| Thursday, 26th March 2020, 4:06 pm

'ശരിയായ ദിശയിലേക്കുള്ള ആദ്യപടി'; കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്ത് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ജനങ്ങള്‍ക്കായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ശരിയായ ദിശയിലേക്കുള്ള ആദ്യപടി എന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കത്തയച്ചതിന് പിന്നാലെയായിരുന്നു സാമ്പത്തിക സഹായ പാക്കേജിനെ സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയത്.

സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യപടിയാണ്. ലോക്ക് ഡൗണിന്റെ ആഘാതം സഹിച്ച് ജീവിച്ചു വരുന്ന കര്‍ഷകര്‍, ദിവസക്കൂലിക്കാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, പ്രായമായവര്‍ എന്നിവരോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് രാഹുല്‍ ട്വീറ്റിടുന്നത്.

നേരത്തെ കൊവിഡ് വൈറസ് വ്യാപനം ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടും വെന്റിലേറ്ററും മാസ്‌ക്കുകളും ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

ഇത് എന്ത് തരം ഗൂഢാലോചനയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഏതാണെന്നും രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി മുഖേനയാണ് 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചത്. സൗജന്യ ഭക്ഷ്യധാന്യവും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷൂറന്‍സും സൗജന്യ സിലിണ്ടറും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജും കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന നിധിയും മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കുമായുള്ള പാക്കേജുകളുമായിരുന്നു പ്രധാന പ്രഖ്യാപനങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more