കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ച നവജാതശിശുവിന്റെ ആദ്യഘട്ട ചികിത്സ വിജയകരം. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 48 മണിക്കൂറിന് ശേഷമായിരിക്കും ശസ്ത്രക്രിയ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മലപ്പുറം എടക്കര സ്വദേശികളായ ഷാജഹാന്റെയും ജംഷീലയുടെയും രണ്ടു ദിവസം പ്രായമായ കുഞ്ഞിനെയാണ് വിദഗ്ദ്ധ ചികിത്സക്കായി പെരിന്തല്‍ മണ്ണയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. ഹൃദയത്തിനും ശ്വാസകോശത്തിനും തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴല്‍ ഇല്ലാത്തതായിരുന്നു കുട്ടിയുടെ പ്രധാന പ്രശ്‌നം.
ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്.
ചികിത്സയ്ക്കായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ സഹായമഭ്യര്‍ത്ഥിച്ച് കൊണ്ട് കുട്ടിയുടെ ബന്ധു കമന്റ് ചെയ്യുകയായിരുന്നു.
തന്റെ അനുജത്തി ഇന്ന് ജന്മം നല്‍കിയ പെണ്‍കുഞ്ഞിന് വാല്‍വ് സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും കൊച്ചി അമൃത ഹോസ്പിറ്റലിലോ അല്ലെങ്കില്‍ ശ്രീചിത്തിരയിലോ കൊണ്ട് ചികിത്സ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ട് ജിയാസ് മാടശ്ശേരി എന്നയാളാണ് മന്ത്രിയുടെ പോസ്റ്റിന് കീഴില്‍ കമന്റിട്ടത്.
ഇതിന് മറുപടിയായി ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയുമെന്നും ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും കുഞ്ഞിനെ പ്രവേശിപ്പിച്ച പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നുമാണ് മന്ത്രി മറുപടി നല്‍കുകയായിരുന്നു.
സമയബന്ധിതമായി ഇടപെട്ട് കുട്ടിക്ക് വിദഗ്ദ ചികിത്സയൊരുക്കിയ ആരോഗ്യമന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു.