താണ്ഡവ് കൈകാര്യം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി പദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളുമെല്ലമാണ് കഥാപരിസരം. സീരിസ് റിലിസ് ആയാല്‍ വിവാദങ്ങളും ബഹിഷ്‌ക്കരണാഹ്വാനവും വരാന്‍ സാധ്യതയുണ്ടെന്ന നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നതുമാണ്.

അതേസമയം, താണ്ഡവ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്ര രംഗത്തുവന്നിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ഇവരുടെ വാദം. താണ്ഡവ് ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും നിരോധിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: First stop your Tandav on India’s soul BJP, not the one on screen! Mahua Moitra

We use cookies to give you the best possible experience. Learn more